ഓട്ടവ: കാനഡയിലെ കച്ചവടക്കാരെയും വ്യവസായികളെയും ലക്ഷ്യമിട്ട് വൻതോതിൽ ഭീഷണിയും വെടിവെപ്പും തീവെപ്പും നടത്തിയ അഞ്ചംഗ ഇന്ത്യൻ വംശജരുടെ സംഘത്തെ റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (RCMP) പിടികൂടി.
കഴിഞ്ഞ 16 മാസങ്ങളായി അതീവ രഹസ്യമായി പോലീസ് നടത്തിവന്ന ബൃഹത്തായ അന്വേഷണത്തിനൊടുവിലാണ് കാനഡയെ നടുക്കിയ ഈ കുറ്റകൃത്യ ശൃംഖലയെ പോലീസ് പൂർണ്ണമായും തകർത്തത്. കസ്റ്റഡിയിലുള്ള അഞ്ച് പ്രതികളും ഇന്ത്യക്കാരാണെന്ന് അന്വേഷണസംഘം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.2025 ജൂണിൽ ലാംഗ്ലിയിലും സറെയിലുമുള്ള ഒരു പ്രമുഖ കാർ ഡീലർഷിപ്പിന്റെ ഉടമകളിൽ നിന്ന് ഭീമമായ തുക ആവശ്യപ്പെട്ട് ഭീഷണി സന്ദേശങ്ങൾ വന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. പണം നൽകാൻ ഉടമകൾ തയ്യാറാകാതിരുന്നതിനെ തുടർന്ന് സ്ഥാപനത്തിന്റെ ലാംഗ്ലി, സറി ഷോറൂമുകൾക്ക് നേരെ പ്രതികൾ ആസൂത്രിതമായി തീവെപ്പും വെടിവെപ്പും നടത്തുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവന്നതോടെ കനേഡിയൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി
വ്യാഴാഴ്ച ടൊറന്റോ പിയേഴ്സൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ചാണ് ഇന്ത്യയിൽ നിന്നുള്ള 23-കാരനായ സങ്കേത് സിംഗ്ലയെ പോലീസ് പിടികൂടിയത്. സങ്കേതിൻ്റെ യാത്രാവിവരങ്ങൾ നിരീക്ഷിച്ചു വരികയായിരുന്ന അന്വേഷണ സംഘം കാനഡയിലേക്ക് കടക്കാൻ സാഹചര്യം ഒരുക്കിയ ശേഷമാണ് വിമാനത്താവളത്തിൽ വെച്ച് അപ്രതീക്ഷിതമായി അറസ്റ്റ് രേഖപ്പെടുത്തിയത്.
കേസിലെ മറ്റ് പ്രതികളായ ബ്രിട്ടീഷ് കൊളംബിയ നിവാസികളായ സാഹിൽ (24), സിമ്രൻജീത് സിംഗ് (24), ഹർഷ് (21), ഒന്റാറിയോ സ്വദേശിയായ ജഗ്ദീപ് സിംഗ് (24) എന്നിവരെ സറിയിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് പോലീസ് വലയിലാക്കിയത്.
പ്രതികൾക്കെതിരെ പണംതട്ടൽ, ആയുധക്കടത്ത്, തീവെപ്പ്, മയക്കുമരുന്ന് കടത്ത് തുടങ്ങിയ ഗുരുതരമായ കുറ്റങ്ങൾ ബ്രിട്ടീഷ് കൊളംബിയ പ്രൊസിക്യൂഷൻ സർവീസ് ചുമത്തിയിട്ടുണ്ട്.
സങ്കേത് സിംഗ്ലയും സിമ്രൻജീത് സിംഗും വാഹനങ്ങൾക്ക് തീയിടുകയും പെട്രോൾ ബോംബുകൾ എറിയുകയും ചെയ്തപ്പോൾ സാഹിൽ കൊക്കെയ്ൻ, തോക്കുകൾ എന്നിവ കടത്തിയതിനും കേസ് നേരിടുന്നുണ്ട്. അന്വേഷണത്തിനിടെ നാല് തോക്കുകളും വെടിയുണ്ടകളും ഫെന്റനിൽ, കൊക്കെയ്ൻ, കറുപ്പ് തുടങ്ങിയ മാരക മയക്കുമരുന്നുകളും പോലീസ് പിടിച്ചെടുത്തു.
ബ്രിട്ടീഷ് കൊളംബിയ, ആൽബർട്ട എന്നിവിടങ്ങളിൽ നടന്ന മറ്റു അക്രമങ്ങൾക്കും ഇവർക്ക് പങ്കുണ്ടെന്നാണ് പോലീസിന്റെ നിഗമനം. നിലവിൽ കസ്റ്റഡിയിലുള്ള പ്രതികൾക്കെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്താൻ സാധ്യതയുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.