തൃശൂര്‍: കുന്നംകുളം മരത്തംകോട് അതിഥി തൊഴിലാളിയെ വാടക ക്വാട്ടേര്‍ഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് കണ്ടെത്തി.
ബീഹാര്‍ സ്വദേശി മുഹമ്മദ് മുംതാബ് മിയാനാണ് ( 41) കൊല്ലപ്പെട്ടത്. ഭാര്യയും കാമുകനും ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. ഇവര്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. കഴിഞ്ഞ ദിവസം രാവിലെ 7.30 നാണ് മരത്തംകോട് പുതിയമാത്തൂര്‍ ചിറപുറത്തുള്ള വാടക ക്വാട്ടേഴ്സില്‍ അതിഥി തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.സ്വാഭാവിക മരണമെന്നായിരുന്നു പ്രാഥമിക നിഗമനം. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഭാര്യയും കുടുംബാംഗങ്ങളും പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാല്‍ മുഹമ്മദ് മുംതാബിന്റെ കഴുത്തില്‍ ചില അടയാളങ്ങള്‍ കണ്ടെത്തില്‍ പൊലീസിന് സംശയം തോന്നിയിരുന്നു.
പോസ്റ്റ് മോര്‍ട്ടത്തിനു മുമ്പ് സര്‍ജനോട് പൊലീസ് ഇക്കാര്യങ്ങള്‍ പങ്കുവെച്ചു. പോസ്റ്റ്മോര്‍ട്ടത്തില്‍ കഴുത്തില്‍ മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തുകയായിരുന്നു. മുഹമ്മദിന്റെ കഴുത്തു ഞെരിച്ചിട്ടുണ്ടെന്നും മുഖവും വായയും പൊത്തിപ്പിടിച്ചിട്ടുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ വ്യക്തമാക്കി. തുടര്‍ന്ന് കുന്നംകുളം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയും ഭാര്യയേയും കാമുകനേയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പ്രതികളെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
കെട്ടിടനിര്‍മാണ തൊഴിലാളിയായിരുന്ന മുഹമ്മദ് മുംതാബും കുടുംബവും ബീഹാറില്‍ നിന്ന് എട്ടു വര്‍ഷം മുമ്പാണ് ജോലി തേടി തൃശൂരില്‍ എത്തുന്നത്. മദ്യപാനം പതിവായിരുന്ന മുഹമ്മദ് മുംതാബ് മിയാന്‍ വീട്ടില്‍ വഴക്കിടുന്നത് പതിവായിരുന്നു. ഇതിനിടെ ഭാര്യ റോഷന് കാത്തൂണ്‍ ബിഹാര്‍ സ്വദേശിയായ ഹസന്നാന്‍ എന്ന 38കാരനുമായി അടുപ്പത്തിലായി.
ഇവർ പ്ലാൻ ചെയ്ത് മുഹമ്മദിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. കുന്നംകുളം എ.സി.പി ഷാജു കെ.എബ്രഹാം, സി.ഐ. അനില്‍കുമാര്‍ ടി മേപ്പുള്ളി, എസ്.ഐ രോഹിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. ഡോഗ് സ്കോഡും ഫോറന്‍സിക് വിഭാഗവും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.