തിരുവനന്തപുരം: "സർ, എന്റെ ഫോണ്‍ പരിശോധിച്ചാല്‍ എന്നെ ഊരിയെടുക്കാനുള്ള സാധനം എന്റെ വക്കീലിന് കിട്ടിക്കോളും" - അഭിരാം കൊലക്കേസിലെ ചോദ്യം ചെയ്യലിനിടെ ഉമർ മുഫ്താർ പോലീസിനോട് പറഞ്ഞതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന വാക്കുകളാണിത്.
അറസ്റ്റിലായിട്ടും ഒട്ടും കൂസലില്ലാത്ത പെരുമാറ്റം, ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചിട്ടും നിർണായക വിവരങ്ങള്‍ മറച്ചുവെച്ചെന്ന പോലീസിന്റെ സംശയം… പാങ്ങപ്പാറയില്‍ 17-കാരൻ അഭിരാം കൊല്ലപ്പെട്ട കേസില്‍ ഉമറിന്റെ ആത്മവിശ്വാസമാണ് ഇപ്പോള്‍ അന്വേഷണസംഘത്തിന്റെ ശ്രദ്ധാകേന്ദ്രം.കൊലപാതകത്തിന്റെ ആസൂത്രണത്തിന് പിന്നില്‍ ഉമറാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നഗരത്തില്‍ മോഷണക്കേസുകളിലും ലഹരിസംഘങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങളിലും നേരത്തേ പോലീസിന്റെ ശ്രദ്ധയിലുണ്ടായിരുന്ന ഇയാള്‍, ഇത്തവണ ആദ്യമായി ഒരു കൊലക്കേസില്‍ പ്രതിയായിരിക്കുകയാണ്.
കാമുകിക്ക് മറ്റൊരു ആണ്‍സുഹൃത്ത് ഉണ്ടായതിനെത്തുടർന്നുണ്ടായ തർക്കവും പ്രതികാരവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് കണ്ടെത്തല്‍. പുതിയ സുഹൃത്തിനെ പാഠം പഠിപ്പിക്കാനായിരുന്നു ഒന്നാം പ്രതിയായ 17-കാരന്റെ പദ്ധതി. ഇതിനായി സുഹൃത്തായ ഉമറിന്റെ സഹായം തേടി.
ലക്ഷ്യമിട്ടിരുന്ന യുവാവിനെ എത്തിക്കാനുള്ള നീക്കത്തിനിടെയാണ് അഭിരാം കെണിയില്‍പ്പെട്ടത്. ആനന്ദ എന്ന പെണ്‍കുട്ടിയിലൂടെ രണ്ട് ദിവസത്തോളം ചാറ്റ് ചെയ്ത് അഭിരാമിന്റെ വിശ്വാസം നേടിയെടുത്തുവെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. തുടർന്ന് ആനന്ദയുടെ പേരില്‍ ഇൻസ്റ്റഗ്രാമിലൂടെ സന്ദേശമയച്ച് അഭിരാമിനെ പാങ്ങപ്പാറയിലേക്ക് വിളിച്ചുവരുത്തി.
അവിടെ കാത്തുനിന്നിരുന്ന 17-കാരൻ പൊതുവായ സുഹൃത്തുക്കളെ കാണിക്കാമെന്ന് പറഞ്ഞ് അഭിരാമിനെ കുറ്റകൃത്യം നടന്ന കാടുപിടിച്ച സ്ഥലത്തേക്ക് കൊണ്ടുപോയി.
അവിടെ ഉമറും എത്തിയിരുന്നു. പ്രധാന വഴിയിലെ നിരീക്ഷണ ക്യാമറകള്‍ ഒഴിവാക്കി മറ്റൊരു വഴിയിലൂടെ സ്ഥലത്തെത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ലക്ഷ്യമിട്ടിരുന്ന യുവാവിനെ വിളിച്ചുവരുത്താൻ അഭിരാമിനോട് ആവശ്യപ്പെട്ടെങ്കിലും അയാള്‍ എത്തിയില്ല.
അപകടം മനസ്സിലാക്കി രക്ഷപ്പെടാൻ ശ്രമിച്ച അഭിരാമിനെ പ്രതികള്‍ ബലപ്രയോഗത്തിലൂടെ കീഴടക്കി കഴുത്തില്‍ ബെല്‍റ്റ് മുറുക്കി കൊലപ്പെടുത്തിയെന്നാണ് കേസ്. മൃതദേഹം വാഴക്കൂട്ടത്തിനിടയില്‍ ഒളിപ്പിച്ച ശേഷം തുടർനടപടികള്‍ ആലോചിക്കാൻ പ്രതികള്‍ അവിടെനിന്ന് മാറി.
ഉമറിന്റെ മുൻകാല മോഷണരീതികളും അന്വേഷണത്തില്‍ പ്രധാന ചർച്ചയാണ്. വീടുകളിലും സ്ഥാപനങ്ങളിലും കയറി മോഷണം നടത്തുന്നതിന് മുമ്പ് സ്ഥലത്തിന്റെ ഘടനയും ക്യാമറകളുടെ സ്ഥാനവും പ്രവേശനമാർഗങ്ങളും ഒറ്റനോട്ടത്തില്‍ മനസ്സിലാക്കാൻ ഇയാള്‍ക്ക് കഴിയുമെന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള വിവരം.
മോഷ്ടിക്കുന്ന സ്വർണം മുഴുവനായി ഒരിടത്ത് വില്‍ക്കാതെ തമിഴ്നാട്ടിലെ മർത്താണ്ഡം, നാഗർകോവില്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ചെറിയ അളവുകളായി വില്‍ക്കുന്നതാണ് പതിവെന്നും അന്വേഷണവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. ഉദാഹരണത്തിന് 30 പവൻ മോഷ്ടിച്ചാല്‍ അഞ്ചു പവൻ മാത്രം വിറ്റതായി സമ്മതിക്കുകയും ബാക്കി ഒളിപ്പിക്കുകയും ചെയ്യുമെന്നാണ് പോലീസിന്റെ സംശയം.
പിടിയിലായാല്‍ വിറ്റ സ്വർണം മാത്രമാണ് വീണ്ടെടുക്കാൻ കഴിയുക. പിന്നീട് ജാമ്യം നേടി പുറത്തിറങ്ങിയാല്‍ ഒളിപ്പിച്ച സ്വർണം വില്‍ക്കുന്നതിലൂടെ അഭിഭാഷകർക്കുള്ള ഫീസ് ഉള്‍പ്പെടെയുള്ള ചെലവുകള്‍ കണ്ടെത്തുന്നുവെന്നും പോലീസ് സംശയിക്കുന്നു.
കേസുകളിലെ നിയമപരമായ പഴുതുകള്‍ ഉപയോഗിച്ച് രക്ഷപ്പെടാൻ ഇയാള്‍ ശ്രമിക്കാറുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. പാങ്ങപ്പാറയിലെ 17-കാരനുമായി ഉമറിന് അടുത്ത സൗഹൃദമുണ്ടായിരുന്നുവെന്നും ഇരുവരും മുമ്പ് മോഷണത്തിന് ഒരുമിച്ച് പോയിട്ടുണ്ടെന്നും പോലീസ് പറയുന്നു.
അഭിരാമിന്റെ വീട്ടുകാരുടെ പരാതിയില്‍ തിരോധാനക്കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതോടെയാണ് പ്രതികളിലേക്ക് പോലീസ് എത്തിയത്. സിറ്റി പോലീസ് കമ്മിഷണറുടെ ഡാൻസാഫും കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണറുടെ പ്രത്യേക സംഘവും നടത്തിയ നീക്കത്തിലാണ് പ്രതികള്‍ പിടിയിലായത്.
ആദ്യം കൊലപാതകത്തിന്റെ ഉത്തരവാദിത്തം താൻ ഒറ്റയ്ക്കാണ് ഏറ്റെടുത്തതെന്ന് ഒന്നാം പ്രതിയായ 17-കാരൻ മൊഴി നല്‍കിയെങ്കിലും ഉമറിന്റെ പങ്ക് മറച്ചുവെച്ചതാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
ശാസ്ത്രീയ തെളിവുകള്‍ നിരത്തിയതോടെയാണ് ഉമറും കൊലപാതകത്തില്‍ പങ്കാളിയായിരുന്നുവെന്ന് സമ്മതിച്ചതെന്നാണ് വിവരം. എന്നാല്‍ അഭിരാമിന്റെയും ആനന്ദയുടെയും ഒന്നാം പ്രതിയുടെയും ഫോണുകളും പ്രതികള്‍ ധരിച്ചിരുന്ന വസ്ത്രങ്ങളും ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇവ തോട്ടില്‍ ഉപേക്ഷിച്ചെന്നാണ് പ്രതികളുടെ മൊഴി.
സ്കൂബാ സംഘം തിരച്ചില്‍ നടത്തിയിട്ടും തെളിവുകള്‍ ലഭിച്ചിട്ടില്ല. ഉമർ സ്വന്തം ഫോണ്‍ മറ്റൊരിടത്ത് ഏല്‍പ്പിച്ച ശേഷമാണ് എത്തിയതെന്നും, ഫോണ്‍ പരിശോധിച്ചാല്‍ തനിക്കെതിരായ കേസ് ദുർബലപ്പെടുത്താൻ സഹായിക്കുന്ന വിവരങ്ങള്‍ ലഭിക്കുമെന്നുമാണ് ഇയാള്‍ പറഞ്ഞതെന്നും പോലീസ് സംശയിക്കുന്നു.
മോഷണക്കേസുകളില്‍ നിന്ന് വ്യത്യസ്തമായി ഗുരുതരമായ കൊലക്കേസായതിനാല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ച് കോടതിയില്‍ കുറ്റം തെളിയിക്കാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം.
അഭിരാമിന്റെ മരണത്തിന് ഉത്തരവാദികളായ എല്ലാവർക്കും നിയമപ്രകാരം ശിക്ഷ ഉറപ്പാക്കുന്നതിനൊപ്പം, പ്രായപൂർത്തിയാകാത്തവരെന്ന പരിഗണന കുറ്റകൃത്യങ്ങള്‍ക്ക് മറയാകുന്ന സാഹചര്യം ഒഴിവാക്കണമെന്ന ആവശ്യവും ഈ സംഭവം ഉയർത്തുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.