ഇന്നത്തെ പ്രഭാത വാർത്തകൾ ഡെയ്‌ലി മലയാളി ന്യുസ്

  ;


ഇന്ത്യയില്‍ വാര്‍ത്താ നിരോധനം. ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ആരോപണം ഉന്നയിച്ച ബിബിസി വാര്‍ത്തകള്‍ ഇന്ത്യയില്‍ നിരോധിച്ചു. ബിബിസിയുടെ വിവാദ ഡോക്യുമെന്ററിയുടെ ലിങ്ക് നീക്കം ചെയ്യണമെന്ന് യൂട്യൂബിനും ട്വിറ്ററിനും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ബിബിസിയുടെ ഡോക്യുമെന്ററി ഷെയര്‍ ചെയ്തുള്ള ട്വീറ്റുകള്‍ ട്വിറ്റര്‍ നീക്കം ചെയ്തു.

◾കേരളത്തിന് എയിംസ് അനുവദിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ളോക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രധാനമന്ത്രിയുമായി ഇക്കാര്യം സംസാരിച്ചതാണ്. എന്നാല്‍ ലിസ്റ്റ് വന്നപ്പോള്‍ കേരളത്തിന്റെ പേരില്ല. കാലതാമസം വരുത്താതെ എയിംസ് അനുവദിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

◾ജാതി വിവേചനം കാണിച്ചെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ച കോട്ടയം കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ രാജിവച്ചു. രാജിക്കത്ത് ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണനു നല്‍കി. വിവാദങ്ങളുമായി രാജിക്ക് ബന്ധമില്ലെന്നും കാലാവധി തീര്‍ന്നതിനാല്‍ ഒഴിഞ്ഞതാണെന്നും ശങ്കര്‍ മോഹന്‍.

◾മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തെ മികച്ച ഗവേഷണത്തിന് സര്‍ക്കാര്‍ പുരസ്‌കാരം നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളജുകളിലെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ മേല്‍നോട്ടത്തില്‍ സംസ്ഥാനതല ഓഫീസ് ആരംഭിക്കും. സ്റ്റേറ്റ് ബോര്‍ഡ് ഓഫ് മെഡിക്കല്‍ റിസര്‍ച്ച്  വിപുലീകരിക്കും. 10 മെഡിക്കല്‍ കോളജുകളില്‍ പാലിയേറ്റീവ് കെയര്‍ പദ്ധതി ആരംഭിക്കും. ഇതിനായി ഓരോ മെഡിക്കല്‍ കോളജിനും 10 ലക്ഷം രൂപ വീതം അനുവദിക്കും. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍മാരുടേയും സൂപ്രണ്ടുമാരുടേയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

* ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിനു ഗവര്‍ണര്‍ അംഗീകാരം നല്‍കി. കേന്ദ്ര സര്‍ക്കാരിനെ അമിതമായി വിമര്‍ശിക്കാത്ത പ്രസംഗമാണ് ഇടതു സര്‍ക്കാര്‍ തയാറാക്കിയത്.

◾ലൈംഗിക അതിക്രമങ്ങള്‍ തടയാന്‍ സ്‌കൂള്‍തലം മുതല്‍ നടപടികള്‍ വേണമെന്ന് ഹൈക്കോടതി. മൂല്യവര്‍ധിത വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കണം. യുജിസിയും ഇക്കാര്യത്തില്‍ ഉചിതമായ മേല്‍നോട്ടം വഹിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

◾കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അഞ്ചു വര്‍ഷം മുമ്പു നടന്ന ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറില്‍ കത്രിക ഉപേക്ഷിച്ച സംഭവത്തില്‍ ശാസ്ത്രീയ അന്വേഷണം. കത്രിക ഫോറന്‍സിക് പരിശോധനയ്ക്കു വിധേയമാക്കും. ഇതിനായി ആഭ്യന്തര വകുപ്പിനു കത്രിക കൈമാറും.

◾ഒമ്പതു മാസം മുമ്പു പാര്‍ട്ടി കോണ്‍ഗ്രസിനായി സ്ഥാപിച്ച കൊടിമരം നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് സിപിഎമ്മിന് കണ്ണൂര്‍ കോര്‍പറേഷന്റെ നോട്ടീസ്. ജവഹര്‍ സ്റ്റേഡിയത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കു തടസമായി നില്‍ക്കുന്ന കൊടിമരം മാറ്റണമെന്നാണ് കോര്‍പറേഷന്റെ നിര്‍ദ്ദേശം.

