ചെന്നൈ: കേരള ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അതികായനായ മുതിര്‍ന്ന സി.പി.എം. നേതാവും സി.പി.എം പി.ബി അംഗവും പാർട്ടിയുടെ മുൻ സംസ്ഥാന സെക്രട്ടറിയുമായ സഖാവ് കോടിയേരി ബാലകൃഷ്ണൻ (69) അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിലിരിക്കെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ ശനിയാഴ്ച രാത്രി 8.45ഓടെയാണ് അന്ത്യം.
കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു. അർബുദ ബാധയെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോടിയേരി ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 29നായിരുന്നു കോടിയേരിയെ അപ്പോളോയിൽ പ്രവേശിപ്പിച്ചത്.
ഏറെ കാലമായി അർബുദത്തെ തുടർന്ന് ചികിത്സ തേടിയിരുന്നു. പാർട്ടിയിലെ സൗമ്യനായ, ഒരു ചെറു പുഞ്ചിരിയോട് കൂടി പ്രശ്നങ്ങളെ നേരിടുന്ന ഒരു മികച്ച സഖാവിനെ തന്നെയാണ് കേരള രാഷ്ട്രീയത്തിന് നഷ്ടമായിരിക്കുന്നത്. ഭാര്യ വിനോദിനി ബാലകൃഷ്ണനും അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു. കോടിയേരി ചികിത്സയ്ക്കായി ചെന്നൈയിലേക്ക് പോകുമ്പോൾ വേഗം സുഖപ്പെടട്ടെ എന്ന ആഗ്രഹമായിരുന്നു കേരളം പങ്കുവച്ചത്.
കണ്ണൂർ ജില്ലയിലെ കല്ലറ തലായി എൽ.പി സ്കൂൾ അധ്യാപകൻ കോടിയേരി മൊട്ടുമ്മൽ കുഞ്ഞുണ്ണിക്കുറുപ്പിന്റേയും നാരായണിയമ്മയുടേയും മകനായി 1953 നവംബർ 16നായിരുന്നു ജനനം. കോടിയേരിയിലെ ജൂനിയർ ബേസിക് സ്കൂൾ, കോടിയേരി ഓണിയൻ ഗവ. ഹൈസ്കൂൾ എന്നിവിടങ്ങളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസവും മാഹി മഹാത്മാഗാന്ധി ഗവ. കോളജിൽനിന്ന് പ്രീഡിഗ്രിയും പൂർത്തിയാക്കി. തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിൽനിന്ന് ബിരുദവും നേടി. വിദ്യാർഥി കാലഘട്ടം മുതൽ രാഷ്ട്രീയത്തിൽ സജീവമായ കോടിയേരി പടിപടിയായി പാർട്ടിയുടെ ഉന്നത പദവികളിലെത്തുകയായിരുന്നു.
1973ൽ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കോടിയേരി 1979 വരെ ആ പദവിയിൽ തുടർന്നു. അടിയന്തരാവസ്ഥക്കാലത്ത് 16 മാസത്തോളം ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. എസ്.എഫ്.ഐ അഖിലേന്ത്യ ജോയന്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 1980 മുതൽ 1982 വരെ ഡി.വൈ.എഫ്.ഐ കണ്ണൂർ ജില്ല പ്രസിഡന്റിന്റെ ചുമതല വഹിച്ചു. 1988ൽ സി.പി.എം സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1990 മുതൽ 1995 വരെ കണ്ണൂർ ജില്ല സെക്രട്ടറിയായും പ്രവർത്തിച്ചു. 1995ൽ കൊല്ലത്ത് നടന്ന സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റിലേക്കും 2002ൽ ഹൈദരാബാദിൽ നടന്ന പാർട്ടി കോൺഗ്രസിൽ കേന്ദ്ര കമ്മിറ്റിയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.2008ൽ കോയമ്പത്തൂരിൽ നടന്ന പാർട്ടി കോൺഗ്രസിലാണ് പൊളിറ്റ് ബ്യൂറോ അംഗമായത്.
2006 മുതൽ 2011 വരെ കേരളത്തിലെ ആഭ്യന്തര, വിനോദസഞ്ചാര വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി പ്രവർത്തിച്ചിരുന്നു. പതിമൂന്നാം കേരള നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവായിരുന്നു, തലശ്ശേരി നിയമസഭാ മണ്ഡലത്തെയാണ് അദ്ദേഹം 2001 മുതൽ 2016 വരെ പ്രതിനിധീകരിച്ചിരുന്നത്.
2015 ഫെബ്രുവരി 23ന് ആലപ്പുഴയിൽ നടന്ന സിപിഐ (എം) 21ന്നാം സംസ്ഥാന സമ്മേളനത്തിലാണ് കോടിയേരി ബാലകൃഷ്ണനെ ആദ്യമായി സിപിഐ (എം) സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്. 2018 ഫെബ്രുവരി 26ന് തൃശൂരിൽ വെച്ചു നടന്ന സിപിഐ (എം) 22മത്തെ സംസ്ഥാന സമ്മേളനത്തിൽ കോടിയേരി ബാലകൃഷ്ണനെ സിപിഐ (എം) സംസ്ഥാന സെക്രട്ടറിയായി വീണ്ടും തെരെഞ്ഞെടുത്തിരുന്നു. 2022 ഓഗസ്ത് 28-ന് ആരോഗ്യപരമായ കാരണങ്ങളെത്തുടർന്ന് സി.പി.ഐ.എം. സെക്രട്ടറി സ്ഥാനമൊഴിഞ്ഞു
അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്ന് വിദേശ യാത്ര അവസാന നിമിഷം മുഖ്യമന്ത്രി പിണറായി വിജയൻ റദ്ദാക്കിയിരുന്നു. കോടിയേരിയെ സന്ദർശിക്കാൻ മുഖ്യമന്ത്രി നാളെ ചെന്നൈയിലേക്ക് പോകാനിരിക്കുകയായിരുന്നു. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്നാണ് കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി പദവിയൊഴിഞ്ഞത്.
മൂന്നാമൂഴത്തിൽ സംസ്ഥാന സെക്രട്ടറിയായി അഞ്ചു മാസം പിന്നിടുമ്പോഴാണ് കോടിയേരിയുടെ പിന്മാറ്റം. ഒഴിയാമെന്ന കോടിയേരിയുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. യെച്ചൂരിയും കാരാട്ടും കൂടി പങ്കെടുത്ത അടിയന്തര സെക്രട്ടറിയേറ്റും സംസ്ഥാന കമ്മിറ്റിയും ചേർന്നാണ് നിർണ്ണായക തീരുമാനമെടുത്തത്. കോടിയേരിയെ സെക്രട്ടറിയായി നിലനിർത്തി പകരം സംവിധാനത്തിന് അവസാനം വരെ നേതൃത്വം ശ്രമിച്ചിരുന്നു.
സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് പിന്നാലെ യെച്ചൂരിയും പിണറായിയും എം എ ബേബിയും കോടിയേരിയെ വീട്ടിലെത്തി കണ്ട് അവധി പോരെ എന്ന് ചോദിച്ചു. എന്നാല്‍ സർക്കാർ വലിയ വെല്ലുവിളി നേരിടുന്ന ഘട്ടത്തിൽ സ്ഥിരം സെക്രട്ടറി തന്നെയാണ് വേണ്ടതെന്ന നിലപാടിൽ കോടിയേരി ഉറച്ചുനിന്നു. ഇതോടെയാണ് മാറ്റത്തിനുള്ള പാർട്ടി തീരുമാനം കൈക്കൊണ്ടത്.
സി.പി.എം നേതാവും തലശ്ശേരി മുൻ എം.എൽ.എയുമായ എം.വി. രാജഗോപാലിന്റെ മകളും തിരുവനന്തപുരം ഓഡിയോ റിപ്രോഗ്രാഫിക് സെന്റർ ജീവനക്കാരിയുമായ എസ്.ആർ. വിനോദിനിയാണ് ഭാര്യ. മക്കൾ: ബിനോയ്, ബിനീഷ്. മരുമക്കൾ: ഡോ. അഖില, റിനീറ്റ.
📚READ ALSO:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.