ഒൻപത് രാവും പകലും ഇരിക്കാൻ പാടില്ല, ഉറങ്ങില്ല! 350 വര്‍ഷം പഴക്കമുള്ള നവരാത്രി ആചാരം; ഹിന്ദുക്കള്‍ക്കൊപ്പം മുസ്‌ലീങ്ങളും,

ഒൻപത് രാവും പകലും ഇരിക്കാൻ പാടില്ല, ഉറങ്ങില്ല! 350 വര്‍ഷം പഴക്കമുള്ള നവരാത്രി ആചാരം; ഹിന്ദുക്കള്‍ക്കൊപ്പം മുസ്‌ലീങ്ങളും,

 മഹാരാഷ്ട്ര: നവരാത്രി എന്നു കേള്‍ക്കുമ്പോള്‍ മനസ്സിലെത്തുന്നത് ആഘോഷങ്ങളും പൂജകളും വ്രതാനുഷ്ഠാനങ്ങളുമാണ്.

എന്നാല്‍ മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ നവരാത്രി ആഘോഷിക്കുന്നത് ഇരിക്കാതെയും ഉറങ്ങാതെയും ഒൻപത് രാപ്പകലുകള്‍ ചെലവഴിച്ചാണ്.വിശ്വാസത്തിന്റെയും ആത്മസമർപ്പണത്തിന്റെയും അപൂർവ മാതൃകയായി മാറിയ ഈ ആചാരത്തിന് ഏകദേശം 350 വർഷത്തെ പഴക്കമുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്.

 മഹാരാഷ്ട്രയിലെ സത്താറ ജില്ലയിലെ വൈ താലൂക്കിലുള്ള പാണ്ടെ ഗ്രാമത്തിലെ കാല്‍ഭൈരവനാഥ ക്ഷേത്രത്തിലാണ് 'ഉഭയാചി നവരാത്രി' അഥവാ 'നില്‍ക്കുന്ന നവരാത്രി' എന്നറിയപ്പെടുന്ന ഈ ചടങ്ങ് നടക്കുന്നത്. നൂറോളം പുരുഷന്മാർ പങ്കെടുക്കുന്ന ഈ വ്രതത്തില്‍ ഉറക്കവും ഇരിപ്പും ഒഴിവാക്കി ഒൻപത് ദിവസം ഭക്തിയോടെ ചെലവഴിക്കുകയാണ് വിശ്വാസികള്‍.

ആഗ്രഹസാഫല്യത്തിനും നന്ദി പ്രകടനത്തിനുമായി വ്രതം

ഗ്രാമദേവനായ കാല്‍ഭൈരവനാഥനോടുള്ള ഭക്തിയും നന്ദിയും പ്രകടിപ്പിക്കുന്നതിനും ആഗ്രഹങ്ങള്‍ നിറവേറുന്നതിനുമായി ഭക്തർ ഈ വ്രതം അനുഷ്ഠിക്കുന്നു. പങ്കെടുക്കുന്ന ഓരോ കുടുംബത്തില്‍നിന്നും കുറഞ്ഞത് ഒരാളെങ്കിലും വ്രതത്തില്‍ പങ്കുചേരാറുണ്ടെന്നാണ് ക്ഷേത്ര സമിതി പറയുന്നത്. മൂന്ന്, അഞ്ച്, ഏഴ്, പത്ത് വർഷങ്ങളോ അതിലധികമോ കാലം ഈ വ്രതം ആവർത്തിക്കുമെന്ന് ചിലർ പ്രതിജ്ഞയെടുക്കാറുണ്ടെന്ന് ക്ഷേത്ര സമിതി ചെയർമാൻ ഹേമന്ത് ജാദവ് വ്യക്തമാക്കുന്നു.

18 മുതല്‍ 65 വയസ്സുവരെയുള്ളവരാണ് 'നവരാത്കാരികള്‍' എന്നറിയപ്പെടുന്ന ഈ വ്രതാനുഷ്ഠാനത്തില്‍ പങ്കെടുക്കുന്നത്. ഗ്രാമത്തിന് പുറത്തു ജോലി ചെയ്യുന്നവരും സായുധ സേനയില്‍ സേവനമനുഷ്ഠിക്കുന്നവരും ഇതിനായി അവധിയെടുത്ത് നാട്ടിലെത്താറുണ്ട്.

ഇരിക്കാനോ കിടന്നുറങ്ങാനോ പാടില്ല; കർശനമായ നിബന്ധനകള്‍

ഒൻപത് ദിവസവും ഇരിക്കാതെയും കിടന്നുറങ്ങാതെയും കഴിയുക എന്നതാണ് ഈ വ്രതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിബന്ധന. ക്ഷേത്രത്തിനുള്ളില്‍ ഒരുക്കിയിരിക്കുന്ന 'ചൗഫാല' എന്ന പ്രത്യേക സംവിധാനത്തില്‍ നെഞ്ച് ചേർത്ത് ചാരിനില്‍ക്കാൻ ഭക്തർക്ക് അനുവാദമുണ്ട്. എന്നാല്‍, ഒരു കാല്‍ എങ്കിലും നിലത്ത് ഉറപ്പിച്ചുനിർത്തണം. പാദങ്ങളിലൂടെ ഭൂമിയുമായുള്ള ബന്ധം നിലനിർത്തണമെന്ന വിശ്വാസമാണ് ഈ ആചാരത്തിന്റെ അടിസ്ഥാനം.

