സംസ്ഥാന നേതൃത്വത്തിന്റെ വിയോജിപ്പിനിടയിലും പര്യടനം തുടരുന്ന ശശി തരൂര്‍ എം പിയുടെ നിലപാടിനെതിരെ യു ഡി എഫിനുള്ളില്‍ അതൃപ്തി പുകയുന്നു. രാഷ്ട്രീയമായി ഇടതു മുന്നണി സര്‍ക്കാരിനെതിരെ ഒറ്റക്കെട്ടായി നീങ്ങേണ്ട സമയത്ത് കോണ്‍ഗ്രസിനുള്ളില്‍ നിന്നുയരുന്ന വിഭാഗീയ പ്രവര്‍ത്തനങ്ങളില്‍ അസംതൃപ്തരാണ് ഘടക കക്ഷികള്‍. ശശി തരൂരുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനുള്ളിലുണ്ടായ വിഭാഗീയതയില്‍ മുസ്ലിം ലീഗ് തങ്ങളുടെ അതൃപ്തി പ്രകടിപ്പിച്ചു കഴിഞ്ഞു.
അതേസമയം കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കളുടെ സജീവ പിന്തുണയോടെ തരൂര്‍ പര്യടനം തുടരുകയാണ്. പ്രതിപക്ഷ നേതാവിന്റെ ജില്ലയായ എറണാകുളത്താണ് ഇന്ന് തരൂര്‍ പര്യടനം നടത്തിയത്. നേരത്തേ കോട്ടയത്തും പത്തനംതിട്ടയിലും തരൂര്‍ നടത്തിയ പര്യടനങ്ങള്‍ ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിക്കാതെയാണ് നടത്തിയതെന്ന പരാതിയാണ് കോണ്‍ഗ്രസ് ജില്ലാ നേതൃത്വങ്ങള്‍ ഉയര്‍ത്തിയത്. തങ്ങളെ അറിയിക്കാതെ നടത്തിയ പര്യടനത്തില്‍ നിന്ന് ഇരു ജില്ലയിലെ ഡി സി സി അധ്യക്ഷന്‍മാരും വിട്ടു നിന്നതോടെ പാര്‍ട്ടിയിലെ എതിര്‍പ്പ് മറ നീക്കി പുറത്തു വന്നിരുന്നു.
അതാത് ജില്ലാ നേതൃത്വങ്ങളുമായി കൂടിയാലോച്ച് വേണം പരിപാടികള്‍ സംഘടിപ്പിക്കാന്‍ എന്ന കെ പി സി സി അച്ചടക്ക സമിതിയുടെ നിര്‍ദ്ദേശം തരൂര്‍ പാലിക്കുന്നില്ലെന്ന വിമര്‍ശനമാണ് ഡി സി സികള്‍ ഉയര്‍ത്തുന്നത്. അതേസമയം തരൂര്‍ തന്റെ ഉദ്ദേശ്യം എന്താണെന്ന് അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം പറഞ്ഞു വെച്ചിട്ടുണ്ട്. ''എനിക്ക് ആരെയും പേടിയില്ല. ആരും എന്നെ പേടിക്കണ്ട. ഒരു സ്പോര്‍ട്സ്മാന്‍ സ്പിരിറ്റോടെ ഈ കാര്യങ്ങള്‍ എടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ചിലര്‍ എന്നെ സൈഡ് ബെഞ്ചില്‍ ഇരുത്താന്‍ ആഗ്രഹിച്ചു. പക്ഷെ എനിക്ക് മുന്നോട്ട് പോകാനാണ് ആഗ്രഹം' ഈ ഒരു വാചകത്തില്‍ നിന്നു തന്നെ താന്‍ പിന്നോട്ടില്ലെന്ന് തരൂരിന്റെ നിലപാട് വ്യക്തമാണ്.
മലബാര്‍ പര്യടനത്തിന് പിന്നാലെ നടത്തിയ മധ്യതിരുവിതാംകൂര്‍ പര്യടനത്തില്‍ തരൂരിന് കാര്യമായ പിന്തുണ ലഭിച്ചത് നേതൃത്വത്തെ അലോസരപ്പെടുത്തുന്നുണ്ട്. എ ഗ്രൂപ്പിനോട് കൂറ് പുലര്‍ത്തുന്ന നേതാക്കളും, ആന്റോ ആന്റണി എം പി, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍, പത്തനംതിട്ടയിലെ മുതിര്‍ന്ന നേതാക്കളായ പി മോഹന്‍രാജ് തുടങ്ങിയവര്‍ യാത്രയില്‍ ഉടനീളം തരൂരിന് പിന്തുണയുമായി നിന്നു. അതേസമയം ഐ ഗ്രൂപ്പിലെ നേതാക്കള്‍ തരൂരിന്റെ യാത്രയോട് സുരക്ഷിത അകലം പാലിക്കുകയും തരൂരിന്റെ പര്യടനം സംഘടനാ രീതിയിലുളളതല്ലെന്ന് പറയാതെ പറയുകയും ചെയ്യുന്നു. ഇതിനിടെയാണ് തരൂരിന്റെ ഒറ്റയാന്‍ നീക്കത്തിനെതിരെ യു ഡി എഫിനുള്ളിലും അസ്വാരസ്യം ഉയരുന്നത്.
