പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് ഇ.എൻ. സുരേഷ് ബാബുവിനെ മാറ്റി. മുൻ എംഎൽഎ വി. ചെന്താമരാക്ഷനെ പുതിയ സെക്രട്ടറിയായി തെരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം.
നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയും പാർട്ടിയിലെ വിഭാഗീയതയും സംബന്ധിച്ച് ജില്ലാ നേതൃത്വത്തിനെതിരെ യോഗത്തിൽ വിമർശനമുയർന്നു. തൃത്താല, കോങ്ങാട്, ചിറ്റൂർ മണ്ഡലങ്ങളിലെ പരാജയത്തിന് സംഘടനാ പ്രശ്നങ്ങളും പ്രാദേശിക വിഭാഗീയതയും കാരണമായതായി വിലയിരുത്തി. സുരേഷ് ബാബുവിന്റെ നേതൃത്വശൈലിയെയും പെരുമാറ്റത്തെയും കുറിച്ചും വിമർശനമുണ്ടായതായി റിപ്പോർട്ടുകൾ പറയുന്നു.
സുരേഷ് ബാബുവിനെ മാറ്റിയത് ഒരു വനിത നൽകിയ പരാതിയെ തുടർന്നാണെന്ന റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. മോശമായി പെരുമാറിയെന്നാരോപിച്ച് വനിത എം.വി. ഗോവിന്ദന് പരാതി നൽകിയെന്നും ഇത് ജില്ലാ സെക്രട്ടേറിയറ്റ് ചർച്ച ചെയ്തെന്നുമാണ് റിപ്പോർട്ടർ ലൈവിന്റെ റിപ്പോർട്ട്. എന്നാൽ സ്ഥാനമാറ്റത്തിന് വ്യക്തിപരമായ കാരണങ്ങളാണെന്ന് സുരേഷ് ബാബു പറഞ്ഞതായും റിപ്പോർട്ടുണ്ട്. പരാതിയും സ്ഥാനമാറ്റവും തമ്മിലുള്ള ബന്ധം പാർട്ടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
സംഘടനാ പുനഃസംഘടനയുടെ ഭാഗമായി എട്ട് പേരെ ജില്ലാ കമ്മിറ്റിയിൽ ക്ഷണിതാക്കളായും ആറ് ഏരിയാ സെക്രട്ടറിമാരെ പ്രത്യേക ക്ഷണിതാക്കളായും ഉൾപ്പെടുത്തി.
തിരഞ്ഞെടുപ്പ് അവലോകനത്തിന് പിന്നാലെയാണ് മാറ്റം. സമ്മേളന കാലയളവിന് പുറത്തുവച്ച് ജില്ലാ സെക്രട്ടറിയെ മാറ്റുന്നത് അസാധാരണ നടപടിയായാണ് വിലയിരുത്തപ്പെടുന്നത്.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.