ഹരിയാന: ഈ വർഷം ജൂലായ് മാസത്തോടെയാണ് ഇന്ത്യയില്‍ ഹൈഡ്രജൻ ട്രെയിൻ സർവീസ് ആരംഭിച്ചത്. ഹരിയാനയിലെ ജിന്ദ് റെയില്‍വെ സ്‌റ്റേഷനില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ട്രെയിൻ ഫ്ളാഗ്‌ഓഫ് ചെയ്തത്.
ജിന്ദിനും സോനിപ്പത്തിനുമിടയില്‍ 89 കിലോ മീറ്ററാണ് സർവ്വീസ് ആരഭിച്ചത്. അഞ്ച് രൂപ മുതല്‍ പരമാവധി 25 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. പ്രതിദിനം രണ്ടു സർവീസ്. ഇതിന് 300 കിലോഗ്രാം ഹൈഡ്രജൻ വേണ്ടിവരും. ജിന്ദില്‍ ഹൈഡ്രജൻ ഉത്പാദന പ്ലാന്റും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴിതാ, ഹൈഡ്രജൻ ട്രെയിൻ സർവീസില്‍ നിർണായകമായ ഒരു മാറ്റം ഇന്ത്യൻ റെയില്‍വെ നടത്തിയേക്കും.
ജൂലായ് 17ന് ആരംഭിച്ച ഹൈഡ്രജൻ ട്രെയിൻ സർവീസ് വിജയകരമായാണ് സർവീസ് നടത്തുന്നത്. എന്നാല്‍ നിലവില്‍ സർവീസ് നടത്തുന്ന 89 കിലോമീറ്റർ ജിന്ദ്-സോണിപത് റൂട്ടില്‍ യാത്രക്കാരുടെ എണ്ണം കുറഞ്ഞതിനെത്തുടർന്ന് ഹൈഡ്രജൻ പവർ ട്രെയിൻ ഉടൻ ഡല്‍ഹിയിലേക്ക് നീട്ടുമെന്നാണ് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. 2600 പേർക്ക് യാത്ര ചെയ്യാൻ സാധിക്കുന്ന ട്രെയിനില്‍ നിലവില്‍ ഏകദേശം 40 മുതല്‍ 60 വരെ യാത്രക്കാർ സഞ്ചരിക്കുന്നുള്ളൂ എന്നാണ് റിപ്പോർട്ട്.
ഡല്‍ഹി മാർക്കറ്റിന് സമീപമുള്ള ആസാദ്പൂർ സ്റ്റേഷനിലേക്ക് ട്രെയിൻ സർവീസ് നീട്ടാൻ പദ്ധതിയുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. നിലവിലെ റൂട്ടില്‍ യാത്രക്കാരുടെ എണ്ണം കുറവായതിനാല്‍ എല്ലാ ദിവസവും ഒരു റൗണ്ട് ട്രിപ്പ് മാത്രമേ നടത്തുന്നുള്ളൂ. ജിന്ദിനും സോണിപത്തിനും ഇടയില്‍ രണ്ട് റിട്ടേണ്‍ ട്രിപ്പുകള്‍ നടത്തുമെന്നാണ് ആദ്യം പ്രതീക്ഷിച്ചിരുന്നത്.
യാത്രക്കാരുടെ എണ്ണം കുറഞ്ഞതിന് പിന്നില്‍?
മുമ്പ് ഇതേ റൂട്ടില്‍ സർവീസ് നടത്തിയിരുന്ന ഡെമു സർവീസിന് പകരമായാണ് ഹൈഡ്രജൻ ഇന്ധനമായി പ്രവർത്തിക്കുന്ന ഈ ട്രെയിൻ എത്തിയത്. ഡെമു സർവീസിലും താരതമ്യേന കുറഞ്ഞ യാത്രക്കാർ മാത്രമാണുണ്ടായിരുന്നത്. ഹൈഡ്രജൻ ട്രെയിനിന് പുറമെ മൂന്ന് ഡെമു ട്രെയിനുകളും ഈ റൂട്ടില്‍ സർവീസ് നടത്തുന്നുണ്ട്.
