തിരുവനന്തപുരം : ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനായി ഹോട്ടൽ ജീവനക്കാർക്ക് നിർബന്ധമാക്കിയ ഹെൽത്ത് കാർഡിനുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് പരിശോധനയൊന്നും നടത്താതെ കൈക്കൂലി വാങ്ങി നൽകിയ മൂന്ന് ഡോക്ടർമാർക്ക് സസ്പെൻഷൻ.
ഹോട്ടൽ ജീവനക്കാർക്ക് വ്യാജ ഹെൽത്ത് കാർഡ് നൽകിയ സംഭവത്തിൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ മൂന്ന് ഡോക്ടർമാരെയാണ് സസ്‌പെൻഡ് ചെയ്തത്. ഇവർ ഹോട്ടൽ ജീവനക്കാർക്കായി സർക്കാർ പ്രഖ്യാപിച്ച 'ഹെൽത്ത് കാർഡ്' പണം വാങ്ങി വ്യാജമായി നൽകിയത് തെളിവു സഹിതം പൊക്കുകയായിരുന്നു. സസ്‌പെൻഡ് ചെയ്യപ്പെട്ടവരിൽ രണ്ട് പേർ വനിതാ ഡോക്ടർമാരാണ്.
ആർഎംഒയുടെ ചുമതല വഹിക്കുന്ന അസി.സർജൻ ഡോ.വി.അമിത് കുമാർ, കാഷ്വൽറ്റി മെഡിക്കൽ ഓഫിസർമാരായ ഡോ.വിൻസ എസ്.വിൻസന്റ്, ഡോ.ആയിഷ എസ്.ഗോവിന്ദ് എന്നിവർക്കെതിരെയാണു നടപടി. ഹോട്ടലുകളിൽ ഭക്ഷണം കൈകാര്യം ചെയ്യുന്ന ജീവനക്കാർക്ക് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് ഉറപ്പാക്കാനാണ് കാർഡ് നിർബന്ധമാക്കിയത്. ഇത് അവസരമാക്കിയാണ് ആരോഗ്യ ഡയറക്ടർ ഓഫിസിനോടു ചേർന്നുതന്നെയുള്ള ജനറൽ ആശുപത്രിയിലെ പ്രധാന ചുമതലക്കാർ കൈക്കൂലി ഇടപാട് നടത്തിയത്.
പകർച്ചവ്യാധി, ത്വക്രോഗം, മുറിവ്, വ്രണം എന്നിവ ഉണ്ടോ എന്നതടക്കമുള്ള പരിശോധനകളും കാഴ്ച പരിശോധനയും നടത്തിയും കോവിഡ് വാക്‌സീൻ എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കിയുമാണ് അംഗീകൃത ഡോക്ടർ ഹെൽത്ത് കാർഡ് നൽകേണ്ടത്. ഇതൊന്നുമില്ലാതെയായിരുന്നു ജനറൽ ആശുപത്രിയിലെ വിതരണം.
ഡോ. അമിത് 300രൂപ വാങ്ങി സർട്ടിഫിക്കറ്റ് നൽകുന്ന ദൃശ്യങ്ങളാണ് ഇന്നലെ ആദ്യം പുറത്തുവന്നത്. പിന്നാലെ, മറ്റുള്ള ഡോക്ടർമാരും സമാനമായ രീതിയിൽ സർട്ടിഫിക്കറ്റ് നൽകുന്നത് പുറത്തുവന്നു. ഇടനിലക്കാരൻ വഴി നൽകിയ അപേക്ഷകളിൽ സെക്യൂരിറ്റി മുറിയിലിരുന്നാണ് ഡോ.അമിത് കുമാർ സീൽ വച്ചു നൽകിയത്. കണക്കുപറഞ്ഞ് കൈക്കൂലി വാങ്ങുന്നതും കമ്മിഷൻ ഇടനിലക്കാരനു നൽകുന്നതുമെല്ലാം ദൃശ്യങ്ങളിലൂടെ പരസ്യമായി. രണ്ട് വനിതാ ഡോക്ടർമാരുടെ സമാന ഇടപാടുകളും പുറത്തായി. ഇതോടെയാണു നടപടി.
പണം ഇടപാട് ദൃശ്യങ്ങൾ സഹിതം വാർത്തയായതോടെയാണു മന്ത്രി വീണാ ജോർജ് നടപടിക്കു നിർദേശിച്ചത്. ആളെപ്പോലും കാണാതെ 300 രൂപ വീതം ഈടാക്കിയായിരുന്നു ഒപ്പും സീലും സഹിതമുള്ള വ്യാജ സർട്ടിഫിക്കറ്റ് നൽകിയിരുന്നത്. ആശുപത്രി സെക്യൂരിറ്റി ജീവനക്കാരും പാർക്കിങ് ഫീസ് പിരിക്കുന്ന ജീവനക്കാരനുമടക്കമാണ് ഇടനിലക്കാരായി പ്രവർത്തിച്ചത്. ഇവരെ പിരിച്ചുവിടാനും നിർദേശിച്ചു.
സമൂഹത്തോടുള്ള ക്രൂരതയോട് വിട്ടുവീഴ്ചയുണ്ടാകില്ലെന്നും ഡോക്ടർമാരുടെ മെഡിക്കൽ രജിസട്രേഷൻ സസ്‌പെൻഡ് ചെയ്യുന്നത് ഉൾപ്പെടെ നടപടികൾ പരിശോധിക്കാൻ മെഡിക്കൽ കൗൺസിലിനോട് ആവശ്യപ്പെടുമെന്നും മന്ത്രി വീണാജോർജ് അറിയിച്ചു. വ്യാജ കാർഡ് നൽകുന്നത് ഒഴിവാക്കാൻ ഡിജിറ്റൽ ഹെൽത്ത് കാർഡ് ഏർപ്പെടുത്തുന്നത് പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.
ഭക്ഷ്യസുരക്ഷാവകുപ്പിന്റെ വെബ് സൈറ്റിൽ നിന്ന് മെഡിക്കൽ ഫിറ്റ്നസ് ഫോം ഡൗൺ ലോഡ് ചെയ്ത് ഡോക്ടറെക്കണ്ട് രക്ത, ശാരീകരിക പരിശോധനകൾക്ക് ശേഷമേ കാർഡ് അനുവദിക്കാവൂ.
https://foodsafety.kerala.gov.in/download-forms/
ഗ്രാമപ്രദേശങ്ങളിൽ ഡോക്ടർമാർ വ്യാജ സർട്ടിഫിക്കറ്റ് നൽകിയതായി വ്യാപാരികൾ ആരോപിച്ചിരുന്നു. ഇതിനോടകം നൽകിയ എല്ലാ കാർഡുകളും റദ്ദാക്കണമെന്നും പകരം പുതിയ സംവിധാനം കൊണ്ടുവരണമെന്നും വ്യാപാരികൾ ആവശ്യപ്പെടുന്നു.
📚READ ALSO:
🔘റബ്ബർ കർഷകരെ കൈവിടാത്ത ബഡ്ജറ്റെന്ന് റബ്ബർ ബോർഡ് മെമ്പറും ബിജെപി മധ്യമേഖലാ അധ്യക്ഷനുമായ N ഹരി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.