ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ അവസാന സൂത്രധാരനെയും വധിച്ച് ഇന്ത്യൻ സൈന്യം നിർണായക നേട്ടം കൈവരിച്ചു.
ജമ്മു കശ്മീരിലെ ബദ്ഗാം ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ നടന്ന ശക്തമായ ഏറ്റുമുട്ടലിൽ ലഷ്കർ-ഇ-തൊയ്ബയുടെ കൊടുംഭീകരനായ മൂസ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി ആരംഭിച്ച സൈനിക ഓപ്പറേഷൻ പുലർച്ചെ വരെ നീണ്ടുനിന്നു. കനത്ത വെടിവെപ്പിനൊടുവിൽ പുലർച്ചെയോടെയാണ് മൂസയെ സൈന്യം വധിച്ചതായി സുരക്ഷാ സേന ഔദ്യോഗികമായി സ്ഥിരീകരിച്ചത്.പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച നാല് ഭീകരരുടെ ദൃശ്യങ്ങളായിരുന്നു നേരത്തെ പുറത്തുവന്നത്. ഇതിൽ രണ്ട് ഭീകരരെ സൈന്യം മുൻപ് ‘ഓപ്പറേഷൻ മഹാദേവ്’ വഴി വധിച്ചിരുന്നു. തുടർന്ന് ബദ്ഗാമിൽ നടന്ന മറ്റൊരു ഏറ്റുമുട്ടലിൽ മൂന്നാമത്തെ ഭീകരനും കൊല്ലപ്പെട്ടു. എന്നാൽ, നാലാമനായ മൂസയെ കണ്ടെത്താൻ സേനയ്ക്ക് സാധിച്ചിരുന്നില്ല
. നീണ്ട തിരച്ചിലുകൾക്കൊടുവിൽ ഇന്നലെ രാത്രിയോടെ ഭീകരന്റെ ഒളിത്താവളം വളഞ്ഞ സൈന്യം കൃത്യമായ ആസൂത്രണത്തിലൂടെ ഇയാളെയും വധിക്കുകയായിരുന്നു. 2022 മുതൽ കശ്മീർ താഴ്‌വരയിൽ നടന്ന വിവിധ ഭീകരാക്രമണങ്ങളുടെ മുഖ്യ ആസൂത്രകനും ലഷ്കർ കമാൻഡറുമായിരുന്നു മൂസ.
ഇയാളുടെ കൊലപാതകത്തോടെ പഹൽഗാം ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച മുഴുവൻ പ്രതികളെയും വധിക്കാൻ സുരക്ഷാ സേനയ്ക്ക് കഴിഞ്ഞു. മേഖലയിലെ മറ്റ് അനുബന്ധ പരിശോധനകളും സുരക്ഷാ നടപടികളും ഇപ്പോഴും പുരോഗമിക്കുകയാണ്.
മൂസയെ വധിച്ചത് ജമ്മു കശ്മീർ പോലീസിനും സുരക്ഷാ സേനയ്ക്കും ലഭിച്ച വലിയ വിജയമാണെന്ന് ബദ്ഗാം എസ്.എസ്.പി.യും മലയാളി ഐ.പി.എസ്. ഉദ്യോഗസ്ഥനുമായ കെ. കെ. ഹരിപ്രസാദ് വ്യക്തമാക്കി. മേഖലയിലെ ഭീകരവാദ പ്രവർത്തനങ്ങൾ ഇല്ലാതാക്കുന്നതിൽ ഈ ദൗത്യം നിർണായക വഴിത്തിരിവാകുമെന്നും അദ്ദേഹം പ്രതികരിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.