ഈ രണ്ട് നഗരങ്ങള്‍ക്കിടയിലും പൊതുവെ ഓഫീസ് ജീവനക്കാർ, വ്യാവസായ തൊഴിലാളികളോ ആയ യാത്രക്കാരുടെ പങ്കാളിത്തം വളരെ കുറവാണ്. അതുകൊണ്ട് ഹൈഡ്രജൻ സർവീസ് ഡല്‍ഹിയിലേക്ക് നീട്ടണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
എന്നാല്‍ 2,600 യാത്രക്കാരെ ഉള്‍ക്കൊള്ളാൻ കഴിയുന്ന 10 കോച്ചുകളുള്ള ഹൈഡ്രജൻ ട്രെയിൻ ഡല്‍ഹിയിലേക്ക് നീട്ടുകയാണെങ്കില്‍ പ്രവർത്തന വെല്ലുവിളികള്‍ ഉണ്ടാകുമെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി.
ഡല്‍ഹിയില്‍ നിന്ന് സർവീസ് നടത്തുന്ന ട്രെയിനുകള്‍ക്ക് റെയില്‍വേ ട്രാക്കുകളിലെ ശേഷി പരിമിതികള്‍ കാരണം വലിയ യാത്രക്കാരെ ഉള്‍ക്കൊള്ളാൻ 18 മുതല്‍ 20 വരെ കോച്ചുകള്‍ ആവശ്യമാണെന്ന് ഉദ്യോഗസ്ഥൻ പറയുന്നു.
എന്നാല്‍ ഇന്ധനശേഷി ഒരു തടസമാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. ഫുള്‍ ടാങ്കില്‍ ട്രെയിനിന് 250 മുതല്‍ 300 കിലോമീറ്റർ വരെ ഓടാൻ കഴിയും. നിലവില്‍ ജിന്ദില്‍ മാത്രമേ ഇന്ധനം നിറയ്ക്കാനുള്ള സൗകര്യമുള്ളൂ. അതുകൊണ്ട് ഒരു ദിശയില്‍ 150 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയും. ജിന്ദിനും ഡല്‍ഹിക്കും ഇടയിലുള്ള ദൂരം 150 കിലോമീറ്ററാണ്.
തദ്ദേശീയമായി വികസിപ്പിച്ചത്
പൂർണമായും തദ്ദേശീയമായി വികസിപ്പിച്ചതാണ് ഹൈഡ്രജൻ എൻജിൻ. പുകയും മലിനീകരണവുമില്ല. ഹൈഡ്രജനും ഓക്സിജനും സംയോജിപ്പിച്ച് എൻജിൻ പ്രവർത്തിക്കാനുള്ള വൈദ്യുതി ഉത്പാദിപ്പിക്കും. ഇതിനുള്ള ഹൈഡ്രജൻ ഫ്യൂവല്‍ സെല്ലും ഇന്ത്യ വികസിപ്പിച്ചതാണ്. ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലായിരുന്നു ഡിസൈനിങ്ങും നിർമാണവും നടന്നത്.
ഫ്രാൻസ്, യു.എസ്, ജപ്പാൻ, ചൈന, ജർമനി എന്നിവരാണ് ഹൈഡ്രജൻ ട്രെയിൻ സർവീസ് നടത്തുന്ന മറ്റ് രാജ്യങ്ങള്‍. ലോകത്തെ ഏറ്റവും ശക്തമായ ഹൈഡ്രജൻ എൻജിനും ഇന്ത്യയടേതാണ്. അഞ്ച് രൂപ മുതല്‍ പരമാവധി 25 രൂപ വരെയാണ് കുറഞ്ഞ ടിക്കറ്റ് നിരക്ക്. പ്രതിദിനം രണ്ടു സർവീസ്. ഇതിന് 300 കിലോഗ്രാം ഹൈഡ്രജൻ വേണ്ടിവരും.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.