ചിറ്റൂര്‍ (പാലക്കാട്): കൊഴിഞ്ഞാമ്പാറ മേനോന്‍പാറയില്‍ അഞ്ചും മൂന്നും വയസുള്ള സഹോദരങ്ങളെ കുളിമുറിയിലെ വെള്ളത്തൊട്ടിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം.
അമ്മ നിവേദ്യ(33)യാണ് കുട്ടികളെ കൊലപ്പെടുത്തിയതെന്നു പോലീസ്. മക്കള്‍ കാരണം തനിക്ക് സ്വതന്ത്രമായി ജീവിക്കാന്‍ കഴിയുന്നില്ലെന്നു നിവേദ്യ മൊഴി നല്‍കിയതായും പോലീസ് പറഞ്ഞു. പഠിക്കണമെന്നും മോഡലിങ്ങിനു പോകണമെന്നുമായിരുന്നു തന്റെ ആഗ്രഹമെന്നും ഭര്‍ത്താവ് മദ്യപാനിയാണെന്നും നിവേദ്യ പോലീസിനോട് പറഞ്ഞു.ആഗ്രഹങ്ങള്‍ക്കു കുട്ടികള്‍ തടസമാകുമെന്നു കരുതി കുളിമുറിയിലെ വെള്ളത്തൊട്ടിയില്‍ മുക്കി കൊലപ്പെടുത്തുകയായിരുന്നു. നിവേദ്യയ്ക്കു മാനസികപ്രശ്നമില്ലെന്നും പോലീസ് സ്ഥിരീകരിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ച്ച രാവിലെ പത്തരയോടെയാണ് കൊഴിഞ്ഞാമ്പാറ പഴണിയാര്‍പാളയം കള്ളയാര്‍പാളയം മണല്‍ക്കാട്ട് ജോണ്‍കുമാറിന്റെയും നിവേദ്യയുടെയും മക്കള്‍ ജെനിഫര്‍ ജൂലിയറ്റ് (അഞ്ച്), റോബിന് ക്രിസ്റ്റഫര്‍ (മൂന്ന്) എന്നിവരെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. രണ്ടുമാസം മുമ്പാണ് വിറകുവെട്ട് തൊഴിലാളിയായ ജോണ്‍കുമാറും കുടുംബവും മേനോന്‍പാറയിലെ വാടകവീട്ടിലേക്ക് താമസം മാറിയത്.
സംഭവസമയത്ത് ജോണ്‍കുമാര്‍ ജോലിക്കു പോയിരുന്നു. കുട്ടികള്‍ കുളിമുറിയിലെ ചെറിയ വെള്ളത്തൊട്ടിയില്‍ അബദ്ധത്തില്‍ വീണ് മരിക്കാന്‍ സാധ്യതയില്ലെന്ന് പിതൃസഹോദരി ബെന്‍സിയും ബന്ധുക്കളും സംശയം പ്രകടിപ്പിച്ചിരുന്നു.
ബെന്‍സി നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ശക്തമാക്കിയത്. വിശദമായ ചോദ്യംചെയ്യലില്‍ കുറ്റം സമ്മതിച്ച നിവേദ്യയെ കൊഴിഞ്ഞാമ്പാറ പോലീസ് അറസ്റ്റ് ചെയ്തു. മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത് മലമ്പുഴ സബ് ജയിലേക്കു മാറ്റി.
ചിറ്റൂര്‍ ഡിവൈ.എസ്.പി: എം. ശശിധരന്റ നേതൃത്വത്തിലാണ് പ്രതിയെ ചോദ്യം ചെയ്തത്. ഇന്‍സ്പെക്ടര്‍ എസ്. രജീഷ്, എസ്.ഐ: എ.കെ. ശ്രീജിത്ത്, ജി.എസ്.ഐമാരായ ആര്. തോമസ് ഔസേപ്പ്, എ.എസ്.ഐമാരായ എന്‍. സുമതി, പി. ശാന്തി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ എച്ച്. ഷിയാവുദ്ദീന്‍, എന്‍. ഷിബു, ആര്. ഉഷസ് എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.