ഒട്ടാവ: പുതിയ കുടിയേറ്റക്കാരുടെ വരവ് നിയന്ത്രിക്കുന്നതിനൊപ്പം കാനഡയിൽ ദീർഘകാലമായി താൽക്കാലിക താമസാനുമതിയിൽ കഴിയുന്ന രണ്ടുലക്ഷം പേർക്ക് സ്ഥിരതാമസ പദവി (Permanent Residency – PR) ലഭിക്കാൻ അവസരമൊരുക്കുന്നു. നവംബർ 5ന് അവതരിപ്പിച്ച 2026ലെ ഫെഡറൽ ബജറ്റിലാണ് കുടിയേറ്റ നയത്തിലെ സുപ്രധാന പ്രഖ്യാപനങ്ങൾ.
2027 മുതൽ 2029 വരെ ഓരോ വർഷവും 3.8 ലക്ഷം സ്ഥിരതാമസക്കാരെ അനുവദിക്കാനാണ് സർക്കാരിന്റെ തീരുമാനം. ഇതോടൊപ്പം പുതിയ താൽക്കാലിക താമസക്കാരുടെ വരവ് പ്രതിവർഷം 3.7 ലക്ഷമായി നിയന്ത്രിക്കും. അന്താരാഷ്ട്ര വിദ്യാർഥികളുടെയും വിദേശ തൊഴിലാളികളുടെയും വരവ് നിയന്ത്രിച്ച് രാജ്യത്തെ ഭവന, ആരോഗ്യ, പൊതുസേവന മേഖലകളിലെ സമ്മർദം കുറയ്ക്കുകയാണ് ലക്ഷ്യം.
നിലവിൽ കാനഡയിൽ താമസിക്കുന്ന രണ്ടുലക്ഷം താൽക്കാലിക താമസക്കാർക്ക് 2027 അവസാനത്തോടെ സ്ഥിരതാമസ പദവിയിലേക്ക് മാറാൻ അവസരമൊരുക്കും. ഇതിൽ ഒരു ലക്ഷം പേർ എക്സ്പ്രസ് എൻട്രി (Express Entry), പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) എന്നിവയ്ക്ക് അർഹരായ തൊഴിലാളികളായിരിക്കും. സംസ്ഥാനങ്ങളുമായും പ്രവിശ്യകളുമായും സഹകരിച്ചായിരിക്കും ഇവരെ തിരഞ്ഞെടുക്കുക. ശേഷിക്കുന്ന ഒരു ലക്ഷം പേരുടെ യോഗ്യതാ മാനദണ്ഡങ്ങളും അപേക്ഷാ നടപടികളും സർക്കാർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
താൽക്കാലിക വിദേശ തൊഴിലാളി പദ്ധതിയിലും പരിഷ്കാരങ്ങൾ കൊണ്ടുവരും. തൊഴിൽ വിപണിയുടെ ആവശ്യങ്ങൾക്കനുസരിച്ച് വിദേശ തൊഴിലാളികളെ നിയമിക്കുന്നതിനും അപേക്ഷാ നടപടികൾ വേഗത്തിലാക്കുന്നതിനും തൊഴിലുടമകളുടെ നിയമപാലനം ഉറപ്പാക്കുന്നതിനുമാണ് നീക്കം.
വിദ്യാർഥികളുടെയും വിദേശ തൊഴിലാളികളുടെയും പുതിയ വരവ് കുറയ്ക്കുന്നതിനൊപ്പം നിലവിൽ രാജ്യത്ത് കഴിയുന്നവർക്ക് സ്ഥിരതാമസത്തിലേക്കുള്ള അവസരം നൽകുന്നതാണ് പുതിയ നയത്തിന്റെ പ്രധാന സവിശേഷത. കാനഡയിൽ പഠിക്കുന്നവർക്കും ജോലി ചെയ്യുന്നവർക്കും പുതിയ പ്രഖ്യാപനങ്ങൾ പ്രധാനമാണ്. എന്നാൽ സ്ഥിരതാമസത്തിനുള്ള അവസരം എല്ലാവർക്കും സ്വയമേവ ലഭിക്കില്ല; വിശദമായ യോഗ്യതാ വ്യവസ്ഥകൾക്കായി കാത്തിരിക്കേണ്ടതുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.