ബഫര്‍ സോണ്‍ ലഭിച്ചത് 63,500 പരാതികള്‍; പരാതികള്‍ സമര്‍പ്പിക്കാനുള്ള സമയ പരിധി അവസാനിച്ചു,

തിരുവനന്തപുരം: ബഫര്‍ സോണ്‍ സംബന്ധിച്ച പരാതികള്‍ സമര്‍പ്പിക്കാനുള്ള സമയ പരിധി അവസാനിച്ചു. 63,500 പരാതികളാണ് ആകെ ലഭിച്ചത്. ഇതില്‍ 24,528 എണ്ണം പരിഹരിച്ചു. ബഫര്‍ സോണില്‍ പെടുന്ന നിര്‍മിതികളായി 28494 എണ്ണം ആപില്‍ അപ് ലോഡ് ചെയ്തു.ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത് പീച്ചി വൈല്‍ഡ് ലൈഫിന് കീഴിലാണ്.

ബഫര്‍ സോണിലുള്ള നിര്‍മിതികള്‍ കണ്ടെത്താനുള്ള ഫീല്‍ഡ് സര്‍വേ തുടരുകയാണ്. കേരള സ്റ്റേറ്റ് റിമോര്‍ട്ട് സെന്‍സിങ് ആന്റ് എന്‍വയോണ്‍മെന്റ് സെന്ററിന്റെ അസറ്റ് മാപ്പര്‍ ഉപയോഗിച്ച് ഇതുവരെ പുതുതായി കണ്ടെത്തിയ നിര്‍മിതികളില്‍ അപ് ലോഡ് ചെയ്തിരിക്കുന്നത് 18496 എണ്ണമാണ്. സെര്‍വര്‍ തകരാറു മൂലം കണ്ടെത്തിയ നിര്‍മിതികളില്‍ പലതും ചേര്‍ക്കാനായിട്ടില്ല.

പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനായി നിർദ്ദേശങ്ങൾ സമർപ്പിച്ച ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് ഉയർന്ന പ്രതിഷേധങ്ങൾക്ക് ശേഷമാണ് മലയോര മേഖലയെ ആശങ്കയിലാക്കി ബഫർ സോൺ വിവാദം ആളിക്കത്തുന്നത്. ഇടുക്കി, വയനാട് ഉൾപ്പെടെയുള്ള ജില്ലകളിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രതിഷേധം ശക്തിപ്പെടുകയാണ്. ബഫർ സോൺ എന്താണ്? ജനജീവിതത്തെ ഇത് എങ്ങനെ ബാധിക്കുന്നുവെന്നറിയാം.  

എന്താണ് പരിസ്ഥിതി ലോല പ്രദേശം അഥവാ ബഫർ സോൺ?

വന മേഖലയോട് ചേർന്ന് നടക്കുന്ന പ്രവർത്തനങ്ങൾ സംരക്ഷിത വനത്തിന് ദോഷകരമാകുന്ന സാഹചര്യമുണ്ടാക്കും. ഇത്തരം പ്രവർത്തനങ്ങൾ സംരക്ഷിത വനമേഖലയെ ബാധിക്കാതിരിക്കാൻ വനത്തിനും അതിന് പുറത്തുവരുന്ന നിർമ്മാണ പ്രവർത്തനങ്ങൾ ഉൾപ്പടെ നടത്താവുന്ന പ്രദേശങ്ങൾക്കും ഇടയിൽ വരുന്ന നിശ്ചിത വിസ്തീർണ്ണമുള്ള പ്രദേശമാണ് പരിസ്ഥിതി ലോലപ്രദേശം (ഇക്കോ സെൻസിറ്റീവ് സോൺ) അഥവാ ബഫർ സോൺ എന്ന് അറിയപ്പെടുന്നത്.

കേന്ദ്ര വനം, പരിസ്ഥിതി- കാലാവസ്ഥ വകുപ്പുകൾ ചേർന്ന് തയാറാക്കിയ ദേശീയ വന്യജീവി ആക്ഷന്‍ പ്ലാന്‍ വിജ്ഞാപനപ്രകാരം ദേശീയ ഉദ്യാനങ്ങളുടെയും വന്യജീവി സങ്കേതങ്ങളുടെയും അടുത്തുള്ള പത്തു കിലോമീറ്റര്‍ ചുറ്റളവ് പരിസ്ഥിതിലോല പ്രദേശമാണ്. മേഖലയുടെ പ്രാധാന്യം കണക്കിലെടുത്ത് പത്തുകിലോമീറ്ററോ അതിലധികമോ സംരക്ഷിതമാക്കണോ എന്ന് കേന്ദ്ര സര്‍ക്കാരിന് തീരുമാനിക്കാം.

വന്യജീവിസംരക്ഷണ നിയമം

മനുഷ്യരുടെ നിയന്ത്രണമില്ലാത്ത പ്രവർത്തനങ്ങൾ മറ്റു ജീവജാലങ്ങൾക്ക് ശല്യമാകാനും അവയുടെ ആവാസവ്യവസ്ഥയെ ബാധിക്കാനും തുടങ്ങിയപ്പോഴാണ് 1972ൽ രാജ്യത്ത് വന്യജീവി സംരക്ഷണ നിയമം നിലവിൽ വന്നത്. വന്യജീവികളുടെ സംരക്ഷണം കൂടുതൽ ശക്തമാക്കുക, വനം കൊള്ള തടയുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.

വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ സംരക്ഷണം നിയമം ഉറപ്പ് വരുത്തുന്നു. വന്യജീവി സംരക്ഷണ നിയമത്തിന്റെ സെക്ഷൻ ആറ് പ്രകാരം ഓരോ സംസ്ഥാനവും വന്യജീവികാര്യ ഉപദേശക സമിതിയെ രൂപവൽക്കരിക്കുകയും ആ  സമിതിയുടെ നിർദേശം അനുസരിച്ച് ദേശീയോദ്യാനം, സംരക്ഷിത പ്രദേശം, വന്യജീവി സങ്കേതം എന്നിവയുടെ വിസ്തൃതി നിർണ്ണയിക്കുകയും ചെയ്യണം.

സുപ്രീം കോടതിയുടെ ഉത്തരവും വിവാദങ്ങളും

ജൂൺ മൂന്നിന് സുപ്രീം കോടതി നൽകിയ നിർദേശവും അതിൽ സർക്കാർ സ്വീകരിക്കുന്ന നിലപാടുകളുമാണ് നിലവിലെ പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കിയത്. 2011ൽ  കേന്ദ്ര സർക്കാർ പുറത്തിറക്കിയ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും വന്യജീവി സങ്കേതങ്ങൾ ഉള്‍പ്പെടെയുള്ള സംരക്ഷിത വനമേഖലകളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവ് ബഫർ സോണാക്കി മാറ്റണമെന്നുമായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്.

ദേശീയ ഉദ്യാനങ്ങളും ഇതിൽപ്പെടുന്നു. ഇത് പരിസ്ഥിതി ലോല മേഖലയാകുന്നതോടെ ഇവിടെ ഒരു തരത്തിലുമുള്ള വികസന-നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഖനനവും അനുവദിക്കില്ലെന്നും ഉത്തരവില്‍ പറയുന്നു. മേഖലകളിൽ ഒരു കിലോമീറ്ററിലധികം ബഫർ സോൺ ഉണ്ടെങ്കിൽ അവിടെയും ഉത്തരവ് പാലിക്കണം.

നിലവിൽ ഈ മേഖലയിൽ നടക്കുന്ന പ്രവർത്തനങ്ങൾ തുടരണമെങ്കിൽ  അതതു സംസ്ഥാനത്തെ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ അനുമതി ആവശ്യമാണ്. ഈ മേഖലകളിലുള്ള കെട്ടിടങ്ങളുടെയും നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെയും റിപ്പോര്‍ട്ട്  സമര്‍പ്പിക്കണമെന്നും കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളോട് സുപ്രീം കോടതി നിര്‍ദേശിച്ചു. പുതുതായി സ്ഥിര നിർമിതികൾ ഈ മേഖലകളിൽ അനുവദിക്കില്ല.

വിഷയം സുപ്രീം കോടതിയിൽ എത്തിയത് എങ്ങനെ?

തമിഴ്‌നാട്ടിലെ നീലഗിരി വനഭൂമികൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം നിലമ്പൂർ സ്വദേശിയായ ടി.എന്‍.ഗോദവര്‍മന്‍ തിരുമുല്‍പ്പാട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് എൽ.നാഗേശ്വര റാവു അധ്യക്ഷനും ജസ്റ്റിസ് ബി.ആർ.ഗവായ്, ജസ്റ്റിസ് അനിരുദ്ധ ബോസ് എന്നിവർ അടങ്ങിയ മൂന്നംഗ ബഞ്ച് വിധി പുറപ്പെടുവിച്ചത്. ഗോദവര്‍മന്‍ തിരുമുല്‍പ്പാട് 1995ലാണ് കോടതിയെ സമീപിച്ചത്. 2016ൽ അദ്ദേഹം മരിച്ചെങ്കിലും ഹർജിയുമായി സുപ്രീം കോടതി മുമ്പോട്ടു പോകുകയായിരുന്നു.

എന്താണ് കേന്ദ്ര സർക്കാരിന്റെ 2011ലെ നിർദേശം?

കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പരിസ്ഥിതിലോല മേഖലകളിൽ മനുഷ്യരുടെ ഇടപെടൽ നിയന്ത്രിക്കുന്നതിന്റെ ഭാഗമായിയാണ് 2011ൽ ഇതുസംബന്ധിച്ച മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചത്. ഇത്തരം മേഖലകളിൽ മനുഷ്യരുടെ ഇടപെടൽ നിയന്ത്രിക്കുകയോ പൂർണമായി വിലക്കുകയോ ചെയ്യുന്ന രീതിയിലാണ് മാനദണ്ഡങ്ങൾ.

വനത്തിലെ ഖനനം, മലിനീകരണം സൃഷ്ടിക്കുന്ന വ്യവസായ സംരംഭങ്ങൾ, ജലവൈദ്യുത പദ്ധതികൾ എന്നിവയ്ക്ക് പൂർണമായും വിലക്ക് ഏർപ്പെടുത്തി. വനമേഖലയോട് ചേർന്ന പ്രദേശങ്ങളിൽ റിസോർട്ടുകൾ, ഹോട്ടലുകൾ സ്ഥാപിക്കുക, കൃഷി ഇടങ്ങളിലെ മാറ്റങ്ങൾ, പുതിയ ഇലക്ട്രിക് ലൈനുകൾ, കെട്ടിടങ്ങളുടെ മതിലുകൾ വേലികൾ, രാത്രിയിലെ റോഡ് ഗതാഗതം തുടങ്ങിയവ നിയന്ത്രിക്കും. കൃഷി, മഴവെള്ള സംഭരണം, ജൈവകൃഷി എന്നിവയ്ക്ക് തടസ്സമുണ്ടാകില്ല.

