ശ്രീലേഖ രാജിവച്ചിട്ടില്ലെന്ന് ബിജെപി; ആരോഗ്യപ്രശ്നങ്ങളെന്ന് എസ്. സുരേഷ്

ശ്രീലേഖ രാജിവച്ചിട്ടില്ലെന്ന് ബിജെപി; ആരോഗ്യപ്രശ്നങ്ങളെന്ന് എസ്. സുരേഷ്

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ ആർ. ശ്രീലേഖ രാജിവച്ചെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി ബിജെപി നേതാവ് എസ്. സുരേഷ്. ശ്രീലേഖ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണെന്നും, ആരോഗ്യപ്രശ്നങ്ങൾ കാരണം ജനപ്രതിനിധി എന്ന നിലയിലുള്ള ചുമതലകൾ വേണ്ടവിധം നിർവഹിക്കാൻ കഴിയുമോ എന്ന ആശങ്കയാണ് പാർട്ടി നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയതെന്നും സുരേഷ് വ്യക്തമാക്കി. 

ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവച്ചിട്ടില്ലെന്നും സുരേഷ് ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു. ആരോഗ്യസ്ഥിതി സംബന്ധിച്ച ആശങ്ക ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തിയത് മാത്രമാണ്. എന്നാൽ വിഷയം മാധ്യമ ചർച്ചയായി മാറുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ശ്രീലേഖ മറ്റേതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ ചേരാൻ ഒരുങ്ങുകയാണെന്നോ, പാർട്ടിയിൽ നിന്ന് സ്ഥാനമോ പദവിയോ ലഭിക്കാത്തതിനെ തുടർന്ന് ബിജെപിയുമായി വിലപേശുകയാണെന്നോ ഉള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും സുരേഷ് ആരോപിച്ചു. ബിജെപിയുടെ കോർപറേഷൻ ഭരണം തകരുമെന്ന തരത്തിലുള്ള പ്രചാരണങ്ങളും യാഥാർഥ്യവുമായി ബന്ധമില്ലാത്തതാണെന്ന് അദ്ദേഹം പറഞ്ഞു.

ബിജെപിയോടുള്ള ശ്രീലേഖയുടെ പ്രതിബദ്ധതയിൽ മാറ്റമില്ലെന്നും സുരേഷ് അവകാശപ്പെട്ടു. കേരളത്തിലെ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയും മുൻ ഡിജിപിയുമായ ശ്രീലേഖയെ കെ. സുരേന്ദ്രനാണ് ബിജെപിയിലേക്ക് കൊണ്ടുവന്നതെന്നും തുടർന്ന് പാർട്ടിയോടുള്ള പ്രതിബദ്ധത അവർ കാത്തുസൂക്ഷിച്ചിട്ടുണ്ടെന്നും സുരേഷ് കുറിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എന്ന നിലയിൽ പ്രവർത്തിക്കുന്ന ശ്രീലേഖ, പാർട്ടി ആവശ്യപ്പെട്ടതനുസരിച്ചാണ് കൗൺസിലർ സ്ഥാനത്തേക്ക് മത്സരിക്കാൻ തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു. ശ്രീലേഖ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റായി തുടരുന്ന കാര്യം മുൻപ് പാർട്ടി നേതൃത്വത്തിന്റെ പ്രഖ്യാപനങ്ങളിലും സ്ഥിരീകരിച്ചിട്ടുണ്ട്. 

പാർട്ടിയുടെ മൂന്ന് ദിവസം നീണ്ട ജില്ലാ പഠനശിബിരത്തിലും ശ്രീലേഖ ഒരു സാധാരണ പ്രവർത്തകയെപ്പോലെ പങ്കെടുത്തിരുന്നുവെന്നും സുരേഷ് പറഞ്ഞു. അഴിമതിക്കെതിരെ നിലപാട് സ്വീകരിച്ചിട്ടുള്ള ശ്രീലേഖയ്ക്ക് അനധികൃത സമ്പാദ്യമില്ലെന്നും സ്വന്തം പെൻഷൻ തുക ഉപയോഗിച്ചാണ് വാർഡിലെ ജനങ്ങളെ സേവിക്കുന്നതെന്നും അദ്ദേഹം കുറിപ്പിൽ അവകാശപ്പെട്ടു.

അതേസമയം, കൗൺസിലർ സ്ഥാനവുമായി ബന്ധപ്പെട്ട് ശ്രീലേഖ രാജിവെക്കുമെന്ന തരത്തിലുള്ള സന്ദേശം ശാസ്തമംഗലം വാർഡ് വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, മേയർ വി.വി. രാജേഷ്, എസ്. സുരേഷ് എന്നിവർ ശ്രീലേഖയുമായി ചർച്ച നടത്തിയിരുന്നു. രാജി പിൻവലിക്കണമെന്ന നിലപാടിലാണ് ബിജെപി നേതൃത്വം എന്നാണ് റിപ്പോർട്ടുകൾ. 

ശ്രീലേഖയുമായി നടത്തിയ കൂടിക്കാഴ്ചയെ ആരോഗ്യപരമായ സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തിയാണ് സുരേഷ് വിശദീകരിച്ചത്. ശ്രീലേഖ പരമ്പരാഗത രാഷ്ട്രീയക്കാരിയല്ലെന്നും ഒരു സ്ത്രീയും അമ്മയുമായ അവർ ജനങ്ങൾക്കൊപ്പം സേവനനിരതയായി തുടരുമെന്നും സുരേഷ് കുറിപ്പിൽ പറഞ്ഞു.

ശ്രീലേഖയ്ക്ക് എത്രയും വേഗം ആരോഗ്യം വീണ്ടെടുക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. താൻ, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ. സോമൻ, ജില്ലാ പ്രസിഡന്റ് കരമന ജയൻ, തിരുവനന്തപുരം മേയർ വി.വി. രാജേഷ് എന്നിവർ ആശുപത്രിയിലെത്തി ശ്രീലേഖയെ സന്ദർശിച്ചതായും സുരേഷ് അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !