ആരോഗ്യസ്ഥിതി മോശം: ഹൃദയാഘാതത്തിനും സ്‌ട്രോക്കിനും സാധ്യത, ജയിലില്‍നിന്ന് ജീവനോടെ തിരിച്ചെത്തിയേക്കില്ലന്ന് ഇമ്രാന്‍ ഖാന്‍,

ആരോഗ്യസ്ഥിതി മോശം: ഹൃദയാഘാതത്തിനും സ്‌ട്രോക്കിനും സാധ്യത, ജയിലില്‍നിന്ന് ജീവനോടെ തിരിച്ചെത്തിയേക്കില്ലന്ന് ഇമ്രാന്‍ ഖാന്‍,

ഇസ്ലാമബാദ്: ജയിലിനുള്ളില്‍ തന്റെ ആരോഗ്യസ്ഥിതി മോശമാകുകയാണെന്നും ആവശ്യമായ ചികിത്സ ലഭിക്കുന്നില്ലെന്നും പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.

ഹൃദയാഘാതമോ മസ്തിഷ്‌ക രക്തസ്രാവമോ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ജയിലില്‍നിന്ന് ജീവനോടെ തിരിച്ചെത്താന്‍ കഴിയുമോയെന്ന് ആശങ്കയുണ്ടെന്നും അദ്ദേഹം രാജ്യത്തെ ഉന്നത ജഡ്ജിമാര്‍ക്ക് അയച്ച തുറന്ന കത്തില്‍ വ്യക്തമാക്കി. 

ഭാര്യ ബുഷ്‌റ ബീബിയുടെ ആരോഗ്യനിലയും മോശമാകുകയാണെന്ന് കത്തില്‍ പറയുന്നു. വലതുകണ്ണിന്റെ കാഴ്ച 85 ശതമാനവും നഷ്ടപ്പെട്ടു. നേരത്തെ നടത്തിയ ശസ്ത്രക്രിയയ്ക്കുശേഷം ബുഷ്‌റ ബീബിയുടെ കാഴ്ചയും മോശമാകുന്നതായി അദ്ദേഹം പറഞ്ഞു

പാകിസ്ഥാനിലെ ഫെഡറല്‍ ഭരണഘടനാ കോടതി, സുപ്രീം കോടതി, ഇസ്ലാമബാദ് ഹൈക്കോടതി എന്നിവിടങ്ങളിലെ ചീഫ് ജസ്റ്റിസുമാര്‍ക്കാണ് ഇമ്രാന്‍ ഖാന്‍ കത്തയച്ചത്. മുന്‍പ് കോടതി പുറപ്പെടുവിച്ച ചികിത്സാ ഉത്തരവുകള്‍ നടപ്പാക്കണമെന്നും തനിക്കും ഭാര്യയ്ക്കും അടിയന്തര ചികിത്സ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 അഭിഭാഷകന്‍ ബാരിസ്റ്റര്‍ സല്‍മാന്‍ സഫ്ദറാണ് കത്ത് എക്‌സിലൂടെ പുറത്തുവിട്ടത്. നവംബര്‍ 2നും 11നും അഡിയാല ജയിലില്‍ ഇമ്രാന്‍ ഖാനെ സന്ദര്‍ശിച്ച സഫ്ദറിനോടാണ് കത്ത് ജഡ്ജിമാര്‍ക്ക് കൈമാറാന്‍ അദ്ദേഹം നിര്‍ദേശിച്ചത്.

74-ാം വയസില്‍ ഈ അവസ്ഥ എന്നെ ജീവനോടെ തിരിച്ചെത്താന്‍ കഴിയാത്ത ഒരിടത്തേക്ക് എത്തിക്കുകയാണ്' എന്നാണ് കത്തില്‍ ഇമ്രാന്‍ ഖാന്‍ കുറിച്ചത്. മുന്‍ പ്രധാനമന്ത്രിയായോ രാഷ്ട്രീയ പാര്‍ട്ടിയുടെ അധ്യക്ഷനായോ അല്ല താന്‍ കത്തെഴുതുന്നത. ക്രിക്കറ്റിലൂടെയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയും പൊതുസേവനത്തിലൂടെയും പാകിസ്ഥാനുവേണ്ടി ജീവിതം സമര്‍പ്പിച്ച വ്യക്തിയെന്ന നിലയിലാണ് ഇടപെടുന്നത്.

