ന്യൂഡല്‍ഹി: അമൃത്സർ ശ്രീ ഗുരു രാം ദാസ് ജി അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പ്രവർത്തന മേഖലയ്‌ക്ക് സമീപം സംശയാസ്പദ ഡ്രോണുകള്‍ കണ്ടെത്തിയതിനെ തുടർന്ന് സുരക്ഷാ ഏജൻസികള്‍ അതീവ ജാഗ്രതയില്‍.
ഞായറാഴ്ച രാത്രി 10 മണിയോടെയാണ് രണ്ടുമുതല്‍ നാല് വരെ ഡ്രോണുകളെന്ന് സംശയിക്കുന്ന പറക്കുന്ന വസ്തുക്കള്‍ റണ്‍വേയ്‌ക്ക് സമീപം കണ്ടെത്തിയത്. തുടർന്ന് എയർ ട്രാഫിക് കണ്‍ട്രോള്‍ (ATC) സുരക്ഷാ മുന്നറിയിപ്പ് നല്‍കി.രാജാല ഗ്രാമത്തിന്റെ ഭാഗത്തുനിന്നാണ് പറക്കുന്ന വസ്തുക്കള്‍ വിമാനത്താവളത്തിന് സമീപത്തേക്ക് എത്തിയതെന്നാണ് പ്രാഥമിക വിവരം. റണ്‍വേ ഉള്‍പ്പെടെയുള്ള സെൻസിറ്റീവ് മേഖലകള്‍ക്ക് മുകളിലൂടെ ഏതാനും മിനിറ്റുകള്‍ ഇവ തങ്ങിനിന്നതായും റിപ്പോർട്ടുണ്ട്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി അമൃത്സറിലേക്ക് എത്തേണ്ട ഏഴ് വിമാനങ്ങള്‍ ഡല്‍ഹിയിലേക്കും ചണ്ഡീഗഢിലേക്കും വഴിതിരിച്ചുവിട്ടു.
വഴിതിരിച്ചുവിട്ട വിമാനങ്ങള്‍:
Malaysia Airlines MH-118 — ക്വാലാലംപൂർ-അമൃത്സർ; ഡല്‍ഹിയിലേക്ക് വഴിതിരിച്ചു
IndiGo 6E-5028 — മുംബൈ-അമൃത്സർ; ചണ്ഡീഗഢിലേക്ക് വഴിതിരിച്ചു
IndiGo 6E-2045 — ഡല്‍ഹി-അമൃത്സർ; ചണ്ഡീഗഢിലേക്ക് വഴിതിരിച്ചു
Air India AI-479 — ഡല്‍ഹി-അമൃത്സർ; ഡല്‍ഹിയിലേക്ക് തിരിച്ചുവിട്ടു
Air India AI-855 — ഡല്‍ഹി-അമൃത്സർ; ഡല്‍ഹിയിലേക്ക് തിരിച്ചുപോയി
IndiGo 6E-1428 — ഷാർജ-അമൃത്സർ; ഡല്‍ഹിയിലേക്ക് വഴിതിരിച്ചു
Air India Express IX-138 — ഷാർജ-അമൃത്സർ; ഡല്‍ഹിയിലേക്ക് വഴിതിരിച്ചു
സംഭവത്തെ തുടർന്ന് വിമാനത്താവളത്തിലെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. പറക്കുന്ന വസ്തുക്കളുടെ ഉറവിടവും അവയുടെ സ്വഭാവവും കണ്ടെത്താനുള്ള പരിശോധനകള്‍ തുടരുകയാണ്.
അമൃത്സർ നഗരമധ്യത്തില്‍നിന്ന് ഏകദേശം 11 കിലോമീറ്റർ വടക്കുപടിഞ്ഞാറ് രാജാ സാൻസിയിലാണ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. ഇന്ത്യ-പാകിസ്താൻ അതിർത്തിയില്‍ നിന്ന് 30 കിലോമീറ്ററില്‍ താഴെയാണ് വിമാനത്താവളത്തിന്റെ ആകാശദൂരം. അതിനാല്‍ തന്നെ വിമാനത്താവളത്തിന് സമീപം സംശയാസ്പദ ഡ്രോണുകള്‍ കണ്ടെത്തിയത് സുരക്ഷാ ഏജൻസികള്‍ ഗൗരവത്തോടെയാണ് കാണുന്നത്.
ജമ്മു കശ്മീരിലെ രജൗരി ജില്ലയിലും ഓഗസ്റ്റില്‍ പാകിസ്താനില്‍ നിന്നുള്ളതെന്ന് സംശയിക്കുന്ന ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. നൗഷേര മേഖലയിലെ റുമ്ലിധാരയ്‌ക്ക് സമീപം മൂന്ന് ഡ്രോണുകള്‍ ഇന്ത്യൻ വ്യോമപരിധിയിലേക്ക് കടന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
സൈനികർ ഡ്രോണുകള്‍ കണ്ടെത്തിയതിനെ തുടർന്ന് കൗണ്ടർ ഡ്രോണ്‍ സംവിധാനങ്ങള്‍ സജീവമാക്കിയതോടെ ഇവ അതിർത്തിക്കപ്പുറത്തേക്ക് മടങ്ങിയതായാണ് സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകള്‍. തുടർന്ന് പ്രദേശത്ത് മുൻകരുതല്‍ പരിശോധനയും നടത്തിയിരുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.