പിത്തോരാഗഡ്: ഉത്തരാഖണ്ഡിലെ പിത്തോരാഗഡ് ജില്ലയില്‍ 14 വയസ്സുള്ള മകന്റെ അപ്രതീക്ഷിത മരണത്തിന് പിന്നാലെ അമ്മയും ജീവനൊടുക്കി. ജില്ലാ ആസ്ഥാനത്തിന് സമീപമുള്ള മാഡെ ഗ്രാമത്തിലാണ് ഹൃദയഭേദകമായ സംഭവം.
ശനിയാഴ്ച രാവിലെ ആറുമണിയോടെ 14കാരനായ ജതിൻ ജോഷി പതിവ് പ്രഭാത ഓട്ടത്തിനായി ജൗല്‍ഖേത് സ്പോർട്സ് ഗ്രൗണ്ടിലെത്തി. ഓട്ടം പൂർത്തിയാക്കിയതിന് പിന്നാലെ കുട്ടി ഗ്രൗണ്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ അമ്മ പൂനം ജോഷി ജതിനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ആശുപത്രിയിലെത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.പ്രാഥമിക പരിശോധനയില്‍ ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് സൂചന. ഏകമകന്റെ മരണത്തില്‍ തകർന്ന പൂനം കടുത്ത മാനസികാഘാതത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിന് പകരം ഗംഗോലിഹാറ്റിലേക്ക് പോകുകയായിരുന്ന ടാക്സിയില്‍ അവർ കയറി. ഏകദേശം 30 കിലോമീറ്റർ അകലെ ഘട്ടിന് സമീപത്തെത്തിയപ്പോള്‍ വാഹനം നിർത്താൻ ഡ്രൈവറോട് ആവശ്യപ്പെട്ട ശേഷം അവർ സരയൂ നദിയിലേക്ക് ചാടുകയായിരുന്നു.
ടാക്സി ഡ്രൈവറും നാട്ടുകാരും ഉടൻ രക്ഷാപ്രവർത്തനം ആരംഭിക്കുകയും പോലീസിനെ വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് പോലീസും സംസ്ഥാന ദുരന്ത നിവാരണ സേനയായ എസ്.ഡി.ആർ.എഫും ചേർന്ന് നടത്തിയ തിരച്ചിലില്‍ പൂനത്തിന്റെ മൃതദേഹം നദിയില്‍നിന്ന് കണ്ടെത്തി.
രണ്ട് വർഷം മുമ്പ് മകളുടെ മരണവും പൂനത്തിന് നേരിടേണ്ടിവന്നിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. മകന്റെ അപ്രതീക്ഷിത വിയോഗത്തിന് പിന്നാലെയുണ്ടായ അമ്മയുടെ മരണവും കുടുംബത്തെ തകർത്തിരിക്കുകയാണ്.
സംഭവം മാഡെ ഗ്രാമത്തിലും പരിസരപ്രദേശങ്ങളിലും വലിയ ഞെട്ടലാണ് സൃഷ്ടിച്ചത്. ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടത്തിനായി അയച്ചതായി പോലീസ് അറിയിച്ചു. സംഭവത്തില്‍ തുടർനടപടികള്‍ പുരോഗമിക്കുകയാണ്.
ഒറ്റദിവസം അമ്മയെയും മകനെയും നഷ്ടപ്പെട്ടതിന്റെ ആഘാതത്തിലാണ് കുടുംബവും നാട്ടുകാരും. ദുരന്തത്തിന്റെ നടുക്കത്തിലാണ് മാഡെ ഗ്രാമം.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.