2025 ഡിസംബര്‍ 20 മുതല്‍ ദിവസവും 22 മണിക്കൂര്‍ വരെ ഏകാന്ത തടവില്‍ കഴിയുകയാണ്. കുടുംബാംഗങ്ങളെയോ അഭിഭാഷകരെയോ കാണാനോ മക്കളായ കാസിമിനോടും സുലൈമാനോടും ഫോണില്‍ സംസാരിക്കാനോ അനുവദിക്കുന്നില്ല. പുസ്തകങ്ങളും ടെലിവിഷനും ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും നിഷേധിക്കപ്പെട്ടു. 

2026 ഫെബ്രുവരി 10ന് അഭിഭാഷകന്‍ സല്‍മാന്‍ സഫ്ദറിന് ജയിലില്‍ സന്ദര്‍ശനാനുമതി ലഭിച്ചപ്പോഴാണ് വലതുകണ്ണിന്റെ കാഴ്ചശക്തി 85 ശതമാനം നഷ്ടപ്പെട്ട കാര്യം പുറത്തറിഞ്ഞതെന്നും ഇമ്രാന്‍ ഖാന്‍ പറയുന്നു.

നവംബര്‍ 10ന് തന്റെ രക്തസമ്മര്‍ദം 192, 193 എന്ന ഉയര്‍ന്ന നിലയിലെത്തിയെന്നും ഇത് മസ്തിഷ്‌ക രക്തസ്രാവത്തിനും ഹൃദയാഘാതത്തിനും സാധ്യത വര്‍ധിപ്പിക്കുന്നതാണെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയെന്നും അദ്ദേഹം പറയുന്നു. 

ഭാര്യ ബുഷ്‌റ ബീബിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചും ഇമ്രാന്‍ ഖാന്‍ ആശങ്ക പ്രകടിപ്പിച്ചു. ഏപ്രിലില്‍ റെറ്റിന വേര്‍പെടുന്ന അവസ്ഥ ഉണ്ടായതിനെത്തുടര്‍ന്ന് ബുഷ്‌റ ബീബിക്ക് സങ്കീര്‍ണമായ നേത്രശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയയ്ക്കുശേഷം വീണ്ടും ഏകാന്ത തടവിലേക്ക് മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.

ഈ മാസം ഭാര്യയെ കണ്ടപ്പോള്‍ വെളിച്ചം സഹിക്കാനോ കണ്ണുകള്‍ തുറക്കാനോ കഴിയാത്ത അവസ്ഥയിലായിരുന്നു. മറ്റൊരു ശസ്ത്രക്രിയ നടത്തിയില്ലെങ്കില്‍ കാഴ്ചശക്തി പൂര്‍ണമായി നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. 

ചികിത്സ ലഭിക്കാത്തതിനെക്കുറിച്ച് പരാമര്‍ശിക്കവേ, ചികിത്സയ്ക്ക് പണമില്ലാത്തവര്‍ക്ക് സൗജന്യമായി ചികിത്സ ലഭിക്കാനായി താന്‍ ജീവിതകാലം മുഴുവന്‍ ആശുപത്രികള്‍ നിര്‍മിച്ച വ്യക്തിയാണെന്നും ഇന്ന് താനും ഭാര്യയും ചികിത്സ മാത്രമാണ് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ദീര്‍ഘകാലത്തെ ഏകാന്ത തടവ് തന്റെ മാനസികാരോഗ്യത്തെയും ബാധിച്ചതായി ഇമ്രാന്‍ ഖാന്‍ പറയുന്നു. ജയിലിലെ മെഡിക്കല്‍ ബോര്‍ഡ് തന്നെ മാനസിക സമ്മര്‍ദവും ഉത്കണ്ഠയും നേരിടുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഭാര്യയുമായും കുടുംബാംഗങ്ങളുമായും കൂടുതല്‍ ഇടപഴകാനും പുസ്തകങ്ങളും ടെലിവിഷനും ലഭ്യമാക്കാനും നിര്‍ദേശിച്ചിരുന്നു. 

എന്നാല്‍ ഈ നിര്‍ദേശങ്ങള്‍ പാലിച്ചിട്ടില്ല. ഭാര്യയുമായുള്ള പ്രതിവാര കൂടിക്കാഴ്ചകള്‍ക്കും ജയില്‍ അധികൃതര്‍ പലതവണ തടസം സൃഷ്ടിച്ചു. സഹോദരിമാര്‍ കസ്റ്റഡിയിലാണെന്ന വിവരം അറിഞ്ഞിട്ടും അവരെ കാണാന്‍ അനുവദിക്കുന്നില്ല.

അഡിയാല ജയിലില്‍നിന്ന് ഇസ്ലാമബാദിലെ പാകിസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് അടുത്തിടെ ഇമ്രാന്‍ ഖാനെ നേത്രചികിത്സയ്ക്കായി മാറ്റിയിരുന്നു. നവംബര്‍ 10, 11 തീയതികളിലെ രാത്രിയില്‍ വലതുകണ്ണിലെ സെന്‍ട്രല്‍ റെറ്റിനല്‍ വെയിന്‍ ഒക്ലൂഷന്‍ എന്ന കാഴ്ചയെ ബാധിക്കുന്ന രോഗാവസ്ഥയ്ക്ക് ഇന്‍ട്രാവിട്രിയല്‍ ആന്റി-വിഇജിഎഫ് കുത്തിവയ്പ്പ് നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. പുലര്‍ച്ചെ 2.30ഓടെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് വീണ്ടും ജയിലിലേക്ക് മാറ്റി.

ഓഗസ്റ്റ് 18ന് ഇമ്രാന്‍ ഖാനെ രണ്ട് ദിവസത്തിനകം ഇസ്ലാമാബാദിലെ ഷിഫ ഇന്റര്‍നാഷണല്‍ ആശുപത്രിയിലേക്ക് മാറ്റണമെന്നും മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് ആരോഗ്യസ്ഥിതി പരിശോധിക്കണമെന്നും കുടുംബാംഗങ്ങളുമായി ഇടപഴകാന്‍ അനുവദിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. 

എന്നാല്‍ ഈ ഉത്തരവ് നടപ്പാക്കിയില്ല. സുരക്ഷാ കാരണങ്ങളാലാണ് ഷിഫ ആശുപത്രിയിലേക്ക് മാറ്റാതെ സര്‍ക്കാര്‍ ആശുപത്രിയായ പിംസില്‍ പ്രവേശിപ്പിച്ചതെന്ന് അന്ന് പാകിസ്ഥാന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി അത്താവുല്ല തരാര്‍ വ്യക്തമാക്കിയിരുന്നു. ആശുപത്രിക്കു സമീപം പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് പ്രവര്‍ത്തകര്‍ തടിച്ചുകൂടിയതാണ് തീരുമാനത്തിന് കാരണമെന്നായിരുന്നു വിശദീകരണം. എന്നാല്‍ സര്‍ക്കാര്‍ വാദം പാര്‍ട്ടി നിഷേധിച്ചിരുന്നു.

ജയിലിലെ സാഹചര്യങ്ങളുടെ ലക്ഷ്യം തന്നെ രോഗിയാക്കുകയും മാനസികമായി തളര്‍ത്തുകയുമാണെന്ന് മാത്രമേ തനിക്ക് കരുതാനാകൂവെന്നും ഇമ്രാന്‍ ഖാന്‍ കത്തില്‍ ആരോപിച്ചു. തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ജീവിച്ചിരിക്കേണ്ടത് അത്യാവശ്യമാണെന്നും സ്ഥിതി കൂടുതല്‍ വഷളാകുന്നതിന് മുമ്പ് ഇടപെടണമെന്നും ജഡ്ജിമാരോട് അദ്ദേഹം അഭ്യര്‍ഥിച്ചു. ഏറെ വൈകുന്നതിന് മുമ്പ് തനിക്ക് നീതി നല്‍കണമെന്ന അഭ്യര്‍ഥനയോടെയാണ് കത്ത് അവസാനിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network