എന്താണ് ബഫർ സോണിലെ നിയന്ത്രണങ്ങൾ?

“പ്രാദേശികസമൂഹങ്ങളുടെ നിലവിലുള്ള കൃഷി, പഴം പച്ചക്കറിക്കൃഷി, കാലിവളർത്തൽ , ജലക്കൃഷി, മത്സ്യക്കൃഷി എന്നിവ നിലവിലുള്ള നിയമമനുസരിച്ചു തദ്ദേശീയ ജനങ്ങൾക്ക് അവരുടെ ഉപയോഗത്തിനു വേണ്ടി അനുവദിച്ചിരിക്കുന്നു” എന്നാണ് കേന്ദ്രത്തിന്റെ വിജ്ഞാപനത്തിലുള്ളത്. ഏതൊക്കെ കൃഷി എങ്ങനെയൊക്കെ നിയന്ത്രിക്കണമെന്ന് വൈൽഡ്‌ ലൈഫ് വാർഡൻ /ഡിഎഫ്ഒ അധികാരിയായ മോണിറ്ററിങ് കമ്മിറ്റി തീരുമാനിക്കുന്നത്.

റവന്യൂ ഭൂമിയിൽനിന്നോ സ്വകാര്യ കൈവശ സ്‌ഥലത്തുനിന്നോ മരം മുറിക്കാൻ ചുമതലപ്പെട്ട അധികാരിയുടെ അനുമതി വേണം. നിലവിൽ ചന്ദനം, ഈട്ടി, തേക്ക് മുതലായ മരങ്ങൾക്കു മാത്രമാണ് ഇപ്പോൾ പാസ് സംവിധാനം ഉള്ളത്. പറമ്പിലെ റബറും തെങ്ങും മുറിച്ചു മാറ്റുന്നതിനും മറ്റു കൃഷികൾ ചെയ്യുന്നതിനുപോലും അനുവാദം വാങ്ങേണ്ടി വരും.

കിണറുകൾ, കുഴൽകിണറുകൾ എന്നിവ കാർഷികേതര ആവശ്യത്തിന് ഉപയോഗിക്കുന്നത് അധികാരികളുടെ കർശന മേൽനോട്ടത്തിലായിരിക്കും. ആരാണ് അധികാരികൾ എന്നോ ആവശ്യം കാർഷികമാണോ അല്ലയോ എന്ന് എന്ത് അടിസ്ഥാനത്തിലാണ്  തീരുമാനിക്കുന്നതെന്നോ വ്യക്തമല്ല.

കൃഷി ചെയ്യാത്ത ഭൂമികളും അതിന്റെ ആവാസവ്യവസ്ഥകളും വീണ്ടെടുക്കുമെന്ന് എടുത്തു പറഞ്ഞിട്ടുണ്ട്. വന്യമൃഗശല്യം കാരണം കൃഷി നടക്കാത്ത ഇടങ്ങൾ ബഫർ സോണിൽ ഉൾപ്പെട്ടാൽ 2003ലെ പരിസ്ഥിതിലോല പ്രദേശ നിയമപ്രകാരം നഷ്ടപരിഹാരം നൽകാതെ വനമായി മാറ്റാനും കഴിയും.

ബഫര്‍സോണില്‍ നിലവിലുള്ള വനം നിയമങ്ങൾ ബാധകമാണ്. കേരള വനംവകുപ്പ് അഡ്മിനിസ്ട്രേറ്റീവ് റിപ്പോർട്ട് 2018 പ്രകാരം 36 നിയമങ്ങളും ചട്ടങ്ങളുമാണ് കേരള വനം വകുപ്പ് നടപ്പാക്കുന്നത്. ബഫർസോണുകളിൽ വനത്തിലേതിനു സമാനമായ നിയന്ത്രണങ്ങൾ വരും. മലഞ്ചെരുവുകളിലെ കാർഷികപ്രവൃത്തികൾ നിയന്ത്രണവിധേയമാകും. എന്നാല്‍ നിയന്ത്രണങ്ങൾ എന്തെന്ന് വ്യക്തമായി പറയുന്നില്ല.

ഉത്തരവ് തിരിച്ചടിയാകുന്നതെങ്ങനെ?

ബഫർ സോണുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ ഉത്തരവ് സംസ്ഥാനത്തിന് അനുകൂലമല്ലെന്ന് സംസ്ഥാന സർക്കാർ പറയുന്നു. ബഫർ സോണായി തിരിക്കേണ്ട മേഖലകളിൽ നിരവധി പേർ താമസിക്കുന്നുണ്ട്. പ്രതിഷേധങ്ങൾ ഉയരുന്നതോടെ വിഷയത്തില്‍ ഇളവ് തേടി സുപ്രീം കോടതിയെയും കേന്ദ്ര സര്‍ക്കാരിനെയും സമീപിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. കേന്ദ്ര സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കിയാല്‍ കേരളം അതില്‍ കക്ഷി ചേരാനും തീരുമാനിച്ചിട്ടുണ്ട്. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ ഒരേ മാനദണ്ഡം നിശ്ചയിച്ച് പരിസ്ഥിതി ലോല മേഖല നിശ്ചയിക്കാനാകില്ലെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്.

സർക്കാരിന്റെ ആദ്യ നിലപാട് ഇങ്ങനെ

വനപ്രദേ‍ശങ്ങൾക്ക് ചുറ്റുമുള്ള ഒരു കിലോ മീറ്റർ വരെയുള്ള ചുറ്റളവ് സംരക്ഷിത മേഖലയാക്കാമെന്ന് 2019ൽ ആദ്യ പിണറായി സർക്കാരിന്റെ മന്ത്രിസഭ യോഗത്തിൽ തീരുമാനിച്ചിരുന്നു. എന്നാൽ വിവാദങ്ങൾ ഉയർന്നതിനെതുടർന്നാണ് തീരുമാനം മാറ്റിയത്. പിന്നീട് സുപ്രീം കോടതി നിർദേശത്തിന്റെ പശ്ചാത്തലത്തിൽ റിവ്യു ഹർജി നൽകാൻ സർക്കാർ തീരുമാനിച്ചു. വനം മന്ത്രിയുടെ അധ്യക്ഷതയിൽ മൂന്ന് തവണ അവലോകന യോഗങ്ങൾ നടത്തി 23 സംരക്ഷിത വനപ്രദേശങ്ങളിൽ പഠനം നടത്താൻ തീരുമാനമെടുക്കുകയും ചെയ്തു.

ഉപഗ്രഹ സർവേ എന്തിനാണ്? അതിലെ പ്രശ്നങ്ങൾ എന്താണ് ?

വനത്തോട് ചേർന്നുള്ള ഒരു കിലോമീറ്റർ ചുറ്റളവിൽ ജനവാസ കേന്ദ്രങ്ങൾ സംബന്ധിച്ചും മറ്റുമുള്ള വിവരങ്ങൾ കണ്ടെത്തി റിപ്പോർട്ട് നൽകുന്നതിനാണ്  ഉപഗ്രഹ സർവേ നടത്തിയത്. എന്നാൽ ഇതിൽ അപാകതകൾ ഉണ്ടെന്ന്  വിമർശനം ഉയർന്നു. ഈ വിമർശനങ്ങൾ ശരിയാണെന്ന് വനം മന്ത്രിയും സമ്മതിച്ചിരുന്നു. നിലവിലെ ഈ സർവേ സുപ്രീ കോടതിയിൽ സമർപ്പിക്കേണ്ടതില്ല എന്നാണ് സംസ്ഥാന സർക്കാർ തീരുമാനം.

ഈ പ്രദേശങ്ങളിലെ  ജനവാസ മേഖലയും അവിടുത്തെ  ജനസംഖ്യയും കെട്ടിടങ്ങളുടെ എണ്ണവും കണ്ടെത്തണം. ഇതിൽ തീരുമാനമെടുക്കേണ്ടത് വിദഗ്ധ സമിതിയാണ്. ബഫർ സോണുമായി ബന്ധപ്പെട്ട പരാതികൾ കേൾക്കുന്നതിനായി  ജസ്‌റ്റിസ് തോട്ടത്തിൽ ബി.രാധാകൃഷ്‌ണൻ അധ്യക്ഷനായ സമിതി സർക്കാർ രൂപീകരിച്ചിട്ടുണ്ട്. ആ സമിതിയുടെ  കാലാവധി രണ്ടു മാസം കൂടി നീട്ടിയിട്ടുണ്ട്. ഫീൽഡ് സർവേ നടത്താനും തീരുമാനമായിട്ടുണ്ട്. വനം, തദ്ദേശം,റവന്യു വകുപ്പുകൾ ചേർന്ന് സർവേ നടത്തും.

ആലപ്പുഴ, കാസർകോട് ജില്ലകൾ ഒഴികെ സംസ്ഥാനത്തെ 12 ജില്ലകളെയും ബഫർ സോൺ ബാധിക്കുമെന്ന് ജനം കരുതുന്നു. ബഫർ സോണുകൾ വലിയ തോതിലുള്ള ജനവാസമേഖലകൾ കൂടിയാണ് എന്നത് പ്രശ്നത്തിന്റെ രൂക്ഷത വർധിപ്പിക്കുന്നു. ഉത്തരവിന് പിന്നാലെ സംസ്ഥാനത്തെ മലയോര മേഖലകളിൽ പ്രതിഷേധമുയർന്നിരുന്നു. ഇതിനെതിരെ കേരളത്തിൽ സമരരംഗത്തുള്ള കർഷകർക്ക് പ്രതിപക്ഷത്തുള്ള കോൺഗ്രസിന്റെയും ഭരണകക്ഷിയായ സിപിഎമ്മിന്റെയും പിന്തുണയുമുണ്ട്.

കേരള സ്വതന്ത്ര കർഷക സംഘടന (കെഐഎഫ്എ)യുടെ കണക്ക് പ്രകാരം കേരളത്തിലെ വന്യജീവി സങ്കേതങ്ങളുടെ ആകെ വിസ്തീർണം എട്ടു ലക്ഷം ഏക്കറാണ്. അതിന്റെ അതിർത്തികളിൽ നിന്ന് ഒരു കിലോമീറ്റർ ബഫർ സോൺ പ്രഖ്യാപിക്കുമ്പോൾ ഏകദേശം നാലു ലക്ഷം ഏക്കർ വിസ്തൃതിയിലെ മനുഷ്യവാസത്തെയും കൃഷിഭൂമിയെയും ഇത് ബാധിക്കുമെന്നാണ് അവരുടെ ആശങ്ക.

നിലവിൽ കേരളത്തിൽ 18 വന്യജീവി സങ്കേതങ്ങളും (രണ്ടു കടുവാ സങ്കേതങ്ങളും രണ്ടു പക്ഷി സങ്കേതങ്ങൾ ഒരു മയിൽ സങ്കേതം എന്നിവ ഇവയിൽ ഉൾപ്പെടുന്നു) ആറ് ദേശീയ ഉദ്യാനങ്ങളും ഉൾപ്പെടെ 24 സംരക്ഷിത വനപ്രദേശങ്ങളുണ്ട്. ഇവയുടെ ഓരോന്നിന്റെയും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഉത്തരവ് പ്രാബല്യത്തിൽ വന്നാൽ ബഫര്‍ സോണ്‍ വരും. ഈ സ്ഥലങ്ങളിൽ നിര്‍മ്മാണങ്ങള്‍ക്ക് നിയന്ത്രണം വരും.

സുപ്രീം കോടതി ഉത്തരവു പ്രകാരം 23 സ്ഥലത്തും പരിസ്ഥിതിലോല പ്രദേശം നിശ്ചയിച്ച് പഠനങ്ങൾ നടത്തണം.  മതികെട്ടാൻചോല ദേശീയോദ്യാനത്തിന്റെ അതിർത്തികൾക്ക് അന്തിമ വിജ്ഞാപനം വന്നിരുന്നു. ഇരവികുളം, സൈലന്റ് വാലി, വയനാട്, ഇടുക്കി, പീച്ചി വാഴാനി, പറമ്പിക്കുളം, ചൂലന്നൂർ മയിൽ സങ്കേതം, തട്ടേക്കാട്, പെരിയാർ കടുവ സങ്കേതം, കുമരകം പക്ഷിസങ്കേതം, പേപ്പാറ, നെയ്യാർ, മംഗളവനം പക്ഷി സങ്കേതം തുടങ്ങിയവ ഇവയിൽപ്പെടുന്നു.

കേന്ദ്ര നിലപാട്

പരിസ്ഥിതി ലോല മേഖല സംബന്ധിച്ച് വന്ന ഉത്തരവിന് പിന്നാലെ ജനവാസമേഖലകളിൽ വലിയ രീതിയിൽ ആശങ്ക ഉയരുന്നുണ്ട്. ഉത്തരവ് നടപ്പാക്കണമെന്ന് കേന്ദ്രത്തിന് പിടിവാശിയില്ലെന്നും സംസ്ഥാനങ്ങൾക്ക് അനുകൂലമായ വിധി നേടാനുള്ള ഇടപെടലുണ്ടാകുമെന്നും കേന്ദ്രം വ്യക്തമാക്കുന്നു. വിഷയത്തിൽ ഉന്നതാധികാരസമിതി വഴിയോ കേന്ദ്രം നേരിട്ടോ സുപ്രീം കോടതിയെ സമീപിക്കും.

കേന്ദ്രം പുനഃപരിശോധന ഹർജി നൽകുന്ന കാര്യം പരിഗണനയിലാണ്. ഉത്തരവ് പ്രായോഗികമായി നടപ്പാക്കുന്നതിൽ വലിയ വെല്ലുവിളിയുണ്ടെന്നാണ വനം പരിസ്ഥിതി മന്ത്രിയുടെയും വിലയിരുത്തൽ. ഉത്തരവ് മുംബൈ, ചെന്നൈ, ന്യൂഡൽഹി പോലുളള നഗരങ്ങളിലെ വികസനത്തെ ബാധിക്കുമെന്നും കേന്ദ്രം വ്യക്തമാക്കുന്നു.

സമയത്ത് പ്രവർത്തിക്കാത്ത സംസ്ഥാന സർക്കാർ

സുപ്രീം കോടതി ഉത്തരവ് സംബന്ധിച്ച് പരാതികളും നിർദേശങ്ങളും അറിയിക്കാൻ അവസരം നൽകിയെങ്കിലും കേരളം അതിന് കാര്യമായ പ്രധാന്യം കൊടുത്തില്ലെന്ന് ഗ്രീൻ കേരള മൂവ്മെന്റ്  പറയുന്നു.

മറ്റു സംസ്ഥാനങ്ങൾ സുപ്രീം കോടതി നിർദേശിച്ച സമയത്ത് ആവശ്യമായ നിർദേശങ്ങളും പരാതികളും സമർപ്പിക്കുകയും അവർക്ക് വേണ്ട മാറ്റങ്ങൾ കൊണ്ടുവരികയും ചെയ്തു. കേരളം അതിനുവേണ്ടി ശ്രമിക്കാത്തതാണ് പ്രശ്നങ്ങൾ രൂക്ഷമാകുന്നതെന്ന് അവർ  പറഞ്ഞു.

ഇത്രയും സമയപരിധി നൽകിയിട്ടും സർക്കാർ പ്രവർത്തിക്കാത്തതിനെ തിരെയാണ് പ്രതിഷേധമെന്ന് കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ഫാ.ജേക്കബ് ജി.പാലയ്ക്കാപ്പിള്ളി പറയുന്നു. ജനങ്ങൾക്ക് അനുകൂലമായി സർക്കാർ നേരത്തെ തീരുമാനമെടുക്കേണ്ടിയിരുന്നു. ഫീൽഡ് സർവേയ്ക്ക് സർക്കാർ സമ്മതിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പറഞ്ഞതിൽ വിശ്വാസമാണ്. അത് എങ്ങനെ പ്രാവർത്തികമാക്കുമെന്നാണ് ഇനി അറിയേണ്ടതെന്ന് ഫാ.ജേക്കബ് പറഞ്ഞു.

പ്രതിഷേധം സംസ്ഥാന സർക്കാരിനെതിരെ

ബഫർ സോൺ സംബന്ധിച്ച ഉത്തരവ് 2023 ജനുവരി 11ന് സുപ്രീം കോടതി പരിഗണിക്കാനിരിക്കേയാണ് വീണ്ടും പ്രതിഷേധം ശക്തമാകുന്നത്. ബഫർ സോൺ സംബന്ധിച്ച് പ്രസിദ്ധീകരിച്ച ഉപഗ്രഹ സർവേയാണ് പ്രതിഷേധത്തിന് കാരണമായത്. ജനവാസമേഖലകൾ ഒഴിവാക്കാനും ആവശ്യമായ നിർദേശങ്ങൾ സമർപ്പിക്കാനും പൊതുജനങ്ങൾക്ക് ഡിസംബർ 23 വരെയായിരുന്നു സമയം നൽകിയിരുന്നത് അത് ജനുവരി അഞ്ച് വരെ നീട്ടിയിട്ടുണ്ട്.

പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾ

ബഫർ സോണിൽ 14,619 കെട്ടിടങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്നും പ്രാദേശികമായ ഒരു പരിശോധനയും നടത്താതെയാണ് ബഫർ സോൺ  തയാറാക്കിയതെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിക്കുന്നത്. സംസ്ഥാനത്തെ പല ചെറുപട്ടണങ്ങളും ഗ്രാമങ്ങളും ബഫർ സോണിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരള ഹൈക്കോടതിക്ക് തൊട്ടടുത്തുള്ള മംഗളവനം പക്ഷിസങ്കേതത്തിന്റെ ബഫർ സോണിലുള്ള എല്ലാ നിർമിതികളും കൃത്യമായി മാപ്പിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. എന്നാൽ മറ്റു പലയിടത്തും ഈ കൃത്യതയില്ലെന്ന് സതീശൻ കുറ്റപ്പെടുത്തി.

ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഈ അഞ്ച് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

1. ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കാനാണെങ്കില്‍ 2019 ലെ മന്ത്രിസഭായോഗ തീരുമാനത്തെ തുടര്‍ന്ന് ജനവാസ മേഖലകളെ ഉള്‍പ്പെടുത്തി ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ രൂപീകരിക്കണമെന്ന ഉത്തരവിറക്കി കേന്ദ്ര സര്‍ക്കാരിനും സുപ്രീം കോടതിക്കും അയച്ചത് എന്തിന് വേണ്ടിയായിരുന്നു?

2. വിവാദ ഉത്തരവ് റദ്ദാക്കാതെ അവ്യക്തത നിറഞ്ഞ രണ്ടാമത്തെ ഉത്തരവിറക്കിയത് ആരെ സഹായിക്കാനാണ്?

3. റവന്യു-തദ്ദേശ വകുപ്പുകളെ സഹകരിപ്പിച്ച് മാനുവല്‍ സര്‍വേ നടത്താന്‍ തയാറാകാതെ ഉപഗ്രഹ സര്‍വെ നടത്തി ദുരൂഹത സൃഷ്ടിച്ചത് എന്തിന് വേണ്ടിയായിരുന്നു?

4. അവ്യക്തതകള്‍ നിറഞ്ഞ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് മൂന്നര മാസത്തോളം പൂഴ്ത്തിവച്ചതെന്തിന്?

5. ഉപഗ്രഹ റിപ്പോര്‍ട്ടില്‍ സുപ്രീം കോടതിയില്‍ നിന്ന് കേരള താല്‍പര്യത്തിന് വിരുദ്ധമായ തീരുമാനമുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി ഏറ്റെടുക്കുമോ? എന്നീ അഞ്ച് ചോദ്യങ്ങൾക്ക് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും മറുപടി ഉണ്ടാകണമെന്ന ആവശ്യമാണ് പ്രതിപക്ഷ നേതാവിന്റെ ഭാഗത്ത് നിന്നുഉണ്ടായത്.

കെസിബിസിയുടെ നിലപാട്

ജനവാസമേഖലകളും വനമേഖലകളും തമ്മിൽ അതിർത്തി പങ്കിടുന്ന സ്ഥലങ്ങളിൽ വനാതിർത്തി ഒരു കിലോമീറ്ററെങ്കിലും അകത്തേയ്ക്ക് മാറ്റണമെന്നും  കേരളാ കത്തോലിക്ക ബിഷപ്പ്സ് കൗൺസിൽ (കെസിബിസി)  ആവശ്യപ്പെടുന്നു. വിവരങ്ങൾ കൈമാറാനായി ഗ്രാമപഞ്ചായത്തുകളിൽ ഹെൽപ് ഡെസ്ക് സ്ഥാപിക്കണമെന്നും ഉദ്യോഗസ്ഥരും കർഷക പ്രതിനിധികളും അടങ്ങുന്ന ടാസ്ക് ഫോഴ്സിനെ നിയോഗിക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ നിലപാട്

