കാസര്‍കോട്: കാമുകിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ കുറ്റസമ്മതം നടത്തി പ്രതിയായ യുവാവ് കാമുകിയെ കൊലപ്പെടുത്തിയത് സ്വര്‍ണം കൈക്കലാക്കുന്നതിനു വേണ്ടിയായിരുന്നു എന്നാണ് മൊഴി . ഇയാളെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊല്ലം കൊട്ടിയം സ്വദേശിനി നീതു കൃഷ്ണ(30)യെ കൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന വയനാട് ജില്ലയിലെ വൈത്തിരി സ്വദേശി എം ആന്റോ സെബാസ്റ്റ്യനെയാണ് പോലീസ് (40) പോലീസ് അറസ്റ്റ് ചെയ്തത്
നീതുവിന്റെ മരണം ഉറപ്പുവരുത്തിയശേഷം കൈയിലുണ്ടായിരുന്ന ആഭരണം ഊരിയെടുത്ത് സ്വകാര്യ സ്ഥാപനത്തില്‍ പണയംവെച്ചതായും ഈ കാശുപയോഗിച്ച് മദ്യവും വീട്ടിലേക്കുള്ള സാധനങ്ങളും വാങ്ങിയതായും പ്രതി മൊഴി നല്കി. കൂടാതെ രണ്ടുദിവസം മൃതദേഹത്തോടൊപ്പം താമസിച്ചതായും ഇയാള്‍ പറഞ്ഞു. കുറ്റം സമ്മതിച്ച പ്രതിയെ കൊലപാതകം നടന്ന ബദിയടുക്ക ഏല്ക്കാനയിലെ വീട്ടിലെത്തിച്ച് തെളിവെടുത്തു. രക്ഷപ്പെടുന്നതിനുമുന്‍പ് ഇയാള്‍ ഉപേക്ഷിച്ച യുവതിയുടെ വസ്ത്രങ്ങളടങ്ങിയ ബാഗ് സമീപത്തെ കാട്ടില്‍ നിന്ന് കണ്ടെത്തി. കൊലപാതകത്തിനിടയില്‍ നീതുവിന്റെ കൈകൊണ്ട് ആന്റോയുടെ കഴുത്തില്‍ മുറിവേറ്റതിന്റെ പാടുകളും പൊലീസ് കണ്ടെത്തി.
നീതുവിന്റെ മൃതദേഹം തുണിയില്‍ പൊതിഞ്ഞ നിലയില്‍ വീട്ടില്‍ നിന്നും കണ്ടെത്തുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെ നീതുവിന്റെ മരണം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. ശ്വാസം മുട്ടിയാണ് നീതു മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. യുവതിയുടെ തലയ്ക്ക് അടിയേറ്റിരുന്നതായും കഴുത്ത് ഞെരിച്ചിരുന്നതായും പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് യുവതിയുടെ കൂടെ താമസിച്ചിരുന്ന വയനാട് സ്വദേശി ആന്റോയിലേക്ക് അന്വേഷണം നീങ്ങിയത്. വിശദമായ അന്വേഷണത്തിനൊടുവില്‍ തിരുവനന്തപുരത്ത് നിന്നായിരുന്നു ആന്റോ സെബാസ്റ്റ്യനെ കസ്റ്റഡിയിലെടുത്തത്.
ഏല്‍ക്കാനത്തുളള റബ്ബര്‍തോട്ടത്തില്‍ ടാപ്പിംഗ് ജോലിക്കായാണ് നീതുവും ആന്റോയും ബദിയടുക്കയില്‍ എത്തിയത്. ഇരുവരും താമസിച്ചിരുന്ന വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വന്നതോടെ പരിസര വാസികൾ വീടിനുളളില്‍ കയറി നോക്കുകയായിരുന്നു. തുടര്‍ന്ന് തുണിയില്‍ പൊതിഞ്ഞ നിലയില്‍ നീതുവിന്റെ മൃതദേഹം കണ്ടെത്തി. നീതുവും പ്രതിയും തമ്മില്‍ സ്ഥിരമായി വഴക്കുണ്ടാക്കിയിരുന്നതായി അയല്‍വാസികള്‍ മൊഴി നല്‍കിയിരുന്നു. ആന്റോ ഇതിനുമുമ്പും മറ്റ് പല കേസുകളിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു
📚READ ALSO:
🔘റബ്ബർ കർഷകരെ കൈവിടാത്ത ബഡ്ജറ്റെന്ന് റബ്ബർ ബോർഡ് മെമ്പറും ബിജെപി മധ്യമേഖലാ അധ്യക്ഷനുമായ N ഹരി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.