തിരുവനന്തപുരം: കേരളത്തിന് 70 വയസ് തികയുന്ന നവംബർ ഒന്നിന്, 70 വയസും അതിന് മുകളില്‍ പ്രായവുമുള്ള മുതിർന്ന പൗരന്മാർക്ക് പ്രത്യേക ഓഫറുകളുമായി സപ്ലൈകോ.
ആയിരം രൂപയ്ക്ക് മുകളില്‍ സബ്സിഡിയിതര സാധനങ്ങള്‍ വാങ്ങുന്ന 70 വയസോ അതില്‍ കൂടുതലോ പ്രായമുള്ള ഉപഭോക്താക്കള്‍ക്ക് ശബരി വെളിച്ചെണ്ണയുടെ പരമാവധി ചില്ലറ വില്‍പ്പന വിലയില്‍ നിന്ന് 70 രൂപ കുറച്ച്, ഒരു ലിറ്റർ 229 രൂപ നിരക്കില്‍ ലഭ്യമാക്കും.കേരളത്തിന്‍റെ വളർച്ചയ്ക്കും പുരോഗതിക്കും സാക്ഷികളായ മുതിർന്ന തലമുറയോടുള്ള ആദരസൂചകമായി നവംബർ ഒന്ന് മുതല്‍ ഏഴ് വരെയാണ് ഓഫർ. മലയാളത്തിലെ 'മ' എന്ന അക്ഷരത്തില്‍ തുടങ്ങുന്ന ശബരി ഉല്‍പ്പന്നങ്ങള്‍ക്കും പ്രത്യേക ഓഫറുണ്ട്. ശബരി മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, മുളകുപൊടി എന്നിവയുടെ 100 ഗ്രാം പാക്കറ്റുകള്‍ക്ക് നവംബർ ഒന്ന് മുതല്‍ ഏഴ് വരെ സപ്ലൈകോ നിലവില്‍ നല്‍കുന്ന വില്‍പ്പന വിലയില്‍ നിന്ന് ഏഴ് ശതമാനം വിലക്കുറവ് ലഭിക്കും. ഈ ആനുകൂല്യം എല്ലാ ഉപഭോക്താക്കള്‍ക്കും ലഭിക്കും.
കേരളപ്പിറവിയുടെ മധുരം വീടുകളിലേക്കും പകരാൻ ശബരി പായസമിക്സ് ഉല്‍പ്പന്നങ്ങള്‍ക്ക് നവംബർ ഒന്ന് മുതല്‍ 30 വരെ 10 ശതമാനം വിലക്കുറവും എല്ലാ ഉപഭോക്താക്കള്‍ക്കും ലഭ്യമാക്കും. സപ്ലൈകോ നിലവില്‍ നല്‍കുന്ന വിലക്കുറവിനും പുറമെയാണിത്.
അതേസമയം, സ്വന്തം ബ്രാൻഡായ ശബരിയുടെ പുതിയ ഉല്‍പ്പന്നങ്ങളായ മൈദ, റവ എന്നിവ വിപണിയിലിറക്കാൻ ഒരുങ്ങുകയാണ് സപ്ലൈകോ. ശബരി ആട്ട, ശബരി ഗോള്‍ഡ് ചായപ്പൊടി, ശബരി ഹോട്ടല്‍ ബ്ലെൻഡ് ചായപ്പൊടി എന്നിവ പുതിയ ബ്രാൻഡഡ് പാക്കിംഗില്‍ പുനരവതരിപ്പിക്കുകയും ചെയ്യും.
ഒക്ടോബർ 31ന് വൈകിട്ട് മൂന്നിന് എറണാകുളം ഐഎംഎ ഹൗസില്‍ നടക്കുന്ന ചടങ്ങ് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് ഔദ്യോഗികമായി ഈ പുതിയ ഉത്പന്നങ്ങള്‍ വിപണിയിലിറക്കും.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.