◾മിന്നല്‍ ഹര്‍ത്താല്‍ അക്രമങ്ങളില്‍ നാശനഷ്ടം വരുത്തിയതിനു സ്വത്തു കണ്ടുകെട്ടിയവര്‍ക്കു പോപ്പുലര്‍ ഫ്രുണ്ടുമായുള്ള ബന്ധവും ഹര്‍ത്താലില്‍ അക്രമം നടത്തിയതിന്റെ വിവരവും ജപ്തി ചെയ്ത വസ്തു വകകളുടെ വിശദാംശങ്ങളും അറിയിക്കണമെന്നു ഹൈക്കോടതി. 248 പേരുടെ സ്വത്തു ജപ്തിചെയ്തെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ മലപ്പുറത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകന്റെ വീടും ഹര്‍ത്താലിന് അഞ്ചു മാസംമുമ്പേ കൊല്ലപ്പെട്ട പാലക്കാട്ടെ എസ്ഡിപിഐ പ്രവര്‍ത്തകന്റെ വീടും ജപ്തി ചെയ്തതു വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് കോടതി കൂടുതല്‍ കൃത്യമായ വിവരങ്ങള്‍ ആരാഞ്ഞത്. കക്ഷി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് ജപ്തിക്കിരയായ മലപ്പുറത്തെ ലീഗ് പ്രവര്ത്തകന് യൂസഫ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
◾ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പങ്കുണ്ടെന്ന് ആരോപിച്ച ബിബിസി ഡോക്യുമെന്ററിയുടെ പ്രദര്‍ശനത്തെച്ചൊല്ലി സംഘര്‍ഷം. ഡല്‍ഹിയിലും തിരുവനന്തപുരത്തും കൊച്ചിയിലും പാലക്കാട്ടും പ്രദര്‍ശനം തടയാന്‍ ബിജെപി പ്രവര്‍ത്തകര്‍ എത്തിയതോടെയാണ് സംഘര്‍ഷമുണ്ടായത്. ഡല്‍ഹി ജെഎന്‍യുവിലും തിരുവനന്തപുരത്ത് പൂജപ്പുര തിരുമല റോഡിലും ഏറ്റുമുട്ടലുണ്ടായി. ഡല്‍ഹിയില്‍ രാത്രി ഒമ്പതോടെ പ്രദര്‍ശനം ആരംഭിക്കാനിരിക്കേ എട്ടരയ്ക്കു വൈദ്യുതി ബന്ധം വിച്ഛേദിച്ചു. മൊബൈല്‍ ഫോണിലൂടേയും ലാപ്ടോപ്പിലൂടെയും ബിബിസി ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. എബിവിപി, ബിജെപി പ്രവര്‍ത്തകര്‍ കല്ലേറു നടത്തി. നിരവധി പേര്‍ക്കു പരിക്കേറ്റു. വന്‍ പോലീസ് സന്നാഹം ഇവിടെയുണ്ട്. പൂജപ്പുര തിരുമല റോഡില്‍ പ്രതിഷേധക്കാര്‍ക്കുനേരെ പൊലീസ് നാലു തവണ ജലപീരങ്കി പ്രയോഗിച്ചു. പൂജപ്പുരയില്‍ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിലാണ് പ്രദര്‍ശനം ഒരുക്കിയത്.
◾പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ഈ മാസം 31 ന് വിരമിക്കും. ഐഎഎസ് ഉദ്യോഗസ്ഥ തലത്തില്‍ അഴിച്ചു പണി. സാംസ്കാരിക വകുപ്പു പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്ജിനെ സാമൂഹിക നീതി വകുപ്പില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു. സഹകരണവകുപ്പ് സെക്രട്ടറിയായ മിനി ആന്റണിക്ക് സാംസ്കാരിക വകുപ്പിന്റെ അധിക ചുമതല. തുറമുഖ വകുപ്പ് സെക്രട്ടറിയായിരുന്ന കെ. ബിജുവിനെ പൊതുമരാമത്ത് വകുപ്പിലേക്കു മാറ്റി. കൃഷി വകുപ്പ് സെക്രട്ടറി ഡോ.ബി. അശോകിന് കാര്‍ഷികോല്‍പ്പാദന കമ്മീഷണറുടെ അധിക ചുമതല. എം. ശിവശങ്കര്‍ വഹിച്ചിരുന്ന കായിക- യുവക്ഷേമ വകുപ്പുകളുടെ ചുമതല പ്രണവ് ജ്യോതിനാഥിന് നല്കി. പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന അജിത് കുമാറിനെ തൊഴില്‍ വകുപ്പിലേക്കു മാറ്റി.
◾ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ അടപ്പിച്ച സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഭക്ഷ്യ സുരക്ഷാ പരിശീലനം നിര്‍ബന്ധമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജീവനക്കാര്‍ പരിശീലനം നേടിയശേഷമേ സ്ഥാപനം തുറക്കാവൂവെന്നു മന്ത്രി.
◾തെക്കന്‍ കേരളത്തിലും വടക്കന്‍ കേരളത്തിലെ മലയോര മേഖലകളിലും ശക്തമായ മഴയ്ക്കു സാധ്യത. തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. മഡഗാസ്കറിനു സമീപമുണ്ടായ ചുഴലിക്കാറ്റാണ് മഴയ്ക്ക് അനുകൂലമായ സാഹചര്യം ഒരുക്കിയത്. ബംഗാള്‍ ഉള്‍ക്കടലില്‍നിന്ന് ഈര്‍പ്പമുള്ള കാറ്റ് വീശുന്നതും മഴയ്ക്കു കാരണമാകും.
◾പതിനേഴു മാസത്തെ ശമ്പള കുടിശിക എട്ടര ലക്ഷ രൂപ അനുവദിക്കണമെന്ന അപേക്ഷ അംഗീകരിച്ചാണ് സംസ്ഥാന യുവജന കമ്മീഷന് അധ്യക്ഷ സ്ഥാനത്ത് ചിന്ത ജെറോമിന് സംസ്ഥാന സര്‍ക്കാര്‍ പണം നല്‍കിയതെന്നു വ്യക്തമാക്കുന്ന രേഖ പുറത്ത്. ശമ്പളം അനുവദിച്ചുകൊണ്ടു സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിലാണ് ഈ വിവരം. താന്‍ ശമ്പള കുടിശിക ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു ചിന്ത ജെറോമിന്റെ വാദം.
◾സംസ്ഥാന യുവജന കമ്മീഷന് അധ്യക്ഷ ചിന്ത ജെറോമിന് ശമ്പള കുടിശ്ശിക അനുവദിച്ചത് വിവേചനമെന്ന് യുവജന കമ്മീഷന് മുന്‍ അധ്യക്ഷന്‍ ആര്.വി രാജേഷ്. തന്റെ ശമ്പളം നിശ്ചയിക്കണമെന്ന ഹൈക്കോടതി ഉത്തരവ് സര്‍ക്കാര്‍ നടപ്പാക്കിയില്ലെന്ന് രാജേഷ് കുറ്റപ്പെടുത്തി.
◾തിരുവനന്തപുരത്ത് കഴക്കൂട്ടം കാരോട് റോഡില്‍ മേല്‍പാലം ആവശ്യപ്പെട്ട് പ്രതിഷേധ ധര്‍ണ നടക്കവെ സ്റ്റേജ് തകര്‍ന്ന് വീണു. നെയ്യാറ്റിന്‍കര മണ്ണക്കല്ലില്‍ കെ ആന്‍സലര്‍ എംഎല്‍എ ധര്‍ണ ഉദ്ഘാടനം ചെയ്തതിനു പിറകേയാണ് സ്റ്റേജ് തകര്‍ന്നത്. ആര്‍ക്കും പരിക്കില്ല.
◾അടിയന്തരാവസ്ഥക്കാലത്ത് ആന്‍ഡമാനിലെ സെല്ലുലാര്‍ ജയില്‍ സൂപ്രണ്ടായിരുന്ന മുന്‍ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ എ.കെ. പത്മനാഭന് നമ്പ്യര്‍ എന്ന എ.കെ.പി നമ്പ്യാര്‍ അന്തരിച്ചു. 95 വയസായിരുന്നു. തലശേരി കാവുംഭാഗത്തെ വസതിയിലായിരുന്നു അന്ത്യം.
◾കളമശേരിയില്‍ 500 കിലോ പഴകിയ ഇറച്ചി പിടികൂടിയ സംഭവത്തില്‍ പിടിയിലായ ജുനൈസ് വധശ്രമക്കേസ് അടക്കമുള്ള ക്രിമിനല്‍ കേസുകളിലും പ്രതിയാണെന്ന് പൊലീസ്. ഇയാളുടെ പേരില്‍ മണ്ണാര്‍ക്കാട് പൊലീസ് സ്റ്റേഷനില്‍ അഞ്ചു കേസുകളുണ്ടെന്നു പൊലീസ് പറഞ്ഞു.
◾ഗുജറാത്ത് കലാപത്തെക്കുറിച്ചു ബിബിസി നിര്‍മിച്ച വിവാദ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നതിന് കണ്ണൂര്‍ സര്‍വ്വകലാശാല അനുമതി നിഷേധിച്ചെങ്കിലും എസ്എഫ്ഐ പ്രവര്‍ത്തകര്‍ വരാന്തയില്‍ പ്രദര്‍ശിപ്പിച്ചു. സെമിനാര്‍ ഹാളില്‍ പ്രദര്‍ശനം നടത്താനാണ് എസ്എഫ്ഐ അനുമതി തേടിയത്.
◾പ്രധാനമന്ത്രിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിയുടെ പ്രദര്‍ശനം തടയേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. ജനാധിപത്യ സമൂഹത്തില്‍ ആശയങ്ങള്‍ നിഷേധിക്കരുതെന്ന് എം വി ഗോവിന്ദന് പറഞ്ഞു.
◾ഇന്ത്യയിലുള്ളവര്‍ ഇന്ത്യയുടെ ഭരണഘടനാ സ്ഥാപനത്തേക്കാള്‍ ബിബിസിയുടെ വീക്ഷണത്തിന് മുന്‍തൂക്കം നല്‍കുന്നത് അപകടകരമാണെന്ന് കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറും എ.കെ ആന്റണിയുടെ മകനുമായ അനില്‍ കെ ആന്റണി. രാജ്യത്തിന്റെ പരമാധികാരത്തിനു തുരങ്കം വയ്ക്കുന്ന നടപടിയാണിതെന്നും അനില്‍. എന്നാല്‍ അനില്‍ കെ ആന്റണിയുടെ നിലപാട് കോണ്‍ഗ്രസിന്റേയോ യൂത്ത് കോണ്‍ഗ്രസിന്റേയോ നിലപാടല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരനും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലും പ്രതികരിച്ചു.
◾മുഖ്യമന്ത്രി പിണറായി വിജയന് പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ മകന് മെല്‍ഹറിന്റെ മുത്തം. എക്സലന്‍സ് ഇന്‍ ഗുഡ് ഗവേര്‍ണന്‍സ് പുരസ്കാര തുകയായ ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറിയപ്പോള്‍ മുത്തം നല്കിയ ചിത്രം ദിവ്യ സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവച്ചു. ഭര്‍ത്താവ് കോണ്‍ഗ്രസ് നേതാവ് ശബരീനാഥിനൊപ്പമാണ് ദിവ്യ മുഖ്യമന്ത്രിയെ കണ്ടത്.
◾ഇടുക്കി പൂപ്പാറയില്‍ 35 ലിറ്റര്‍ വ്യാജമദ്യവുമായി ബെവ്കോ ജീവനക്കാരന് അടക്കം നാലു പേര് പിടിയില്‍. ശാന്തന്‍പാറ പോലീസിന്റെ വാഹന പരിശോധനക്കിടെയാണ് ഇവര്‍ പിടിയിലായത്. ബെവ്കോ ജീവനക്കാരന് തിരുവനന്തപുരം സ്വദേശി ബിനു, സുഹൃത്ത് തിരുവനന്തപുരം സ്വദേശി ബിജു, ഇടുക്കി കഞ്ഞിക്കുഴി സ്വദേശി വിനു മാത്യു, മകന് എബിന് എന്നിവരാണ് പിടിയിലായത്.
◾കോട്ടയത്തെ കെ ആര് നാരായണന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്സ് ഡയറക്ടറുടെ താല്‍ക്കാലിക ചുമതല ഷിബു അബ്രഹാമിന്. ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ രാജിവെച്ച ഒഴിവിലേക്കാണ് താത്കാലിക നിയമനം.
◾കോഴിക്കോട് മുട്ടക്കള്ളന്മാര് പിടിയില്‍. തമിഴ്നാട്ടില്‍ നിന്നും ഗുഡ്സ് ഓട്ടോറിക്ഷയില്‍ മൊത്തക്കച്ചവടത്തിനു കൊണ്ടുവന്ന 75,000 രൂപയുടെ 15000 കോഴി മുട്ടകള്‍ ഗുഡ്സ് ഓട്ടോറിക്ഷ സഹിതം മോഷ്ടിച്ചെന്ന കേസില്‍ കോഴിക്കോട് വെസ്റ്റ്ഹില്‍ പീറ്റര്‍ സൈമണ്‍ എന്ന സനു (42) മങ്ങോട്ട് വയല്‍ ഇല്ലത്ത് കെ.വി. അര്ജ്ജുന് (32) എന്നിവരെ നടക്കാവ് പൊലീസ് അറസ്റ്റു ചെയ്തു.
◾ഈരാറ്റുപേട്ടയില്‍ വിദേശ കറന്‍സിയുണ്ടെന്ന് കരുതി യുവാവിന്റെ ബാഗ് തട്ടിയെടുത്ത അഞ്ചംഗ സംഘം കവര്‍ച്ചാ കേസില്‍ അറസ്റ്റില്‍. ഈരാറ്റുപേട്ട സ്വദേശികളായ മുഹമ്മദ് നജാഫ്, ജംഷീര്‍ കബീര്‍, ആലപ്പുഴ പൂച്ചാക്കല്‍ സ്വദേശി അഖില്‍ ആന്റണി, ഇടക്കൊച്ചി സ്വദേശി ശരത് ലാല്‍, ആലപ്പുഴ പെരുമ്പളം സ്വദേശി ഷിബിന്‍ എന്നിവരാണു പിടിയിലായത്.
◾മണ്ണാര്‍ക്കാട് എടിഎം മെഷീനില്‍ കൃത്രിമം കാണിച്ചു പണം തട്ടിയതിന് ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ സ്വദേശികളായ പ്രവീണ്‍കുമാര്‍, ദിനേശ് കുമാര്‍, സന്ദീപ് എന്നിവരെ മണ്ണാര്‍ക്കാട് പൊലീസ് അറസ്റ്റുചെയ്തു. അറസ്റ്റിനു പിറകേ മണ്ണാര്‍ക്കാട് എസ്ബിഐ ബ്രാഞ്ച് പോലീസില്‍ പരാതി നല്കി.
📚READ ALSO:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.