വന്യജീവി സങ്കേതങ്ങൾ, ദേശീയ ഉദ്യാനങ്ങൾ എന്നിവയ്ക്ക് ചുറ്റും ബഫർ സോൺ (ഇക്കോ സെൻസിറ്റീവ് സോൺ) ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണകൾ സൃഷ്ടിക്കാൻ ചില ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും സംസ്ഥാനത്ത് ഇത്തരം പ്രദേശങ്ങളിൽ ജീവിക്കുന്ന ജനങ്ങളുടെ ജീവിതത്തെയും ജീവനോപാധിയെയും ബാധിക്കുന്ന ഒരു നടപടിയും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

സംസ്ഥാനത്തിൻറെ നിലപാട് വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങളുടെയും ദേശീയ പാർക്കുകളുടെയും പരിധിയിൽ വരുന്ന ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ഇക്കോ സെൻസിറ്റീവ് സോണുകളുടെ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നതാണ്. ബഫർസോൺ ആയി കോടതി നിശ്ചയിച്ച സ്ഥലങ്ങളിലെ താമസക്കാർക്കോ ക‌ർഷകർക്കോ യാതൊരുവിധത്തിലുള്ള ആശങ്കയും ഉണ്ടാകേണ്ടതില്ലെന്നും ഈ പ്രദേശങ്ങൾ ബഫർസോൺ ആക്കാൻ പ്രായോഗികമായുള്ള പ്രയാസങ്ങൾ സുപ്രീം കോടതിയെ ബോധ്യപ്പെടുത്തും.

ജനവാസ പ്രദേശങ്ങൾ വ്യക്തമാക്കി നിർമ്മാണങ്ങളുടെയും കെട്ടിടങ്ങളുടെയും കണക്കുകളും ഭൂപടം സഹിതമുള്ള തെളിവുകളും ഹാജരാക്കും. സുപ്രീം കോടതിയിൽ കേരളം ഫയൽ ചെയ്ത പുനഃപരിശോധന ഹർജി ഹിയറിങ്ങിന് വരുമ്പോൾ ഈ തെളിവുകൾ പൂർണ്ണ തോതിൽ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രശ്നപരിഹാരത്തിനായി സുപ്രീം കോടതി നിർദ്ദേശിച്ച എല്ലാ മാർ​ഗങ്ങളും സർക്കാർ തേടും. ഇത് സംബന്ധിച്ച് ബഫർ സോണിൽ പെടുന്ന പഞ്ചായത്തുകളിൽ ജനങ്ങളുടെ അഭിപ്രായം ശേഖരിക്കുവാനുള്ള സംവിധാനവും ഒരുക്കും. പൊതുജനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ നൽകാൻ തദ്ദേശ ഭരണസംവിധാനങ്ങൾ ഹെൽപ് ഡെസ്ക്കുകൾ തുറക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ബഫർ സോൺ ചർച്ചകൾ ആരംഭിച്ചത് യുഡിഎഫിന്റെ കാലത്ത്

രണ്ടാം യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് 2011 ഫെബ്രുവരി ഒൻപതിനാണ് വന്യജീവി സങ്കേതങ്ങള്‍, ദേശീയ ഉദ്യാനങ്ങള്‍ എന്നിവയ്ക്കുചുറ്റും കേന്ദ്ര സര്‍ക്കാരിന്‍റെ ബഫര്‍ സോണ്‍ പ്രഖ്യാപനം ഉണ്ടായത്. 2011ല്‍ കേരളത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ വന്നതിനുശേഷം ബഫര്‍ സോണിനെക്കുറിച്ച് പരിശോധിക്കുന്നതിന് സംസ്ഥാന വന്യജീവി ബോര്‍ഡിന്‍റെ മൂന്ന് ഉപ സമിതികള്‍ രൂപീകരിക്കുകയുണ്ടായി.

വി.ഡി സതീശന്‍, ടി.എന്‍ പ്രതാപന്‍, എന്‍.ഷംസുദ്ദീന്‍ എന്നീ യുഡിഎഫ് എംഎല്‍എമാരായിരുന്നു ഉപസമിതി അധ്യക്ഷന്മാര്‍. ഉപസമിതി സിറ്റിങ്ങുകള്‍ക്കും മറ്റും ശേഷം കേന്ദ്രം പറഞ്ഞ പത്ത് കിലോമീറ്ററിനും അപ്പുറം 12 കിലോമീറ്റര്‍ വരെ ബഫര്‍ സോണ്‍ വേണമെന്നാണ് പിന്നീട് യുഡിഎഫ് മന്ത്രിസഭ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തുടര്‍ന്ന് 2013 മേയ് എട്ടിന്‍റെ മന്ത്രിസഭാ യോഗത്തില്‍ ഫയല്‍ നമ്പര്‍ 12881/ഡി 2/2012 വനം, ഇനം നമ്പര്‍ 3443 ആയി ദേശീയ ഉദ്യാനങ്ങള്‍ക്കും നാഷണല്‍ പാര്‍ക്കുകള്‍ക്കും ചുറ്റും പൂജ്യം മുതല്‍ 12 കിലോമീറ്റര്‍ വരെ ബഫര്‍ സോണ്‍ പ്രഖ്യാപിക്കണമെന്ന് അന്നത്തെ സര്‍ക്കാര്‍ ഉമ്മന്‍ചാണ്ടി തീരുമാനിച്ചിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര വിദഗ്ദ സമിതി ആവശ്യപ്പെട്ട വിശദാംശങ്ങള്‍ സമയബന്ധിതമായി യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയില്ല. 2016ല്‍ അധികാരത്തിലെത്തിയ എല്‍ഡിഎഫ് സര്‍ക്കാര്‍ ആളുകളുടെ ജീവിതം, ഉപജീവനം എന്നിവയെ ബാധിക്കാത്ത വിധത്തില്‍ ബഫര്‍സോണ്‍ ഏര്‍പ്പെടുത്താനാണ് നിലപാടെടുത്തത്.

