കൊച്ചി: മൂവാറ്റുപുഴ എം.എൽ.എ മാത്യു കുഴൽനാടന്റെ പൈങ്ങോട്ടൂരിലെ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ നിന്ന് ഇലക്ട്രിക് വയറുകൾ മോഷ്ടിച്ച കേസിൽ അതിഥിത്തൊഴിലാളി അറസ്റ്റിലായി. പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശി ബിഷ്ണു മണ്ഡലാണ് പൊലീസിന്റെ പിടിയിലായത്.
ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. നിർമ്മാണ പ്രവർത്തനങ്ങൾക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന ഏകദേശം 50,000 രൂപ വിലമതിക്കുന്ന ഇലക്ട്രിക് വയറുകളാണ് പ്രതി കവർന്നത്. മോഷണം നടക്കുമ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. വീടിന്റെ മെയിൻ ഇലക്ട്രിക് ബോർഡിലേക്ക് കണക്ട് ചെയ്തു വെച്ചിരുന്ന വയറുകളാണ് പ്രതി അഴിച്ചെടുത്തത്.
വയറുകൾ നഷ്ടപ്പെട്ട വിവരം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മാത്യു കുഴൽനാടൻ എം.എൽ.എ പോത്താനിക്കാട് പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കല്ലൂർക്കാട് പൊലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഉടൻ തന്നെ അന്വേഷണം ആരംഭിച്ചു.
സംഭവസ്ഥലത്ത് വിരലടയാള വിദഗ്ധരും സയന്റിഫിക് ലേബറട്ടറിയിലെ ശാസ്ത്രീയ പരിശോധക സംഘവുമെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിനുപുറമെ പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ഊർജിതമായ അന്വേഷണത്തിനൊടുവിലാണ് മണിക്കൂറുകൾക്കകം പ്രതിയായ ബിഷ്ണു മണ്ഡലിനെ പൊലീസ് പിടികൂടിയത്.
പ്രതിയായ ബിഷ്ണു മണ്ഡൽ മുമ്പും സമാനമായ കവർച്ച കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം. നിർമ്മാണ സൈറ്റുകൾ ലക്ഷ്യമിട്ട് മോഷണം നടത്തുന്ന സംഘത്തിൽപ്പെട്ടയാളാണോ ഇയാൾ എന്നും, സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നും പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.