മുംബൈ: മുംബൈ മാഹിം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത സാമ്പത്തിക തട്ടിപ്പ് കേസിലെ രണ്ടാം പ്രതിയായ മലയാളി യുവതി കൊച്ചിയില്‍ പിടിയിലായി.
എറണാകുളം ആര്യങ്കാവ് കുളയേട്ടിക്കര സ്വദേശി ശ്രുതി സി.ആർ (34) ആണ് കൊച്ചി പോലീസിന്റെ സഹായത്തോടെ മുംബൈ മാഹിം പോലീസിന്റെ പിടിയിലായത്. ജോലി ചെയ്‌തിരുന്ന കമ്പനിയില്‍ നിന്ന് ഏകദേശം രണ്ട് കോടിയോളം രൂപ തട്ടിയെടുത്ത സംഭവത്തില്‍ കമ്പനി എം.ഡി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മാഹിം പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റർ ചെയ്തത്.തട്ടിപ്പ് വിവരം പുറത്തുവരികയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തതോടെ എറണാകുളം ബ്രാഞ്ചില്‍ ജോലി ചെയ്തിരുന്ന രണ്ടാം പ്രതി ശ്രുതി സി.ആർ ഒളിവില്‍ പോവുകയായിരുന്നു. തുടർന്ന് മുംബൈ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ ഫയല്‍ ചെയ്തെങ്കിലും കോടതി ജാമ്യം അനുവദിച്ചില്ല.
കഴിഞ്ഞ 57 ദിവസമായി ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ കണ്ടെത്തുന്നതിനായി മുംബൈ പോലീസ് കൊച്ചി സിറ്റി പോലീസിന്റെ സഹായം തേടുകയായിരുന്നു. എറണാകുളം സെൻട്രല്‍ എ.സി.പി സിബി ടോമിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി കാക്കനാട് നിലം പതിഞ്ഞമുകളിലെ 'സൊലാസ് വില്ലേജ് ആല്‍ഫാ റസിഡൻസിയില്‍' ഒളിവില്‍ കഴിയുന്നതായി വിവരം ലഭിച്ചത്.
തുടർന്ന് മുംബൈ മാഹിം പോലീസ് കൊച്ചി പോലീസിന്റെ സഹായത്തോടെ ഇവിടെയെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കാക്കനാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി ട്രാൻസിറ്റ് വാറണ്ട് വാങ്ങിയ ശേഷം മുംബൈയിലേക്ക് കൊണ്ടുപോയി. പ്രതിയെ സഹായിച്ചവരെയും പണം മാറ്റുന്നതിനായി സഹായം ചെയ്തു നല്‍കിയവരെയും കണ്ടെത്തി കേസില്‍ പ്രതി ചേർക്കുമെന്ന് മുംബൈ പോലീസ് അറിയിച്ചു.
എറണാകുളം സെൻട്രല്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ സിബി ടോമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ സബ് ഇൻസ്പെക്ടർ ഇ.എം. ഷാജി, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സുനില്‍ പി. ജലീല്‍, സീനിയർ സിവില്‍ പോലീസ് ഓഫീസർമാരായ പ്രശാന്ത് ബാബു, ഹരീഷ് ബാബു, വിപിൻ, ഷിജിത്ത്, അജിലേഷ്, ഷിബു എന്നിവരും ഉണ്ടായിരുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.