JOIN 🔰🔰🔰🔰ഡെയിലി മലയാളി ന്യൂസ് :
നാടിന്റെയും പ്രവാസിയുടെയും നേരിന്റെ സ്പന്ദനം
കാസര്‍ഗോഡ് : ജനുവരി ഒന്നിന് ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടിയില്‍ സ്ഥിതിചെയ്യുന്ന ജുഡീഷ്യല്‍ ഡിസ്ട്രിക്റ്റ് കോടതിയുടെ 240-ാമത് ജഡ്ജിയായി ഒരു ഇന്ത്യാക്കാരന് സത്യപ്രതിജ്ഞ ചെയ്തു. ടെക്സാസിലെ ഇന്ത്യന്‍ വംശജനായ സുരേന്ദ്രന് കെ പട്ടേല്‍ ഉയര്‍ന്ന പദവിയിലേക്ക് ഉയരുമ്പോള്‍ കേരളത്തിനും അഭിമാനിക്കാം.
കാസര്‍ഗോഡ് ബീഡി തെറുപ്പ് ഫാക്ടറിയില്‍ നിന്നുമാണ് ടെക്സാസിലെ ന്യായാധിപനിലേക്ക് അദ്ദേഹം ഉയര്‍ന്നത്. ഒരു സാധാരണ കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന സുരേന്ദ്രന് കെ പട്ടേലിന്റെ ജീവിതകഥ അനേകര്‍ക്ക് പ്രചോദനമാണ്.
പഠനം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാതെ കൊടിയ ദാരിദ്ര്യം അനുഭവിച്ച കാലത്ത് ബീഡി ഫാക്ടറിയില്‍ അദ്ദേഹം ജോലി ചെയ്തിരുന്നു. പത്താം ക്ലാസിനു ശേഷം വിദ്യാഭ്യാസം തുടരേണ്ടതില്ലെന്ന് തീരുമാനിച്ച അദ്ദേഹം മുഴുവന്‍ സമയവും ബീഡി ചുരുട്ടുന്ന ജോലി തുടര്‍ന്നു. എന്നാല്‍ ആ കഠിനമായ കാലഘട്ടം അദ്ദേഹത്തിന്റെ കാഴചപ്പാട് മാറ്റുകയും ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും പഠനം പുനരാരംഭിക്കുകയും ചെയ്തു. തുടര്‍ന്ന് ഇ.കെ നായനാര്‍ മെമ്മോറിയല്‍ ഗവണ്മെന്റ് കോളേജിൽ ചേര്‍ന്നു. ആ സമയത്തും പട്ടേല്‍ തന്റെ ജോലി തുടര്‍ന്നുകൊണ്ടിരുന്നു. അതിനാല്‍ ഹാജര്‍ കുറവായതിൻ്റെ പേരിൽ പ്രൊഫസര്‍മാര്‍ അദ്ദേഹത്തെ പരീക്ഷ എഴുതാന്‍ അനുവദിച്ചില്ല. ഈ സമയത്ത് തനിക്ക് ഒരു അഭിഭാഷകനാകണമെന്ന് അദ്ദേഹം ആഗ്രഹിക്കുകയും, അവസരം നല്‍കണമെന്ന് അധ്യാപകരോട് അപേക്ഷിക്കുകയും ചെയ്തു.
നന്നായി സ്കോര്‍ ചെയ്തില്ലെങ്കില്‍ താന്‍ ഇത് ഉപേക്ഷിക്കുമെന്ന് അധ്യാപകരോട് അദ്ദേഹം പറഞ്ഞിരുന്നതായി ദി വീക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. പക്ഷേ ഫലം വന്നപ്പോള്‍ പട്ടേല്‍ ടോപ്പറായി. തുടര്‍ന്ന് അധ്യാപകര്‍ അദ്ദേഹത്തോട് വളരെയധികം സഹകരിക്കുകയും കോളേജില്‍ നിന്ന് ടോപ്പറായി പട്ടേല്‍ ബിരുദം സ്വന്തമാക്കുകയും ചെയ്തു.
പിന്നീട് കോഴിക്കോട് ഗവണ്മെന്റ് കോളജില്‍ എല്‍എല്‍ബി പഠിക്കാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും സാമ്പത്തികം പട്ടേലിന് മുമ്പില്‍ ഒരു വലിയ പ്രശ്നമായിരുന്നു. ആദ്യ വര്‍ഷത്തില്‍ സുഹൃത്തുക്കള്‍ തന്നെ സഹായിച്ചിരുന്നെന്ന് പട്ടേല്‍ പറയുന്നു. പിന്നീട് അദ്ദേഹം ഒരു ഹോട്ടലില്‍ ഹൗസ് കീപ്പിംഗ് ജോലി ചെയ്യാന്‍ തുടങ്ങി.
1995ല്‍ നിയമ ബിരുദം നേടിയ പട്ടേല്‍ 1996ല്‍ കാസര്‍ഗോഡെ ഹൊസ്ദുര്‍ഗില്‍ പ്രാക്ടീസ് ആരംഭിച്ചു. ക്രമേണ അദ്ദേഹം അറിയപ്പെടുന്ന ഒരു അഭിഭാഷകനായി മാറി. ഏകദേശം ഒരു ദശാബ്ദത്തിനു ശേഷം അദ്ദേഹം സുപ്രീം കോടതിയില്‍ പ്രാക്ടീസ് ആരംഭിച്ചു. നഴ്സായ പട്ടേലിന്റെ ഭാര്യയ്ക്ക് അമേരിക്കയിലെ ഒരു പ്രമുഖ മെഡിക്കല്‍ സ്ഥാപനത്തില്‍ ജോലി കിട്ടിയതോടെ 2007ല്‍ കുടുംബമായി അവര്‍ അമേരിക്കയിലേക്ക് പോയി.
തുടര്‍ന്ന് അമേരിക്കയിൽ സ്ഥിരതാമസാവകാശം നേടിയെടുത്ത് മക്കള്‍ക്കൊപ്പം ടെക്സാസിലെ ഹൂസ്റ്റണിലേക്ക് പട്ടേലും കുടുംബവും താമസം മാറി. യുഎസില്‍ എത്തിയ ശേഷം അവിടത്തെ നിയമ സ്കൂളിലെ പരീക്ഷയില്‍ ആദ്യ തവണ തന്നെ വിജയിച്ചിരുന്നു. പിന്നീട് യൂണിവേഴ്സിറ്റി ഓഫ് ഹൂസ്റ്റണ്‍ ലോ സെന്ററില്‍ നിന്ന് എല്‍എല്‍എം ബിരുദമെടുത്തു. നിയമ സംബന്ധമായ പ്രബന്ധങ്ങളും വോയിസ് ഓഫ് ഏഷ്യ പത്രത്തില്‍ വിവിധ വിഷയങ്ങളെപ്പറ്റി ഇന്ഗ്ലീഷ് ലേഖനങ്ങളും എഴുതിയിട്ടുണ്ട്. 2020-ലാണ് ജഡ്ജ് നിയമനത്തിനുള്ള ആദ്യ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്, പക്ഷേ പരാജയമാണ് നേരിട്ടത്. പാഠങ്ങള്‍ ഉള്‍ക്കൊണ്ട് രണ്ടാംവട്ട തെരഞ്ഞെടുപ്പിലാണ് വിജയം കൈപ്പിടിയില്‍ ഒതുക്കിയത്. അമേരികയിലെത്തി 15 വര്‍ഷം പിന്നിടുമ്പോഴാണ് നിയമ രംഗത്ത് ഉന്നത സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത്.
അന്താരാഷ്ട്ര നിയമമായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധാകേന്ദ്രം. 2011ല്‍ ബിരുദം നേടിയ പട്ടേല്‍ അതിനൊപ്പം കരാര്‍ ജോലികളും ചെയ്തു. കുടുംബ നിയമം, ക്രിമിനല്‍, പ്രതിരോധം, സിവില്‍, വാണിജ്യ വ്യവഹാരങ്ങള്‍, റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ എന്നിവയുമായി ബന്ധപ്പെട്ട കേസുകള്‍ എല്ലാം പട്ടേല്‍ കൈകാകാര്യം ചെയ്തു. പിന്നീട് സ്വന്തമായി ഒരു നിയമ സ്ഥാപനവും അദ്ദേഹം സ്ഥാപിച്ചു. ഇതിനിടയിലാണ് പുതിയ ദൗത്യം ഈ മലയാളിയെ തേടിയെത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.