റിയാദ്:ദക്ഷിണ സൗദിയിലെ നജ്‌റാനിലെ ജനവാസ മേഖല ലക്ഷ്യമാക്കി യെമനിലെ ഹൂതി ഭീകരർ നടത്തിയ പ്രൊജക്റ്റൈൽ ആക്രമണത്തിൽ പ്രവാസികളടക്കം 11 പേർക്ക് പരുക്കേറ്റതായി സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽമാലികി അറിയിച്ചു.
ഗുരുതരമായി പൊള്ളലേറ്റ സ്ത്രീയും നാലുവയസ്സുകാരനും ഉൾപ്പെടെ ഏഴ് സൗദി പൗരന്മാർക്കും രണ്ട് ഈജിപ്തുകാർക്കും ഒരു പാകിസ്ഥാനിക്കും ഒരു യെമൻ പൗരനുമാണ് പരുക്കേറ്റത്. സിവിലിയൻ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഹൂതികൾ നടത്തുന്ന ഇത്തരം ആക്രമണങ്ങൾ താജ്യാന്തര മാനുഷിക നിയമങ്ങളുടെ ലംഘനമാണെന്നും പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ സഖ്യസേന ശക്തമായ പ്രതിരോധ നടപടികൾ തുടരുമെന്നും അൽമാലികി വ്യക്തമാക്കി.
അതേസമയം, മേഖലയിലെ നയതന്ത്ര ശ്രമങ്ങൾ ഫലവത്തായി മുന്നോട്ടുപോകുന്നതിനിടെ സൗദി അറേബ്യയെ ലക്ഷ്യമിട്ട് കൂടുതൽ ആക്രമണങ്ങൾ നടത്താൻ ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ സഹകരണത്തോടെ ഹൂതികളും ഇറാഖിലെ ഇറാൻ അനുകൂല സംഘങ്ങളും ആസൂത്രണം നടത്തുന്നതായി ഇന്റലിജൻസ് റിപ്പോർട്ടുകളുണ്ടെന്ന് സൗദി ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നുണ്ട്.
ഇതിനിടെ യെമനിലെ ഹദ്‌റമൗത്, മാരിബ് മേഖലകളിലെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഹൂതികൾ നടത്തിയ ബാലിസ്റ്റിക് മിസൈൽ-ഡ്രോൺ ആക്രമണങ്ങളിൽ 17 യെമൻ സൈനികർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ജോയിന്റ് ഓപ്പറേഷൻസ് കമാൻഡ് അറിയിച്ചു. അതിർത്തി കടന്നുള്ള ആയുധക്കടത്ത് തടയുന്ന സേനാ വിഭാഗത്തിന് നേരെയാണ് ആക്രമണുണ്ടായത്. സംഭവത്തിൽ അതിശക്തമായ തിരിച്ചടി നൽകുമെന്ന് യെമൻ പ്രസിഡന്റ് റശാദ് അൽഅലീമി വ്യക്തമാക്കി.
അതിനിടെ, മേഖലയിൽ തന്ത്രപ്രധാനമായ നിർണായക നീക്കത്തിന്റെ ഭാഗമായി സൗദി അറേബ്യ, പാകിസ്ഥാൻ, തുർക്കി എന്നീ രാജ്യങ്ങൾ പങ്കാളികളാകുന്ന സംയുക്ത പ്രതിരോധ കരാർ ഇന്ന് ജിദ്ദയിൽ ഒപ്പുവെക്കുമെന്ന് സൂചന. ഒരു വർഷത്തോളമായി തുടരുന്ന ത്രിരാഷ്ട്ര ചർച്ചകൾക്കൊടുവിലാണ് കരാർ അന്തിമഘട്ടത്തിലെത്തിയത്.
കഴിഞ്ഞ വർഷം സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും ഒപ്പുവെച്ച ഉഭയകക്ഷി പ്രതിരോധ കരാറിന്റെ തുടർച്ചയായാണ് തുർക്കിയെക്കൂടി ഉൾപ്പെടുത്തിയുള്ള ഈ പുതിയ നീക്കം. കരാർ ഒപ്പുവെക്കുന്നതുമായി ബന്ധപ്പെട്ട് ജിദ്ദയിൽ നടക്കുന്ന ഉച്ചകോടിയിൽ പങ്കാളികളാകാൻ തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉർദുഗാനും പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സൗദിയിലെത്തും.
പ്രതിരോധ സഹകരണത്തിന് പുറമെ മേഖലയിലെ സുരക്ഷാ സങ്കീർണ്ണതകളും നയതന്ത്ര വിഷയങ്ങളും ഉച്ചകോടിയിൽ ചർച്ചയാകും. മൂന്ന് പ്രമുഖ രാഷ്ട്രങ്ങൾ ഒന്നിക്കുന്ന ഈ പ്രതിരോധ കൂട്ടായ്മ മേഖലയിലെ തന്ത്രപരമായ ശക്തിസമവാക്യങ്ങളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.