നിസാമാബാദ്: ഗർഭിണിയായ സഹോദരിയുടെ മരണത്തിന് പ്രതികാരം ചെയ്യാൻ 19 കാരൻ സഹോദരിയുടെ ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തി. തെലങ്കാനയിലെ നിസാമാബാദില്‍ വ്യാഴാഴ്ച വൈകിട്ടാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
യൂട്യൂബർ സി. വൈഷ്ണവിയുടെ ഭർത്താവ് സി. ഹരിബാബു (20) ആണ് കൊല്ലപ്പെട്ടത്. വൈഷ്ണവിയുടെ സഹോദരൻ ജി. സന്തോഷ് (19) ആണ് കൊലപാതകം നടത്തിയത്. നിസാമാബാദ് ടൗണിലെ ശിവാജിനഗറിലായിരുന്നു ആക്രമണം.പാനിപൂരി വില്‍പ്പന നടത്തുന്ന സ്ഥലത്തിന് സമീപം നില്‍ക്കുകയായിരുന്ന ഹരിബാബുവിനെ കാറിലെത്തിയ സന്തോഷ് വാളുമായി ആക്രമിക്കുകയായിരുന്നു. തലയിലും കഴുത്തിലും ഗുരുതരമായി വെട്ടേറ്റ യുവാവ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
ആക്രമണത്തിന് പിന്നാലെ സന്തോഷ് സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രതിക്കായി അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് നിർണായകമായ സെല്‍ഫി വീഡിയോ പുറത്തുവന്നത്.
സഹോദരിയുടെ മരണത്തിന് പ്രതികാരം ചെയ്തു സെല്‍ഫി വീഡിയോ
കൊലപാതകത്തിന് മണിക്കൂറുകള്‍ക്കകം സന്തോഷ് സമൂഹമാധ്യമങ്ങളിലൂടെ സെല്‍ഫി വീഡിയോ പുറത്തുവിട്ടു. ഹരിബാബുവിനെ കൊലപ്പെടുത്തിയതായും സഹോദരിയുടെ മരണത്തിന് പ്രതികാരം ചെയ്തതായും വീഡിയോയില്‍ സന്തോഷ് പറയുന്നുണ്ട്. നീണ്ട നാളായി കാത്തിരുന്നിട്ടും സഹോദരിക്ക് നീതി ലഭിച്ചില്ലെന്നും അതിനാലാണ് പ്രതികാരം ചെയ്തതെന്നും ഇയാള്‍ വീഡിയോയില്‍ വ്യക്തമാക്കുന്നു. പൊലീസിന് മുന്നില്‍ കീഴടങ്ങുമെന്നും സന്തോഷ് അറിയിച്ചിരുന്നു.
ഒരു വർഷം മുമ്പായിരുന്നു വിവാഹം
ഹരിബാബുവും വൈഷ്ണവിയും ഒരു വർഷം മുമ്പാണ് വിവാഹിതരായത്. വിവാഹശേഷം കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഹരിബാബു വൈഷ്ണവിയെ ഉപദ്രവിച്ചിരുന്നതായി ബന്ധുക്കള്‍ ആരോപിക്കുന്നു.
തുടർന്ന് ഭർത്താവിന്റെ വീട്ടില്‍നിന്ന് മടങ്ങിയ വൈഷ്ണവി ജഗ്തിയാല്‍ ജില്ലയിലെ സ്വന്തം വീട്ടിലായിരുന്നു താമസം. കഴിഞ്ഞ മാർച്ച് 17ന് താൻ ഗർഭിണിയാണെന്ന വിവരം വെളിപ്പെടുത്തി വൈഷ്ണവി യൂട്യൂബില്‍ വീഡിയോ പങ്കുവെച്ചിരുന്നു. സമൂഹമാധ്യമങ്ങളില്‍ പുറത്തുവന്നതില്‍ വൈഷ്ണവിയുടെ അവസാന വീഡിയോയായിരുന്നു ഇത്.
വീഡിയോ പ്രസിദ്ധീകരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ വൈഷ്ണവിയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. കഴുത്തില്‍ ഞെരിച്ചതിന്റെയും നെഞ്ചിലും കഴുത്തിലും മുറിവുകളുടെയും പാടുകള്‍ ശരീരത്തിലുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി.
ഭർത്താവിനെതിരെ നേരത്തെ കേസെടുത്തിരുന്നു
വൈഷ്ണവിയുടെ മരണത്തില്‍ ഹരിബാബുവിനെതിരെ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ജൂലൈയില്‍ കോടതി ഇയാള്‍ക്ക് ജാമ്യം അനുവദിച്ചു. തുടർന്ന് ജയില്‍ മോചിതനായ ഹരിബാബു നിസാമാബാദില്‍ പാനിപൂരിയും ചോളവും വിറ്റാണ് ഉപജീവനം നടത്തിയിരുന്നത്.
ഹരിബാബു പുറത്തിറങ്ങി സ്വതന്ത്രമായി കഴിയുന്നതില്‍ സന്തോഷിന് കടുത്ത അമർഷമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.
വൈഷ്ണവിക്ക് സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്ന ജനപ്രീതിയില്‍ ഹരിബാബുവിന് അസൂയയുണ്ടായിരുന്നുവെന്നും സ്ത്രീധനവുമായി ബന്ധപ്പെട്ട പീഡനമാണ് കൊലപാതകത്തിന് പിന്നിലെന്നും യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.