ശശി തരൂരുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനുള്ളിലുണ്ടായ വിഭാഗീയതയില്‍ മുസ്ലിം ലീഗ് തങ്ങളുടെ അതൃപ്തി പരസ്യമായി പ്രകടിപ്പിക്കുന്ന സ്ഥിതിയുണ്ടായി. പ്രശ്‌നങ്ങള്‍ യുഡിഎഫ് മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുന്നതായി മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. പ്രശ്‌നങ്ങള്‍ അലോസരപ്പെടുത്തുന്നതാണെന്നും പ്രശ്‌നപരിഹാരം ഉടന്‍ വേണമെന്നും കഴിഞ്ഞ ദിവസം കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. സാധാരണ ഗതിയില്‍ കോണ്‍ഗ്രസിന്റെ വിഷയം അവര്‍ പരിഹരിക്കുമെന്ന നിലപാടിന് പകരം വിഷയത്തില്‍ ഗൗരവമായാണ് ലീഗ് നേതൃത്വം പ്രതികരിച്ചത്.
ഇടതു സര്‍ക്കാരിനെതിരെ ഉയര്‍ന്നു വന്ന വിവിധ വിഷയങ്ങളില്‍ ഏകാഭിപ്രായം രൂപീകരിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് മുന്നണിയെ നയിക്കുന്ന പാര്‍ട്ടിക്കുള്ളില്‍ പുതിയ വിഭാഗീയ ചര്‍ച്ചകള്‍ ഉയര്‍ന്നു വരുന്നത് എന്നതാണ് യു ഡി എഫിനെ അലട്ടുന്നത്. ശശിതരൂര്‍ ഉയത്തിയ പുതിയ വെല്ലുവിളി കോണ്‍ഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങളെയാകെ മാറ്റിമറിക്കുന്നതിലേക്കാണ് നീങ്ങുന്നത്. കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തരൂര്‍ മത്സരിച്ചപ്പോള്‍ ശക്തമായ വിമര്‍ശനമുയര്‍ത്തിയ കെ മുരളീധരന്‍ ഇപ്പോള്‍ തരൂരിന് അനൂകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. മുഖ്യമന്ത്രി പദം മോഹിക്കുന്നവരാണ് തരൂരിനെതിരായി നില്‍ക്കുന്നതെന്നും തരൂരിന്റെ കഴിവിനെ കോണ്‍ഗ്രസ് ഉപയോഗിക്കണമെന്നുമാണ് മുരളീധരന്റെ നിലപാട്. സര്‍ക്കാരിനെതിരെ നിരവധി വിഷയങ്ങളില്‍ ഒരുമിച്ചു നില്‍ക്കേണ്ട ഘട്ടത്തില്‍ കോണ്‍ഗ്രസിനുള്ളിലെ വിഭാഗീയത നിയമസഭയില്‍ യു ഡി എഫിനെ ദുര്‍ബലമാക്കുമോ എന്ന ആശങ്കയിലാണ് മുന്നണി നേതാക്കള്‍.
📚READ ALSO:
🔘ഇന്ത്യക്കാര്‍ക്ക് വിസാ രഹിത പ്രവേശനം യൂറോപ്യന്‍ രാജ്യമായ സെര്‍ബിയ അവസാനിപ്പിച്ചു
🔘"വെളളപ്പൊക്കം" ഫിലിപ്പീന്‍സില്‍ 46,000ത്തോളം പേര്‍ പാലായനം ചെയ്തു
🔘ഫ്രാൻസ്: സെൻട്രൽ പാരീസിൽ വെടിവയ്പ്പിൽ മൂന്ന് പേർ മരിച്ചു
🔘സൗജന്യ റേഷന്‍ വിതരണ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി: കേന്ദ്ര സര്‍ക്കാര്‍
🔘ചൈനയിൽ ആശുപത്രികളില്‍ മൃതദേഹങ്ങള്‍ നിറയുന്നു; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
🔘യുകെ - അയർലണ്ട് പതിവിലും മൂന്നിരട്ടി കുട്ടികളുടെ സ്കാർലറ്റ് ഫീവർ, ഇൻവാസിവ് സ്ട്രെപ്പ് A രോഗങ്ങൾ
🔘യുകെ: സഹായവുമായി കേന്ദ്ര മന്ത്രി വി.മുരളീധരൻ; ഇന്ത്യൻ ഹൈക്കമ്മീഷന് അടിയന്തര ഇടപെടലിന് നിർദ്ദേശം
🔔Follow www.dailymalayaly.com : NRI DAILY NEWS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.