കോട്ടയം: 2,000 രൂപയ്ക്ക് മുകളിലുള്ള യു.പി.ഐ വ്യാപാരി ഇടപാടുകൾക്ക് എം.ഡി.ആർ ഫീസ് ചുമത്താനുള്ള തീരുമാനത്തിനെതിരെ കേരള ടെക്സ്റ്റൈൽ ആൻഡ് ഗാർമെന്റ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ (കെ.ടി.ജി.എ) രംഗത്ത്. ഈ തീരുമാനം അടിയന്തരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കെ.ടി.ജി.എ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
ഡിജിറ്റൽ പേയ്‌മെന്റുകൾ പ്രോത്സാഹിപ്പിച്ച് വ്യാപാരികളെ യു.പി.ഐ സംവിധാനത്തിലേക്ക് കൊണ്ടുവന്നതിന് ശേഷം ഫീസ് ഏർപ്പെടുത്തുന്നത് വ്യാപാരികൾക്ക് ഇരുട്ടടിയും കനത്ത സാമ്പത്തിക ബാധ്യതയുമാണെന്ന് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത ജില്ലാ പ്രസിഡന്റ് ജോർജ് കൂടല്ലി വ്യക്തമാക്കി. സാധാരണ ഒരു വസ്ത്രവാങ്ങലിന്റെ തുക പോലും 2,000 രൂപ കടക്കുന്നതിനാൽ ഈ തീരുമാനം വസ്ത്രവ്യാപാര മേഖലയെ സാരമായി ബാധിക്കും. കുറഞ്ഞ ലാഭവിഹിതത്തിൽ പ്രവർത്തിക്കുന്ന ചെറുകിട വ്യാപാരികൾക്ക് ഓരോ ഇടപാടിനും എം.ഡി.ആർ നൽകേണ്ടിവരുന്നത് വലിയ പ്രതിസന്ധിയുണ്ടാക്കും. നിരവധി സാമ്പത്തിക ബാധ്യതകൾ നേരിടുന്ന വ്യാപാരികൾക്ക് യു.പി.ഐ ഇടപാടുകൾക്ക് അധിക ചാർജ് ഏർപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്നും നേതാക്കൾ പറഞ്ഞു. ഡിജിറ്റൽ ഇന്ത്യയുടെ വിജയത്തിനായി വ്യാപാരികൾ പൂർണമായി സഹകരിച്ച സാഹചര്യത്തിൽ, ഡിജിറ്റൽ ഇടപാടുകളുടെ ചെലവ് വ്യാപാരികളുടെ മേൽ അടിച്ചേൽപ്പിക്കുന്ന സമീപനം പുനഃപരിശോധിക്കണം. വ്യാപാര മേഖലയിലെ ആശങ്കകൾ ഗൗരവമായി പരിഗണിച്ച് എം.ഡി.ആർ നടപ്പാക്കാനുള്ള തീരുമാനം അടിയന്തരമായി പിൻവലിക്കണമെന്നും പ്രതിഷേധ സംഗമത്തിൽ നേതാക്കൾ ആവശ്യപ്പെട്ടു.
യോഗത്തിൽ എബി മുണ്ടക്കൽ അധ്യക്ഷത വഹിച്ചു. സാജു തോമസ്, എം.ബി. അമീൻഷാ, സതീഷ് വലിയവീടൻ, പി.കെ. സഫറുള്ള, ജോയ് ജോൺ, നിയാസ് വെള്ളൂപ്പറമ്പിൽ, നിസാർ പ്ലാപ്പള്ളി, രഞ്ജിത്ത് തോമസ്, രാജീ റെജി, ജി. നാഗരാജൻ, ഫെബി രാഗം, റൗഫ് പി.എസ്.പി., പി.ബി. ഗിരീഷ്, ഗോവിന്ദ് വാരിക്കാട്ട് തുടങ്ങിയവർ സംസാരിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.