ഡബ്ലിൻ: അയർലൻഡിലെ പ്രമുഖ സ്വകാര്യ ആശുപത്രിയായ സെന്റ് വിൻസെന്റ്സ് പ്രൈവറ്റ് ഹോസ്പിറ്റലിൽ (St Vincent’s Private Hospital) ആവശ്യമായ യോഗ്യതയോ വിദഗ്ദ്ധ മേൽനോട്ടമോ ഇല്ലാതെ രോഗികളിൽ ശസ്ത്രക്രിയകൾ നടത്തിയെന്ന ആരോപണത്തിൽ രാജ്യത്തെ പ്രമുഖ ആരോഗ്യ ഇൻഷുറൻസ് ദാതാക്കളായ വി.എച്ച്.ഐ (VHI) പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചു.
ആശുപത്രിയിലെ നഴ്സിംഗ് ജീവനക്കാർ ഉന്നയിച്ച പരാതികളെത്തുടർന്ന് ആഭ്യന്തര അന്വേഷണം നടക്കുന്നതിനിടെയാണ് ഇൻഷുറൻസ് കമ്പനിയുടെയും നിർണായക ഇടപെടൽ.
കൺസൾട്ടന്റിന്റെ നേരിട്ടുള്ള മേൽനോട്ടമില്ലാതെ ഒരു ജൂനിയർ മെഡിക്കൽ ജീവനക്കാരൻ മൂത്രാശയം, വൃക്ക എന്നിവയുമായി ബന്ധപ്പെട്ട (Urology) സങ്കീർണ്ണ ശസ്ത്രക്രിയാ നടപടിക്രമങ്ങൾ രോഗികളിൽ നടത്തിയെന്നാണ് ഉയർന്നുവന്നിരിക്കുന്ന പ്രധാന ആരോപണം. സെപ്റ്റംബർ അവസാനത്തോടെ ആശുപത്രിയുടെ ആഭ്യന്തര പരാതി പരിഹാര സംവിധാനം വഴിയാണ് നഴ്സിംഗ് ജീവനക്കാർ ഈ വിവരം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
വിവരം പുറത്തുവന്നതിനെത്തുടർന്ന് ആശുപത്രിയുടെ ക്വാളിറ്റി വിഭാഗം അടിയന്തരമായി ആഭ്യന്തര അന്വേഷണം ആരംഭിക്കുകയും ചീഫ് എക്സിക്യൂട്ടീവ് അടക്കമുള്ള ഉന്നത മാനേജ്‌മെന്റ് ചുമതലപ്പെട്ട കൺസൾട്ടന്റുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. തുടർന്ന് പ്രസ്തുത നടപടികൾ അടിയന്തരമായി നിർത്തിവെപ്പിച്ചതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. രോഗികളുടെ സുരക്ഷയ്ക്കാണ് മുൻഗണനയെന്നും വിഷയത്തിൽ വിശദമായ പരിശോധന തുടരുകയാണെന്നും ആശുപത്രി വക്താവ് അറിയിച്ചു.
അതേസമയം, ഓരോ ഇൻഷുറൻസ് ക്ലെയിമിലും ശസ്ത്രക്രിയ നടത്തിയത് ആരാണെന്ന കൃത്യമായ വിവരം കൈമാറേണ്ടതുണ്ട്. വ്യക്തിഗത കേസുകളിൽ പ്രതികരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ വി.എച്ച്.ഐ വക്താവ്, സമർപ്പിക്കപ്പെട്ട ക്ലെയിമുകളുടെ ആധികാരികതയും കൃത്യതയും പരിശോധിക്കാൻ ക്ലിനിക്കൽ-അന്വേഷണ വൈദഗ്ധ്യമുള്ള സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റിനെ (SIU) ചുമതലപ്പെടുത്തിയതായി വ്യക്തമാക്കി. ആശുപത്രിയുമായി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിക്കാൻ പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥനെയും നിയമിച്ചിട്ടുണ്ട്. രോഗികൾക്ക് നൽകുന്ന ആനുകൂല്യ രേഖകൾ (Statement of Benefit) പരിശോധിച്ച് ചാർജുകളിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റുമായി ബന്ധപ്പെടാൻ അംഗങ്ങളോട് വി.എച്ച്.ഐ നിർദേശിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.