വ്രതകാലത്ത് ചാടുന്നതും വേഗത്തില്‍ നടക്കുന്നതും അനുവദനീയമല്ല. ആരതി സമയത്ത് വെള്ള വസ്ത്രം ധരിച്ച്‌ നഗ്നപാദരായി നില്‍ക്കുന്ന ഭക്തർ, ശരീരത്തിന്റെ ബാലൻസ് നിലനിർത്താൻ വടിയും ഉപയോഗിക്കുന്നു. ഭക്ഷണത്തിലും കർശന നിയന്ത്രണങ്ങളുണ്ട്. എണ്ണ, ഉപ്പ്, മുളക് എന്നിവ ഒഴിവാക്കി പാല്‍, പഴങ്ങള്‍, ചവ്വരി പായസം തുടങ്ങിയവയാണ് പ്രധാനമായും കഴിക്കുന്നത്.

വിജയദശമി കഴിയുന്നതുവരെ ഗ്രാമത്തിന്റെ അതിർത്തി കടക്കാനും വ്രതാനുഷ്ഠാനികള്‍ക്ക് അനുവാദമില്ല. നിശ്ചയിച്ച ചട്ടങ്ങള്‍ ലംഘിക്കുകയോ അബദ്ധത്തില്‍ ഇരിക്കുകയോ ചെയ്താല്‍ ക്ഷേത്ര പൂജാരിയോട് കുറ്റം ഏറ്റുപറഞ്ഞ് വ്രതം ആദ്യം മുതല്‍ വീണ്ടും ആരംഭിക്കണമെന്നാണ് ആചാരമെന്ന് റിപ്പോർട്ടില്‍ പറയുന്നു.

മതവ്യത്യാസങ്ങള്‍ക്കപ്പുറം ഒന്നിക്കുന്ന ഗ്രാമം

ഈ ആചാരത്തിന്റെ പ്രത്യേകത കഠിനമായ വ്രതാനുഷ്ഠാനത്തില്‍ മാത്രം ഒതുങ്ങുന്നില്ല. ഹിന്ദുക്കളും മുസ്‌ലിംകളും പരസ്പര സൗഹാർദത്തോടെ ഒത്തുചേരുന്ന ഗ്രാമത്തിന്റെ സാമൂഹിക ജീവിതവും ശ്രദ്ധേയമാണ്. കഴിഞ്ഞ 26 വർഷമായി വ്രതത്തില്‍ സജീവമായി പങ്കെടുക്കുന്ന ഗ്രാമവാസിയായ ഹാറൂണ്‍ ഇനാംദാർ ഇതിന് ഉദാഹരണമാണ്.

ഗ്രാമത്തില്‍ മതപരമായ വിവേചനങ്ങളില്ലെന്നും സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചെലവഴിക്കുന്നത് സന്തോഷം നല്‍കുന്നുവെന്നും അദ്ദേഹം പറയുന്നു. യാതൊരു പ്രതിഫലവും പ്രതീക്ഷിക്കാതെ ആചാരത്തിലെ എല്ലാ നിയമങ്ങളും പാലിച്ചാണ് താൻ പങ്കെടുക്കുന്നതെന്നും ഹാറൂണ്‍ വ്യക്തമാക്കുന്നു. വിശ്വാസങ്ങള്‍ വ്യത്യസ്തമായിരിക്കുമ്പോഴും ഒരുമയോടെ മുന്നോട്ടുപോകാമെന്ന സന്ദേശമാണ് പാണ്ടെ ഗ്രാമത്തിലെ ഈ പാരമ്പര്യം നല്‍കുന്നത്.

സ്ത്രീകളുമായി ബന്ധപ്പെട്ട ആചാരം ചർച്ചയാകുന്നു

നവരാത്രി വ്രതവുമായി ബന്ധപ്പെട്ട മറ്റൊരു രീതി സാമൂഹിക ചർച്ചകള്‍ക്കും വഴിതുറക്കുന്നുണ്ട്. വ്രതമനുഷ്ഠിക്കുന്നയാളുടെ കുടുംബത്തിലെ സ്ത്രീക്ക് ഒൻപത് ദിവസത്തിനിടെ ആർത്തവമുണ്ടായാല്‍ അവർ താല്‍ക്കാലികമായി മറ്റൊരു മുറിയിലേക്കോ ഗ്രാമത്തിന് പുറത്തുള്ള ബന്ധുവീട്ടിലേക്കോ മാറിത്താമസിക്കണമെന്നാണ് ആചാരം.

വ്രതമെടുക്കുന്നയാള്‍ക്കായി പ്രത്യേക ഭക്ഷണം തയ്യാറാക്കുന്നതും മറ്റു വീട്ടുജോലികള്‍ ചെയ്യുന്നതും ശാരീരിക അധ്വാനം ആവശ്യപ്പെടുന്ന കാര്യങ്ങളാണെന്നും ആർത്തവസമയത്തെ ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് ഈ ക്രമീകരണമെന്നും ഗ്രാമപഞ്ചായത്ത് സർപഞ്ച് ചേതന ജാദവ് വിശദീകരിക്കുന്നു. സ്ത്രീകളുടെ ജോലിഭാരം കുറയ്ക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യമെന്നാണ് അധികൃതരുടെ വിശദീകരണം.

നൂറ്റാണ്ടുകളായി കൈമാറിവരുന്ന വിശ്വാസങ്ങളും ആചാരങ്ങളും ഇന്നും ഒരു ഗ്രാമത്തിന്റെ ജീവിതത്തിന്റെ ഭാഗമാകുന്നതിന്റെ ഉദാഹരണമാണ് പാണ്ടെയിലെ 'നില്‍ക്കുന്ന നവരാത്രി'. കഠിനമായ വ്രതാനുഷ്ഠാനത്തിനൊപ്പം മതസൗഹാർദവും സാമൂഹിക പാരമ്പര്യങ്ങളും ഒത്തുചേരുന്ന ഈ ചടങ്ങ് നവരാത്രിയുടെ വൈവിധ്യമാർന്ന ആചാരലോകത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network