പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ വിവരങ്ങളും സേവനങ്ങളും എളുപ്പത്തില്‍ ലഭ്യമാക്കുന്ന 'ശബരി' പോര്‍ട്ടല്‍ മറ്റ് സംവിധാനങ്ങള്‍ക്ക് മാതൃകയാവുകയാണ്.
ലാന്‍ഡ് റവന്യൂ കമ്മീഷണറേറ്റിലെ ഇന്‍സ്പെക്ടര്‍ ബി. യോഗേഷ് തയ്യാറാക്കിയ ഈ പോര്‍ട്ടല്‍, പത്തനംതിട്ട കളക്ടറേറ്റിലെ ജൂനിയര്‍ സൂപ്രണ്ട് അജിത്ത് ശ്രീനിവാസാണ് ഏകോപിപ്പിച്ചത്.ദര്‍ശന സമയം, ബസ്, ട്രെയിന്‍ സമയക്രമങ്ങള്‍, കാലാവസ്ഥ, വഴികാട്ടികള്‍, ശബരി മാപ്പ് എന്നിവ വിരല്‍ത്തുമ്പില്‍ ലഭിക്കാന്‍ പോര്‍ട്ടല്‍ സഹായിക്കുന്നു. കൂടാതെ ശബരി ചാറ്റ്ബോട്ട്, വാട്സ്ആപ്പ് ഹെല്‍പ്പ് ഡെസ്ക്, പരാതി പരിഹാരം, കാണാതായവരെ കണ്ടെത്താനുള്ള സംവിധാനം, വാഹന തകരാര്‍ പരിഹാര സഹായം, ആരോഗ്യ സേവനങ്ങള്‍ എന്നിവയും ഇതിലൂടെ ലഭ്യമാണ്.
ഗതാഗതം, വനം, വന്യജീവി, ജലസേചനം തുടങ്ങിയ ഏകദേശം 60-ഓളം വിവിധ സേവനങ്ങള്‍ക്കൊപ്പം ഉദ്യോഗസ്ഥ വിന്യാസം, ഹാജര്‍ വിവരങ്ങള്‍, ശുചീകരണം, മേല്‍നോട്ടം എന്നിവയും ഒരുകുടക്കീഴില്‍ ഒരുക്കിയിട്ടുണ്ട്.
മണ്ഡല-മകരവിളക്ക് കാലത്ത് ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ക്കും ആയിരക്കണക്കിന് ഉദ്യോഗസ്ഥര്‍ക്കും ഏറെ ഉപകാരപ്രദമായ ഈ പോര്‍ട്ടല്‍, ഭരണകേന്ദ്രങ്ങളില്‍ സ്ഥിരം സംവിധാനമായി ഉപയോഗിക്കാന്‍ കഴിയുന്നത്ര മികച്ചതാണെന്ന് ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നു. 60 ലക്ഷം തീര്‍ത്ഥാടകരെ പ്രതീക്ഷിച്ച് ആരംഭിച്ച പോര്‍ട്ടലില്‍ ആദ്യ പത്ത് ദിവസത്തിനുള്ളില്‍ തന്നെ 20 ലക്ഷം പേര് എത്തിക്കഴിഞ്ഞു.
മൊബൈല്‍ ഫോണില്‍ വേഗത്തില്‍ തുറക്കാവുന്ന തരത്തിലുള്ള ഹോം പേജ് ക്രമീകരണം മുതല്‍ വേഗത്തിലുള്ള സേവനങ്ങള്‍ വരെ പോര്‍ട്ടലില്‍ ഒരുക്കിയിട്ടുണ്ട്. അപേക്ഷകള്‍ ഏത് വിഭാഗത്തിലാണ് ഉള്‍പ്പെടുന്നതെന്ന് വേഗത്തില്‍ കണ്ടെത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറാനും നിശ്ചിത സമയത്തിനുള്ളില്‍ തീര്‍പ്പാക്കി പരാതിക്കാരെ അറിയിക്കാനും ഇതിലൂടെ സാധിക്കും.
സര്‍ക്കാര്‍ വകുപ്പുകള്‍ക്കായി കോടികള്‍ ചെലവഴിച്ച് പോര്‍ട്ടലുകള്‍ നിര്‍മ്മിക്കുമ്പോഴാണ്, റവന്യൂ വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥര്‍ യാതൊരു ചെലവുമില്ലാതെ ശബരി പോര്‍ട്ടല്‍ നിര്‍മ്മിച്ച് നല്‍കിയതെന്നും ഈ സംവിധാനം റവന്യൂ വകുപ്പിനും മറ്റ് വകുപ്പുകള്‍ക്കും പൊതുജനങ്ങള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുമെന്നും അഭിപ്രായം ഉയരുന്നുണ്ട്






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.