പാറ്റ്ന: വിവാഹ സമ്മാനമായി ലഭിച്ച കറന്‍സി നോട്ടുകള്‍ എണ്ണാന്‍ വരന് കഴിയാതെ വന്നതോടെ വധു വിവാഹബന്ധം ഉപേക്ഷിച്ചു. ബിഹാറിലെ സരണ്‍ ജില്ലയിലെ മുബാറക്പൂര്‍ ഗ്രാമത്തിലെ ശിവരത് മാഞ്ചിയുടെ വസതിയിലായിരുന്നു സംഭവം.
മേക്കര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ ദദന്പൂര് സ്വദേശിയായ രാഹുല്‍ കുമാറായിരുന്നു വരന്. വിവാഹച്ചടങ്ങുകള്‍ക്ക് ശേഷം മുതിര്‍ന്നവരുടെ കാല്‍തൊട്ട് അനുഗ്രഹം വാങ്ങുന്ന ചടങ്ങിനിടെ, ചടങ്ങിനെത്തിയ സ്ത്രീകള്‍ രാഹുലിന് സമ്മാനമായി കുറച്ച് പണം നല്‍കിയിരുന്നു.തമാശരൂപേണ ബന്ധുക്കളില്‍ ഒരാള്‍ ഈ നോട്ടുകള്‍ എണ്ണി നോക്കാന്‍ ആവശ്യപ്പെട്ടതോടെയാണ് അപ്രതീക്ഷിത സംഭവങ്ങള്‍ അരങ്ങേറിയത്. പലതവണ ശ്രമിച്ചിട്ടും ഒരുപിടി നോട്ടുകള്‍ കൃത്യമായി എണ്ണാന്‍ രാഹുലിന് സാധിക്കാതെ വന്നത് എല്ലാവരെയും ഞെട്ടിച്ചു.
വരന്റെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് സംശയം തോന്നിയ വധു ഉടന്‍ തന്നെ തന്റെ ആശങ്ക പിതാവിനെ അറിയിക്കുകയായിരുന്നു. ഒരുപിടി നോട്ടുകള്‍ പോലും കൃത്യമായി എണ്ണാന്‍ അറിയാത്ത ഒരാള്‍ക്ക് എങ്ങനെയാണ് കുടുംബം പോറ്റാനും തനിക്കും ഭാവിയില്‍ കുട്ടികള്‍ക്കും നല്ലൊരു ജീവിതം നല്‍കാനും കഴിയുക എന്ന് മകള്‍ ചോദിച്ചതായി പിതാവ് ശിവരത് മാഞ്ചി പറഞ്ഞു. സര്‍ക്കാര്‍ സ്കൂളില്‍ പത്താം ക്ലാസ് വരെ പഠിച്ചിട്ടുണ്ടെന്നായിരുന്നു വരന്റെ വീട്ടുകാര്‍ വിവാഹാലോചന സമയത്ത് പറഞ്ഞിരുന്നത്.
ഇന്നത്തെ കാലത്ത് യുവതലമുറയില്‍ ആരും നിരക്ഷരരായിരിക്കില്ല എന്ന് വിശ്വസിച്ചാണ് തങ്ങള്‍ വിവാഹത്തിന് സമ്മതിച്ചതെന്നും വഞ്ചിക്കപ്പെട്ടതായി തോന്നിയെന്നും പിതാവ് വ്യക്തമാക്കി. ഇതോടെ വരന്റെ വീട്ടിലേക്ക് പോകാന്‍ വധു വിസമ്മതിക്കുകയും ഇരുവീട്ടുകാരും തമ്മില്‍ രൂക്ഷമായ തര്‍ക്കമുണ്ടാവുകയും ചെയ്തു.
വിവാഹത്തിനായി ചെലവഴിച്ച പണവും സമ്മാനങ്ങളും തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് വധുവിന്റെ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് വരനെ തടഞ്ഞുവെച്ചു. കണക്കുകള്‍ തീര്‍ത്ത ശേഷം മാത്രമേ വിട്ടയക്കൂ എന്നായിരുന്നു ഇവരുടെ നിലപാട്. തുടര്‍ന്ന് ആരോ 112 എമര്‍ജന്‍സി നമ്പറില്‍ വിളിച്ച് പോലിസിന്റെ സഹായം തേടി. സ്ഥലത്തെത്തിയ പോലിസ് സംഘവും പഞ്ചായത്ത് സര്‍പഞ്ചും ചേര്‍ന്ന് ഇരുവിഭാഗവുമായി ചര്‍ച്ച നടത്തി.
തര്‍ക്കങ്ങളുടെ പേരില്‍ വരനെ തടഞ്ഞുവെക്കാന്‍ കഴിയില്ലെന്ന് പോലിസ് വധുവിന്റെ വീട്ടുകാരെ ബോധ്യപ്പെടുത്തി. ഒടുവില്‍, ഇരുവീട്ടുകാരുടെയും സമ്മതത്തോടെ വിവാഹം അസാധുവായി പ്രഖ്യാപിക്കുകയും, വരന്റെ വീട്ടുകാര്‍ സമ്മാനങ്ങള്‍ തിരികെ നല്കി ഗ്രാമത്തില്‍ നിന്ന് സുരക്ഷിതമായി മടങ്ങുകയും ചെയ്തു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.