◾സ്പെഷ്യല്‍ ബ്രാഞ്ച് എസ്ഐയെ ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കിയെന്ന പരാതിയില്‍ നേരത്തെ  സസ്പെന്‍ഷനിലായിരുന്ന മംഗലപുരം എഎസ്ഐ എസ് ജയനെ അറസ്റ്റു ചെയ്തു. ഇയാളെ ജാമ്യത്തില്‍ വിട്ടു.

◾സംസ്ഥാനത്തു ലഹരിക്കടത്ത്, ഗുണ്ടാ ക്രമിനല്‍ സംഘങ്ങള്‍ക്കു സിപിഎം നേതാക്കളും പോലീസുമാണു കുടപിടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പോലീസിലേയും പാര്‍ട്ടിയിലേയും ക്രമിനലുകള്‍ക്കെതിരേ നടപടിയെടുത്തില്ലെന്നു മാത്രമല്ല അവരെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിച്ചതെന്നും സതീശന്‍ കുറ്റപ്പെടുത്തി.

◾ലഹരിക്കേസില്‍ ആരോപണ വിധേയനായ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാനവാസിനെതിരെ നടപടി ആവശ്യപ്പെട്ട് ആലപ്പുഴ നഗരസഭയിലേക്കു നടന്ന യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. നിരവധി പേരെ അറസ്റ്റു ചെയ്തു.

◾പടയപ്പയെ പ്രകോപിച്ചെന്ന് ആരോപിച്ച് ഡ്രൈവര്‍ക്കെതിരെയുള്ള കേസ് പിന്‍വലിച്ചില്ലെങ്കില്‍ വനംവകുപ്പിന്റെ വാഹനങ്ങള്‍ റോഡില്‍ തടയുമെന്ന് സിപിഎം ഏരിയ സെക്രട്ടറി കെ കെ വിജയന്‍. എസിഎഫ് അടക്കമുള്ള വനപാലകര്‍ പങ്കെടുത്ത സര്‍വ്വകക്ഷിയോഗത്തിലാണ് ഏരിയ സെക്രട്ടറി മുന്നറിയിപ്പു നല്‍കിയത്. വൈകുന്നേരം സ്‌കൂള്‍ വിട്ടുവന്ന വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള വാഹനങ്ങള്‍ക്കു തടസമുണ്ടാക്കി റോഡില്‍ നിന്ന കാട്ടാനയെ അകറ്റാന്‍ ജീപ്പ് ഡ്രൈവര്‍ ഹോണ്‍ മുഴക്കിയതിനെതിരേ വനംവകുപ്പ് കേസെടുത്തത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

◾പൂരത്തിന് കരിങ്കാളി വേഷം കെട്ടി ആടിയ ഭക്തന്റെ ദേഹത്തേക്ക് തീ ആളിപടര്‍ന്നു. പൊള്ളലേറ്റ തൃത്താല കോട്ടപ്പാടം സ്വദേശി വാസുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചങ്ങരംകുളം കണ്ണേങ്കാവ് പൂരത്തിനിടെയാണ് നിലവിളക്കില്‍നിന്നു വേഷങ്ങളിലേക്ക് തീ പടര്‍ന്ന് പൊള്ളലേറ്റത്.

◾മകളോടു മോശമായി പെരുമാറിയതു ചോദ്യം ചെയ്തതിന് നാലംഗ മദ്യപ സംഘത്തിന്റെ മര്‍ദ്ദനമേറ്റ അച്ഛന്‍ ജീവനൊടുക്കി. ആയൂര്‍ സ്വദേശി അജയകുമാറാണ് ആത്മഹത്യ ചെയ്തത്.

◾തൃശൂരില്‍ ഒന്നരക്കോടി രൂപ വിലയുള്ള ഏഴു കിലോഗ്രാം ഹാഷിഷ് ഓയില്‍ പിടികൂടി. മയക്കുമരുന്നു കടത്തുകയായിരുന്ന കൂരിക്കുഴി സ്വദേശി ലസിത് റോഷനെ കൈപ്പമംഗലം കോപ്രക്കുളത്തുനിന്ന് അറസ്റ്റു ചെയ്തു.

◾രാജിവച്ച കോട്ടയം കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹനെതിരെ ഉയര്‍ന്ന ജാതി വിവേചന ആരോപണത്തെക്കുറിച്ചു പ്രതികരിക്കാതെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. പരാതി അന്വേഷിച്ച രണ്ടു സമിതികളും നല്‍കിയ റിപ്പോര്‍ട്ടുകളുടെയും ഉള്ളടക്കം ഒന്നായിരുന്നുവെന്നു മന്ത്രി പറഞ്ഞു.

◾ഇലന്തൂര്‍ നരബലിയിലെ റോസിലി കൊലക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കൊലക്കുറ്റത്തിനു പുറമെ മനുഷ്യക്കടത്ത്, കൂട്ട ബലാത്സംഗം, മൃതദേഹത്തോട് അനാദരവ് തുടങ്ങിയ കുറ്റങ്ങളും മൂന്ന് പ്രതികള്‍ക്കെതിരെയും ചുമത്തി. ഇരട്ട നരബലി കേസില്‍ വിചാരണക്കായി സ്പെഷ്യല്‍ പ്രോസിക്യൂട്ടറെയും നിയമിച്ചു.

◾തിരുവനന്തപുരം പാറ്റൂര്‍ ഗുണ്ടാ ആക്രമണക്കേസില്‍ ഗുണ്ടാനേതാവ് ഓം പ്രകാശിന്റെ വീട്ടില്‍ പൊലിസ് റെയ്ഡ്. കവടിയാറിലെ ഫ്ളാറ്റിന്റെ വാതില്‍ തകര്‍ത്താണ് പൊലീസ് അകത്തു കടന്നത്. കസ്റ്റഡിയിലുള്ള ഓം പ്രകാശിന്റെ ഡ്രൈവര്‍ ഇബ്രാഹിം റാവുത്തര്‍, സല്‍മാന്‍ എന്നിവരെയും തെളിവെടുപ്പിന് എത്തിച്ചിരുന്നു.

◾എറണാകുളം കോതമംഗലത്ത് ബന്ധുക്കളായ രണ്ടു കുട്ടികള്‍ പൂയംകുട്ടി പുഴയില്‍ മുങ്ങിമരിച്ചു. പൂയംകുട്ടിക്ക് സമീപം കണ്ടന്‍പാറ ഭാഗത്താണ് അപകടം ഉണ്ടായത്. കുട്ടമ്പുഴ കൂവപ്പാറ സ്വദേശി അലി (17), വണ്ണപ്പുറം സ്വദേശി ആബിദ് (14) എന്നിവരാണ് മുങ്ങി മരിച്ചത്.

◾വീട്ടമ്മയുടെ നഗ്നചിത്രങ്ങള്‍ വ്യാജ അക്കൗണ്ടുകള്‍ വഴി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച ചങ്ങനാശ്ശേരി സ്വദേശികളായ രണ്ടു പേരെ വള്ളികുന്നം പൊലീസ് അറസ്റ്റു ചെയ്തു. ചങ്ങനാശ്ശേരി കങ്ങഴ മുടന്താനം മണിയന്‍കുളം വീട്ടില്‍ സിയാദ് (35), ഇയാളുടെ കൂട്ടുകാരനും അയല്‍വാസിയുമായ പദലില്‍ അബ്ദുള്‍ സലാം (39) എന്നിവരാണ് പ്രതികള്‍.

◾പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ 'ഇന്ത്യ ദി മോദി ക്വസ്റ്റ്യന്‍' ഡോക്യുമെന്ററി സംപ്രേക്ഷണം ചെയ്ത ബിബിസിക്കെതിരെ 302 പ്രമുഖര്‍ ഒപ്പിട്ട് കത്ത്. റിട്ടയേഡ് ജഡ്ജിമാരും റോ ഉദ്യോഗസ്ഥരും അംബാസിഡര്‍മാരും  ഒപ്പിട്ടിട്ടുണ്ട്. 'നമ്മുടെ നേതാവിനൊപ്പം, ഇന്ത്യക്കൊപ്പം ഇപ്പോഴല്ലെങ്കില്‍ പിന്നെയില്ല' എന്ന തലക്കെട്ടോടെയാണ് കുറിപ്പ്. സ്വതന്ത്ര്യ സമര കാലത്തെ ബ്രിട്ടീഷ് രീതിപോലെ ഭിന്നിപ്പിച്ച് ഭരിക്കാനാണു ബിബിസിയുടെ ശ്രമമെന്നും കത്തില്‍ ആരോപിക്കുന്നു.

◾ഇന്ത്യയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സെന്‍സര്‍ഷിപ്പ് ആരംഭിച്ചെന്ന് കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ്. 2002 ല്‍ മോദിക്കെതിരേ മുന്‍പ്രധാനമന്ത്രി വാജ്പേയി രാജധര്‍മത്തെക്കുറിച്ച് ഓര്‍മിപ്പിച്ച പഴയ വീഡിയോ പങ്കുവച്ചുകൊണ്ടാണ് പ്രതികരണം. വിമര്‍ശനങ്ങളെ നിരോധനത്തിലൂടെയല്ല നേരിടേണ്ടതെന്നും ജയറാം രമേശ്.

◾നായയെ പട്ടിയെന്നു വിളിച്ചതിന് തമിഴ്നാട്ടില്‍ വൃദ്ധനെ നായയുടെ ഉടമയായ ബന്ധു കുത്തിക്കൊന്നു. ദിണ്ടിഗല്‍ ജില്ലയിലെ മരവപ്പട്ടിയിലാണ് സംഭവം. കൃഷി സ്ഥലത്തുനിന്ന് മടങ്ങുകയായിരുന്ന വൃദ്ധന്‍ ആക്രമിക്കാന്‍ വന്ന നായകളെ പട്ടി എന്ന് വിളിച്ച് ആട്ടിയോടിച്ചതായിരുന്നു. ഇതുകണ്ട നായയുടെ ഉടമ ദാനിയേല്‍ ആക്രമിക്കുകയായിരുന്നു. മരവപ്പട്ടിക്കു സമീപമുള്ള ഉലഗപട്ടിയാറിലെ രായപ്പനാണു കൊല്ലപ്പെട്ടത്. ബന്ധുവായ ശവരിയമ്മാളിന്റെ മകന്‍ ദാനിയേലിനെ അറസ്റ്റു ചെയ്തു.

◾കാഷ്മീര്‍ 'പാകിസ്ഥാന്റെ ദേശീയ പ്രശ്നം' ആണെന്ന് ഐക്യരാഷ്ട്രസഭ ആഗോള ഭീകരനായി പ്രഖ്യാപിച്ച ലഷ്‌കര്‍-ഇ-തൊയ്ബ  ഭീകരന്‍ അബ്ദുള്‍ റഹ്‌മാന്‍ മക്കി. ലാഹോറിലെ കോട് ലഖ്പത് ജയിലില്‍ കഴിയുകയാണ് ഇയാള്‍. അല്‍-ഖ്വയ്ദയുമായോ ഇസ്ലാമിക് സ്റ്റേറ്റുമായോ യാതൊരു ബന്ധവും തനിക്കില്ലെന്നും ഇയാളുടെ വീഡിയോയില്‍ പറയുന്നു.

◾ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരായ ലൈംഗിക അതിക്രമ ആരോപണങ്ങള്‍ നിഷേധിച്ച് ദേശീയ ഗുസ്തി ഫെഡറേഷന്‍. ലൈംഗിക അതിക്രമം നടന്നിട്ടില്ലെന്ന് ഫെഡറേഷന്‍ കായിക മന്ത്രാലയത്തിന് വിശദീകരണം നല്‍കി. പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ വ്യക്തിതാല്‍പര്യങ്ങളാണെന്നാണ് ഫെഡറേഷന്‍ നിലപാട്.

◾ദേശീയ ഗുസ്തി ഫെഡറേഷന്റെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവച്ചു. ഗുസ്തി ഫെഡറേഷന്‍ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറെ സസ്പെന്‍ഡു ചെയ്തു. പ്രതിഷേധക്കാര്‍ക്കെതിരേ വിമര്‍ശിച്ചതിനാണ് നടപടി. ലൈംഗിക അതിക്രമ  ആരോപണത്തിന് തെളിവില്ലെന്നും വ്യക്തിവിരോധമാണെന്നുമാണ് തോമര്‍ വിമര്‍ശിച്ചത്.

◾ന്യൂസിലാണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് അനായാസ ജയം, ഒപ്പം പരമ്പര വിജയവും. രണ്ടാം ഏകദിനത്തില്‍ എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 109 റണ്‍സ് വിജയലക്ഷ്യം 20.1 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. നേരത്തെ ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ഇന്ത്യ 34.3 ഓവറില്‍ ന്യൂസീലന്‍ഡിനെ വെറും 108 റണ്‍സിന് പുറത്താക്കിയിരുന്നു.

◾യെസ് ബാങ്കിന്റെ അറ്റാദായത്തില്‍ 81 ശതമാനം ഇടിവ്. നടപ്പ് സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ 52 കോടി രൂപയാണ് ബാങ്കിന്റെ അറ്റാദായം. മുന്‍വര്‍ഷം ഇതേകാലയളവില്‍ 266 കോടി രൂപയായിരുന്നു അറ്റാദായം. രണ്ടാം പാദത്തെ അപേക്ഷിച്ച് അറ്റാദായം ഇടിഞ്ഞത് 66 ശതമാനം ആണ്. ജൂലൈ-ഓഗസ്റ്റ് കാലയളവില്‍ അറ്റാദായം 153 കോടിയായിരുന്നു. അതേ സമയം ബാങ്കിന്റെ അറ്റ പലിശ വരുമാനം 12 ശതമാനം ഉയര്‍ന്ന് 1971 കോടിയിലെത്തി. 1143 കോടി രൂപയാണ് ബാങ്കിന്റെ പലിശേതര വരുമാനം. അറ്റ വരുമാനം 24 ശതമാനം ഉയര്‍ന്ന് 1143 കോടിയിലെത്തി. പ്രവര്‍ത്തന ചെലവുകള്‍ 24.5 ശതമാനം ഉയര്‍ന്ന് 2200 കോടിയായി. യെസ് ബാങ്കിലെ ആകെ നിക്ഷേപങ്ങള്‍ 2,13,608 കോടി രൂപയുടേതാണ്. ഇക്കാലയളവില്‍ മൊത്തം നിഷ്‌ക്രിയ ആസ്തികളുടെ തോത് 14.7ല്‍ നിന്ന് 2 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ ഡിസംബറില്‍ 48,000 കോടിയുടെ കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കാനായി ജെ.സി ഫ്ലവേഴ്‌സ് അസറ്റ് റീകണ്‍സ്ട്രക്ഷന് ബാങ്ക് കൈമാറിയിരുന്നു. 11,183 കോടി രൂപയാണ് ഈ വകയില്‍ ബാങ്കിന് ലഭിക്കുന്നത്.


📚READ ALSO





🔘കാസര്‍ഗോഡ്: ബീഡി തെറുത്ത് ജീവിച്ച പയ്യൻ, ടെക്സാസിലെ ജഡ്ജി; കേരളത്തിനും അഭിമാനിക്കാം; പ്രചോദനമായി സുരേന്ദ്രന്‍ കെ പട്ടേല്‍

🔘"കൗമാര കുതൂഹലങ്ങളുടെ ഭക്ഷണത്തില്‍ പോലും വര്‍ഗീയതയുടെയും ജാതീയതയുടെയും വിഷവിത്തുകള്‍" - ഇനിയില്ലെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി

🔘കേരളം: അറിഞ്ഞിരിക്കാം ലെയിൻ ട്രാഫിക് !!! പിഴ ഒടുക്കേണ്ടി വരും 

🔘പാചകവാതകം കൊണ്ടുപോകുന്നത് കൂറ്റൻ പ്ലാസ്റ്റിക് കവറിൽ; പാകിസ്താനിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ

🔘കുവൈത്ത്:  കഴിഞ്ഞ വർഷം 30,000 പ്രവാസികളെ നാടുകടത്തി; ഭൂരിഭാഗവും ഇന്ത്യക്കാർ

🔘ലോൺ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ വീട് കയറി ആക്രമണം; പാലാ സ്വദേശികളടക്കം നാല് ഇസാഫ് ബാങ്ക് ജീവനക്കാർ അറസ്റ്റിൽ

🔘കാനഡ: വിദേശികൾക്ക് വീട് വാങ്ങുന്നതിന് നിയന്ത്രണം, ക്യുബെക്ക് വിദ്യാർത്ഥികൾക്ക് വർക്ക് പെർമിറ്റ് നൽകില്ല ഉൾപ്പെടെ, രാജ്യവ്യാപകമായി നടപ്പിലാക്കുന്ന നിയമങ്ങൾ 


🔘ഇന്ത്യക്കാര്‍ക്ക് വിസാ രഹിത പ്രവേശനം യൂറോപ്യന്‍ രാജ്യമായ സെര്‍ബിയ അവസാനിപ്പിച്ചു

🔘സൗജന്യ റേഷന്‍ വിതരണ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി: കേന്ദ്ര സര്‍ക്കാര്‍

🔘 ശനിയാഴ്ച മുതൽ വിമാനത്താവളങ്ങളില്‍ കോവിഡ് പരിശോധന കര്‍ശനം,12 വയസ്സിനു താഴെ പ്രായമുള്ള കുട്ടികളെ ഒഴിവാക്കി ഇന്ത്യ; മാർഗരേഖ കാണുക

🔘"ഹോം കെയറർ, ബസ്-കോച്ച് ഡ്രൈവർമാർ, ഡയറി ഫാം അസിസ്റ്റന്റ്" ഇനി മുതൽ യൂറോപ്പിന് പുറത്തുനിന്ന്  തൊഴിൽ പെർമിറ്റിന് അർഹതയുണ്ട് - പുതിയ മാറ്റം 




🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !