വാഷിംഗ്ടണ്‍: അമേരിക്ക നാളെ വിധിയെഴുതും. അമേരിക്കൻ പാർലമെൻ്റായ കോണ്‍ഗ്രസിലെ ജനപ്രതിനിധി സഭയിലെയും സെനറ്റിലെയും അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള ഇടക്കാല തെരഞ്ഞെടുപ്പ് നവംബർ മൂന്നിന് നടക്കും.
ഡൊണാള്‍ഡ് ട്രംപിന്റെ രണ്ടാം പ്രസിഡൻസിയുടെ ശേഷിക്കുന്ന രണ്ടു വർഷങ്ങളുടെ രാഷ്ട്രീയദിശ തന്നെ നിർണയിക്കാവുന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍, യുഎസ് കോണ്‍ഗ്രസിന്റെ നിയന്ത്രണം ആരുടെ കൈയിലെത്തുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്. ഇതിനകം അഞ്ചുകോടിയിലേറെ അമേരിക്കക്കാർ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു.തെരഞ്ഞെടുപ്പ് പ്രചാരണം അവസാന മണിക്കൂറുകളിലേക്ക് കടക്കുമ്പോള്‍ ജനപ്രതിനിധി സഭയില്‍ ഡെമോക്രാറ്റുകള്‍ക്കാണ് മുൻതൂക്കമെന്നാണ് അഭിപ്രായ സർവേകള്‍ പറയുന്നത്. സെനറ്റില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നുണ്ടെങ്കിലും ഭരണകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടി നിലനിർത്തുമെന്നാണ് അഭിപ്രായ സർവേകള്‍ പ്രവചിക്കുന്നത്.
എന്നാല്‍ സർവേകള്‍ പൂർണമായും വിശ്വാസത്തിലെടുക്കാൻ ഇരുപാർട്ടികളും തയ്യാറായിട്ടില്ല. മുൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പുകളില്‍ സർവേ ഫലങ്ങള്‍ പാളിയ അനുഭവം പാർട്ടികള്‍ക്കുണ്ട്.
435 അംഗ ജനപ്രതിനിധി സഭയില്‍ ഭൂരിപക്ഷം ലഭിക്കാൻ 218 സീറ്റുകളാണ് വേണ്ടത്. നിലവില്‍ ജനപ്രതിനിധി സഭയില്‍ റിപ്പബ്ലിക്കൻമാർക്ക് 218-214 എന്ന നേരിയ ഭൂരിപക്ഷമുണ്ട്. സഭയുടെ നിയന്ത്രണം തിരിച്ചുപിടിക്കാൻ ഡെമോക്രാറ്റുകള്‍ക്ക് നാല് സീറ്റുകളുടെ അറ്റ നേട്ടം മതി. ദേശീയ സർവേകളില്‍ ഡെമോക്രാറ്റുകള്‍ക്ക് ഏഴുമുതല്‍ എട്ട് സീറ്റുകള്‍ വരെ മുൻതൂക്കമുണ്ട്. അതേസമയം സെനറ്റില്‍ കടുത്ത മത്സരമാണ് നടക്കുന്നത്.
നിലവില്‍ റിപ്പബ്ലിക്കൻ പാർട്ടിക്ക് 53 സീറ്റുകളും ഡെമോക്രാറ്റിക് പാർട്ടിക്ക് 47 സീറ്റുകളുമാണ് സെനറ്റില്‍ ഉള്ളത്. സെനറ്റിലെ റിപ്പബ്ലിക്കന്മാരുടെ മേല്‍ക്കൈ മറികടക്കാൻ നാല് സീറ്റുകളുടെ അറ്റ നേട്ടം ആവശ്യമാണ്. എന്നാല്‍ അത് നേടാൻ ഡെമോക്രാറ്റുകള്‍ക്ക് ബുദ്ധിമുട്ടാകുമെന്നാണ് ഇപ്പോഴത്തെ സൂചന. ടെക്സസ്, ഒഹായോ, മിഷിഗണ്‍, കാൻസസ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നടക്കുന്ന മത്സരങ്ങളില്‍ പാർട്ടികള്‍ ഉറ്റുനോക്കുന്നുണ്ട്.
വിലക്കയറ്റം പോലുള്ള ആഭ്യന്തര പ്രശ്നങ്ങള്‍ റിപ്പബ്ലിക്കൻമാർക്ക് തിരിച്ചടിയായേക്കാം എന്ന് വിലയിരുത്തപ്പെടുന്നു. സെപ്റ്റംബറിലെ റോയിട്ടേഴ്സ്/ഇപ്സോസ് പോള്‍ പ്രകാരം ട്രംപിന്റെ ജനപ്രീതി 32% എന്ന എക്കാലത്തെയും താഴ്ന്ന നിലയിലാണ്. അതേസമയം, പ്രചാരണത്തിനായി റിപ്പബ്ലിക്കൻ പാർട്ടിക്ക് വൻതോതില്‍ പണം ലഭിക്കുന്നുണ്ട്.
എലോണ്‍ മസ്ക് മാത്രം റിപ്പബ്ലിക്കൻമാരെ പിന്തുണയ്ക്കാൻ 442 മില്യണ്‍ ഡോളർ ചെലവഴിച്ചതായാണ് റിപ്പോർട്ടുകള്‍. അതിനിടെ, രാജ്യത്ത് അവസാനവട്ട റാലികള്‍ പുരോഗമിക്കുകയാണ്. ഡെമോക്രാറ്റിക് പാർട്ടിക്കായി മുൻ പ്രസിഡൻ്റ് ബരാക് ഒബാമ അടക്കം രംഗത്തുണ്ട്. പ്രസിഡൻ്റ് ട്രംപ് തന്നെയാണ് റിപ്പബ്ലിക്കൻ പാർട്ടിക്ക് വേണ്ടി പ്രചാരണം നയിക്കുന്നത്.
ഇതിനകം അഞ്ച് കോടിയിലേറെ ജനങ്ങള്‍ പ്രാരംഭ വോട്ടിങ്ങിലൂടെയും പോസ്റ്റല്‍ ബാലറ്റിലൂടെയും വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു. ബുധനാഴ്ച ഇന്ത്യൻ സമയം രാവിലെ മുതല്‍ ഫലങ്ങള്‍ പുറത്തുവരാനാണ് സാധ്യത. കോണ്‍ഗ്രസിനൊപ്പം 36 സംസ്ഥാനങ്ങളില്‍ ഗവർണർ തെരഞ്ഞെടുപ്പ് കൂടി നടക്കുന്നുണ്ട്. ഇതില്‍ ഏറ്റവും ശ്രദ്ധേയം,
ഇന്ത്യൻ വംശജനും റിപ്പബ്ലിക്കൻ പാർട്ടി നേതാവുമായ വിവേക് രാമസ്വാമിയുടെ ഒഹായോയിലെ മത്സരമാണ്. മുൻ ഒഹായോ ഹെല്‍ത്ത് ഡിപ്പാർട്ട്മെൻ്റ് ഡയറക്ടറായ എമി ആക്ടണ്‍ ആണ് ഡെമോക്രാറ്റിക് സ്ഥാനാർത്ഥി. മത്സരം വിവേക് രാമസ്വാമിക്ക് എളുപ്പമാകില്ലെന്നാണ് ഫലസൂചന.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.