കൊല്‍ക്കത്ത: പതിറ്റാണ്ടുകളായി ലോകത്തെ പ്രമുഖ ഗണിതശാസ്ത്രജ്ഞരെ കുഴക്കിയ ഗണിതപ്രശ്നത്തിന് പരിഹാരം കണ്ടെത്തി അന്താരാഷ്ട്ര ശ്രദ്ധ നേടിയ ഇന്ത്യൻ വനിതയ്ക്ക് വീണ്ടും വലിയ അംഗീകാരം.
കൊല്‍ക്കത്തയിലെ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കല്‍ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊഫസറായ നീന ഗുപ്തയാണ് ടൈം മാസികയുടെ 'ടൈം 100 നെക്സ്റ്റ് ഇന്ത്യ 2026' പട്ടികയില്‍ ഇടംപിടിച്ചത്. 1949-ല്‍ ഗണിതശാസ്ത്രജ്ഞനായ ഓസ്കർ സാരിസ്കി മുന്നോട്ടുവെച്ച സങ്കീർണമായ ഗണിതപ്രശ്നത്തിന്റെ ഒരു പതിപ്പിന് 2014-ലാണ് നീന പരിഹാരം കണ്ടെത്തിയത്. ഇതോടെയാണ് ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ടത്.ആള്‍ജിബ്രയുമായി ബന്ധപ്പെട്ട ജ്യാമിതീയ പഠനമേഖലയിലെ പ്രധാനപ്പെട്ട പ്രശ്നമായിരുന്നു സാരിസ്കി കാൻസലേഷൻ പ്രശ്നം. ഒരു അധിക മാനം കൂടി ചേർത്തപ്പോള്‍ ഒരേ ഘടനയായി മാറുന്ന രണ്ട് ഗണിതരൂപങ്ങള്‍ യഥാർഥത്തില്‍ തുടക്കത്തില്‍ തന്നെ ഒരേപോലെയായിരുന്നോ എന്നതായിരുന്നു ഈ പ്രശ്നത്തിന്റെ കാതല്‍. എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ ഇത് ശരിയല്ലെന്ന് നീന തെളിയിച്ചു.
ജാപ്പനീസ് ഗണിതശാസ്ത്രജ്ഞനായ തകനോരി അസാനുമ വികസിപ്പിച്ച ത്രിമാന ഗണിതഘടന ഉപയോഗിച്ചായിരുന്നു നീനയുടെ നിർണായക കണ്ടെത്തല്‍. ഗണിതശാസ്ത്രത്തിലെ ആഴത്തിലുള്ള പഠനങ്ങള്‍ക്ക് പുതിയ വഴികള്‍ തുറക്കുന്നതായിരുന്നു ഈ ഗവേഷണം.
കൊല്‍ക്കത്തയിലെ ബെഥൂണ്‍ കോളജില്‍നിന്ന് 2006ല്‍ ഗണിതശാസ്ത്രത്തില്‍ ബിരുദം നേടിയ നീന, 2008-ല്‍ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കല്‍ ഇൻസ്റ്റിറ്റ്യൂട്ടില്‍നിന്ന് ബിരുദാനന്തര ബിരുദവും 2011-ല്‍ പിഎച്ച്‌ഡിയും പൂർത്തിയാക്കി. ഗവേഷണരംഗത്തെ മികവിന് 2014-ല്‍ ഇന്ത്യൻ നാഷണല്‍ സയൻസ് അക്കാദമിയുടെ യങ് സയന്റിസ്റ്റ് പുരസ്കാരവും ലഭിച്ചു.
2019-ല്‍ ശാന്തി സ്വരൂപ് ഭട്നാഗർ പുരസ്കാരം സ്വന്തമാക്കിയ നീന, 2021-ല്‍ വികസ്വര രാജ്യങ്ങളിലെ യുവ ഗണിതശാസ്ത്രജ്ഞർക്കുള്ള രാമാനുജൻ പുരസ്കാരവും നേടി. ഈ പുരസ്കാരം നേടുന്ന മൂന്നാമത്തെ വനിതയെന്ന നേട്ടവും അന്ന് സ്വന്തമാക്കി.
2022-ല്‍ നാരീശക്തി പുരസ്കാരവും 2024-ല്‍ ഇൻഫോസിസ് പുരസ്കാരവും നീനയെ തേടിയെത്തി. ഗണിതശാസ്ത്രരംഗത്തെ വനിതകളുടെ സംഭാവനകളെ ആദരിക്കുന്ന പ്രശസ്തമായ എമ്മി നോതർ പ്രഭാഷണം നടത്താനും 2025-ല്‍ നീനയ്ക്ക് അവസരം ലഭിച്ചു.
പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഗണിതപ്രശ്നത്തിന് പരിഹാരം കണ്ടെത്തിയതിലൂടെ നേരത്തേ തന്നെ ശ്രദ്ധ നേടിയ നീനയ്ക്ക് ടൈമിന്റെ പുതിയ അംഗീകാരം മറ്റൊരു നേട്ടമായി മാറിയിരിക്കുകയാണ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.