അതിനായി വിവിധ തലത്തിലുള്ള ചര്‍ച്ചകള്‍ സര്‍ക്കാര്‍ മുന്‍കൈയില്‍ നടത്തുകയും ചെയ്തു. ‘പൂജ്യം മുതല്‍ 12 കിലോമീറ്റര്‍ ‘ എന്നതില്‍ നിന്നും ബഫര്‍ സോണ്‍ പരിധി ‘പൂജ്യം മുതല്‍ ഒരു കിലോമീറ്റര്‍ വരെ’ നിജപ്പെടുത്തുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

📚READ ALSO:

🔘കോഴിക്കോട്:  61 ത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ആതിഥേയരായ കോഴിക്കോടിന് കീരീടം. 

🔘കോട്ടയം: സംഘാടക മികവുമായി സംസ്ഥാന വോളിബോൾ ചാമ്പ്യൻഷിപ്പ്

🔘യുകെ: പൊതുദർശനം: "ശനിയാഴ്ച 7/ 1/ 2023 രാവിലെ  10  മണിമുതൽ 12 മണിവരെ" മലയാളി നേഴ്സ് ,അഞ്ചുവിനും കുട്ടികൾക്കും വരുന്ന ശനിയാഴ്ച കെറ്ററിംഗിങ് സമൂഹം വിട നൽകും;

🔘 ഹവായി: അഗ്നി പർവതം വീണ്ടും സജീവമാകുന്നു; പാട്ട്, മന്ത്രം, നൃത്തം എന്നിവയുമായി ഹവായിക്കാർ 

🔘പാചകവാതകം കൊണ്ടുപോകുന്നത് കൂറ്റൻ പ്ലാസ്റ്റിക് കവറിൽ; പാകിസ്താനിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ

🔘കുവൈത്ത്:  കഴിഞ്ഞ വർഷം 30,000 പ്രവാസികളെ നാടുകടത്തി; ഭൂരിഭാഗവും ഇന്ത്യക്കാർ

🔘ലോൺ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ വീട് കയറി ആക്രമണം; പാലാ സ്വദേശികളടക്കം നാല് ഇസാഫ് ബാങ്ക് ജീവനക്കാർ അറസ്റ്റിൽ

🔘കാനഡ: വിദേശികൾക്ക് വീട് വാങ്ങുന്നതിന് നിയന്ത്രണം, ക്യുബെക്ക് വിദ്യാർത്ഥികൾക്ക് വർക്ക് പെർമിറ്റ് നൽകില്ല ഉൾപ്പെടെ, രാജ്യവ്യാപകമായി നടപ്പിലാക്കുന്ന നിയമങ്ങൾ 



🔘ഇന്ത്യക്കാര്‍ക്ക് വിസാ രഹിത പ്രവേശനം യൂറോപ്യന്‍ രാജ്യമായ സെര്‍ബിയ അവസാനിപ്പിച്ചു

🔘"വെളളപ്പൊക്കം" ഫിലിപ്പീന്‍സില്‍ 46,000ത്തോളം പേര്‍ പാലായനം ചെയ്തു

🔘ഫ്രാൻസ്:  സെൻട്രൽ പാരീസിൽ വെടിവയ്പ്പിൽ മൂന്ന് പേർ  മരിച്ചു

🔘സൗജന്യ റേഷന്‍ വിതരണ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി: കേന്ദ്ര സര്‍ക്കാര്‍

🔘 ശനിയാഴ്ച മുതൽ വിമാനത്താവളങ്ങളില്‍ കോവിഡ് പരിശോധന കര്‍ശനം,12 വയസ്സിനു താഴെ പ്രായമുള്ള കുട്ടികളെ ഒഴിവാക്കി ഇന്ത്യ; മാർഗരേഖ കാണുക

🔘"ഹോം കെയറർ, ബസ്-കോച്ച് ഡ്രൈവർമാർ, ഡയറി ഫാം അസിസ്റ്റന്റ്" ഇനി മുതൽ യൂറോപ്പിന് പുറത്തുനിന്ന്  തൊഴിൽ പെർമിറ്റിന് അർഹതയുണ്ട് - പുതിയ മാറ്റം 

🔘"ചൈന, ജപ്പാന്‍, അമേരിക്ക, കൊറിയ, ബ്രസീല്‍ - വീണ്ടും കൊവിഡ് കേസുകൾ വർധിക്കുന്നു" ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍

🔘യുകെ - അയർലണ്ട് പതിവിലും മൂന്നിരട്ടി കുട്ടികളുടെ സ്കാർലറ്റ് ഫീവർ, ഇൻവാസിവ് സ്ട്രെപ്പ് A   രോഗങ്ങൾ 

🔔Follow www.dailymalayaly.com  DAILY NEWS | The Nation and The Diaspora

JOIN 🔰🔰🔰🔰ഡെയിലി മലയാളി ന്യൂസ് : 
നാടിന്റെയും പ്രവാസിയുടെയും നേരിന്റെ സ്‌പന്ദനം 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !