മുംബൈ: നടൻ ഇമ്രാൻ ഖാനെതിരേ രൂക്ഷവിമർശനവുമായി ബോംബെ ഹൈക്കോടതി. സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തതിന് നടൻ സത്യവാങ്മൂലം സമർപ്പിച്ചാല്‍ മതിയാകില്ലെന്നും നിരുപാധികം മാപ്പപേക്ഷ നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.
ഒരു ഇന്ത്യൻ പൗരൻ വിദേശത്ത് ഇങ്ങനെയൊരു പ്രതിഷേധത്തില്‍ പങ്കെടുത്താല്‍ അവരെ അടുത്ത വിമാനത്തില്‍ തന്നെ നാടുകടത്തുമെന്നും കോടതി ചൂണ്ടിക്കാട്ടി. സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തതിന് ഫോറിനേഴ്സ് റീജിയണല്‍ രജിസ്ട്രേഷൻ ഓഫീസ്(FRRO) നടൻ ഇമ്രാൻ ഖാന് രാജ്യം വിടാൻ നോട്ടീസ് നല്‍കിയിരുന്നു.രാജ്യംവിടാനുള്ള നോട്ടീസിന് അനുവദിച്ച ഇടക്കാല സ്റ്റേ ഹൈക്കോടതി നീട്ടിനല്‍കിയെങ്കിലും നടനെതിരേ രൂക്ഷവിമർശനമാണ് കോടതി ഉന്നയിച്ചത്. ഇന്ത്യയില്‍ തുടരാൻ അനുവദിക്കണമെന്നും മുംബൈയിലെ പ്രതിഷേധത്തിന്റെ സംഘാടകരുമായി തനിക്ക് ബന്ധമില്ലെന്ന് സത്യവാങ്മൂലം നല്‍കാമെന്നും നടൻ തിങ്കളാഴ്ച കോടതിയില്‍ പറഞ്ഞു. എന്നാല്‍, കേവലം സത്യവാങ്മൂലം മതിയാകില്ലെന്നും ഒസിഐ കാർഡുടമയായ നടൻ പ്രതിഷേധത്തില്‍ പങ്കെടുത്തതിന് നിരുപാധികം മാപ്പ് പറയണമെന്നുമായിരുന്നു കോടതിയുടെ നിർദേശം.
ഒസിഐ കാർഡുള്ളവർക്ക് ഇന്ത്യയില്‍ പ്രതിഷേധങ്ങളിലോ സമരങ്ങളിലോ പങ്കെടുക്കാൻ പാടില്ല. നിങ്ങള്‍ക്ക് വേണമെങ്കില്‍ യുഎസില്‍ പോയി അവിടെ പ്രതിഷേധത്തില്‍ പങ്കെടുക്കാം. അവിടെ വോട്ടും ചെയ്യാം. എന്നാല്‍, ഇവിടെ നിങ്ങള്‍ പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നത് വെച്ചുപൊറുപ്പിക്കാനാകില്ല. ഒരു ഇന്ത്യൻ പൗരനാണ് ഏതെങ്കിലും വിദേശരാജ്യത്ത് ഇങ്ങനെ ചെയ്തതെങ്കില്‍ അടുത്തവിമാനത്തില്‍ തന്നെ അവരെ ഇന്ത്യയിലേക്ക് നാടുകടത്തുമായിരുന്നു.
നിങ്ങള്‍ കുറേ വർഷങ്ങളായി ഇന്ത്യയില്‍ താമസിക്കുന്നു. ഈ കാലയളവിലൊന്നും നിങ്ങള്‍ പ്രതിഷേധങ്ങളിലൊന്നും പങ്കെടുത്തിട്ടില്ല. ഇപ്പോള്‍ ഈ പ്രതിഷേധത്തില്‍ പങ്കെടുക്കാൻ തീരുമാനിച്ചത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.
താൻ ഏറെവർഷങ്ങളായി ഇന്ത്യയില്‍ ജീവിക്കുന്നയാളാണെന്നും തന്റെ ജോലിയും കുടുംബവുമെല്ലാം ഇവിടെയാണെന്നുമായിരുന്നു ഇമ്രാൻ ഖാൻ കോടതിയില്‍ പറഞ്ഞത്. യുഎസില്‍ രണ്ടുവർഷം ചിലവഴിച്ചതൊഴിച്ചാല്‍ കൂടുതല്‍ സമയവും താൻ കഴിഞ്ഞത് ഇന്ത്യയിലാണ്. ഇന്ത്യയാണ് തന്റെ വീട്. തന്റെ കുഞ്ഞും കുടുംബവും ജോലിയും എല്ലാം ഇവിടെയാണെന്നും നടൻ കോടതിയില്‍ പറഞ്ഞു.
അതേസമയം, നടൻ യുഎസ് പൗരനാണെന്നും ഒസിഐ കാർഡുടമയായ നടന് ഇന്ത്യയിലെ പ്രതിഷേധ സമരങ്ങളില്‍ പങ്കെടുക്കാൻ കഴിയില്ലെന്നും സോളിസിറ്റർ ജനറല്‍ കോടതിയെ അറിയിച്ചു. ഒസിഐ കാർഡുടമയ്ക്ക് ഇന്ത്യയില്‍ ജീവിക്കുമ്പോള്‍ പല നിയന്ത്രണങ്ങളുമുണ്ട്. ഇന്ത്യൻ പൗരനുള്ള എല്ലാ അവകാശങ്ങളും ഒസിഐ കാർഡുടമകള്‍ക്ക് ഇല്ല. കൃത്യമായ ലക്ഷ്യത്തോടെയാണ് നടൻ പ്രതിഷേധത്തില്‍ പങ്കാളിയായത്.
ഇൻസ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സാമൂഹികമാധ്യമങ്ങളില്‍ സ്വാധീനമുള്ള നടൻ കൃത്യമായ ലക്ഷ്യത്തോടെയാണ് പ്രതിഷേധത്തില്‍ പങ്കെടുത്തതെന്നും സോളിസിറ്റർ ജനറല്‍ വാദിച്ചു. നടന്റെയും ഫോറിനേഴ്സ് റീജിയണല്‍ രജിസ്ട്രേഷൻ ഓഫീസിന്റെയും വിശദമായ വാദങ്ങള്‍ കേട്ടശേഷമാണ് നോട്ടീസിന് നല്‍കിയ ഇടക്കാല സ്റ്റേ ഡിസംബർ ഏഴുവരെ നീട്ടിനല്‍കാൻ കോടതി ഉത്തരവിട്ടത്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപി മുംബൈയില്‍ നടത്തിയ പ്രതിഷേധത്തിലാണ് നടൻ ഇമ്രാൻ ഖാനും പങ്കെടുത്തത്. പ്രതിഷേധത്തില്‍ പങ്കെടുത്ത ഇമ്രാൻ ഖാനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ഒക്ടോബർ 28-നകം രാജ്യംവിടണമെന്ന് ആവശ്യപ്പെട്ട് നടന് നോട്ടീസ് നല്‍കിയത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.