അന്റാലിയ: ലോകത്തെ ഏകദേശം 200 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഉച്ചകോടിയായ COP31 തുർക്കിയിൽ തിങ്കളാഴ്ച ആരംഭിക്കും. രണ്ടാഴ്ച നീളുന്ന ഉച്ചകോടിയിൽ കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനുള്ള ആഗോള നടപടികൾ, ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കൽ, ശുദ്ധമായ ഊർജത്തിന്റെ വ്യാപനം, കാലാവസ്ഥാ ദുരന്തങ്ങളെ അതിജീവിക്കാനുള്ള ശേഷി വർധിപ്പിക്കൽ തുടങ്ങിയ വിഷയങ്ങൾ പ്രധാന ചർച്ചയാകും.
യുദ്ധം മൂലമുള്ള ഊർജപ്രതിസന്ധിയും നിർമിതബുദ്ധി സാങ്കേതികവിദ്യയുടെ അതിവേഗ വളർച്ചയും ഇത്തവണത്തെ ചർച്ചകൾക്ക് പുതിയ വെല്ലുവിളികളാണ് ഉയർത്തുന്നത്. ഇറാൻ സംഘർഷത്തെ തുടർന്ന് മധ്യപൂർവദേശത്തുനിന്നുള്ള എണ്ണവിതരണത്തിൽ തടസ്സങ്ങളുണ്ടായതോടെ ചില രാജ്യങ്ങൾ കൽക്കരി ഉപയോഗം വർധിപ്പിച്ചിട്ടുണ്ട്. ദക്ഷിണ കൊറിയ, ഇന്ത്യ, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങൾ കൽക്കരി അധിഷ്ഠിത വൈദ്യുതി ഉൽപാദനത്തിന് കൂടുതൽ പ്രാധാന്യം നൽകുന്ന സാഹചര്യവും ചർച്ചകളെ സ്വാധീനിക്കും. അതേസമയം, നിർമിതബുദ്ധി ഡാറ്റാ സെന്ററുകളുടെ വ്യാപനം ആഗോള വൈദ്യുതി ആവശ്യകത അതിവേഗം ഉയർത്തുകയാണ്.
2035ഓടെ ആഗോള സമ്പദ്‌വ്യവസ്ഥയുടെ മൂന്നിലൊന്നിലധികം വൈദ്യുതീകരിക്കുകയാണ് ആതിഥേയ രാജ്യമായ തുർക്കിയുടെ പ്രധാന ലക്ഷ്യം. ഗതാഗതം, വ്യവസായം, വീടുകൾ എന്നിവിടങ്ങളിൽ ഫോസിൽ ഇന്ധനങ്ങൾക്ക് പകരം വൈദ്യുതി ഉപയോഗിക്കുന്നത് വർധിപ്പിക്കാനാണ് പദ്ധതി. എന്നാൽ അധികമായി ഉൽപാദിപ്പിക്കുന്ന വൈദ്യുതി കുറഞ്ഞ കാർബൺ പുറന്തള്ളുന്ന സ്രോതസ്സുകളിൽ നിന്നായിരിക്കണമെന്ന് നിർബന്ധമില്ലെന്നതാണ് പദ്ധതിക്കെതിരെ ഉയരുന്ന പ്രധാന വിമർശനം.
സമുദ്രനിരപ്പ് ഉയരുന്നത് നേരിടുന്ന ദ്വീപ് രാജ്യങ്ങൾ ഫോസിൽ ഇന്ധനങ്ങളിൽനിന്ന് മാറുന്നതിനുള്ള വ്യക്തമായ ആഗോള റോഡ്മാപ്പ് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ എണ്ണ, വാതക ഉൽപാദക രാജ്യങ്ങൾ കാർബൺ പുറന്തള്ളൽ കുറയ്ക്കുന്ന സാങ്കേതികവിദ്യകൾ ഉപയോഗിച്ചും ഫോസിൽ ഇന്ധനങ്ങൾ തുടരാമെന്ന നിലപാടിലാണ്. പാരീസ് കാലാവസ്ഥാ കരാറിലെ 1.5 ഡിഗ്രി സെൽഷ്യസ് താപനില പരിധി ലോകത്തിന് മറികടക്കേണ്ടിവരുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി പദ്ധതിയുടെ പുതിയ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ COP31ൽ ഉണ്ടാകുന്ന തീരുമാനങ്ങൾ ആഗോള കാലാവസ്ഥാ നയങ്ങൾക്ക് നിർണായകമാകും.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.