കൊൽക്കത്ത: ബംഗ്ലാദേശിലെ നിലവിലെ രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളെക്കുറിച്ച് ശക്തമായ പരാമർശങ്ങളുമായി എഴുത്തുകാരി തസ്ലീമ നസ്രിൻ. തന്റെ ഓർമ്മക്കുറിപ്പായ 'ദ്വിഖണ്ഡിതോ' എന്ന പുസ്തകത്തെച്ചൊല്ലി ഉണ്ടായ പ്രതിഷേധങ്ങളെ തുടർന്ന് 2007-ൽ നഗരം വിടേണ്ടിവന്ന തസ്ലീമ നീണ്ട 19 വർഷങ്ങൾക്കുശേഷം കഴിഞ്ഞ ദിവസമാണ് കൊൽക്കത്തയിൽ തിരിച്ചെത്തിയത്.
ബംഗ്ലാദേശിൽ ഹിന്ദുക്കളും ബുദ്ധമതക്കാരും ക്രിസ്ത്യാനികളും പീഡനം നേരിടുന്നുണ്ടെന്നും അവർ ആരോപിച്ചു. 'ഏറ്റവും അത്യാവശ്യം വിദ്യാഭ്യാസമാണ്. എല്ലാവർക്കും ജീവിക്കാൻ അവകാശമുണ്ട്. കൂടുതൽ ക്ഷേത്രങ്ങളും മദ്രസകളും പണിയുന്നതിന് പകരം വിദ്യാഭ്യാസത്തിന് കൂടുതൽ പ്രാധാന്യം നൽകണം.' അവർ പറഞ്ഞു. ചിന്മയ് കൃഷ്ണ ദാസിന്റെ വിഷയത്തിൽ താൻ പലതവണ പ്രതിഷേധിച്ചിട്ടുണ്ടെന്നും തസ്ലീമ നസ്രിൻ കൂട്ടിച്ചേർത്തു. കഴിഞ്ഞ 40 വർഷമായി താൻ ഏകീകൃത സിവിൽ കോഡിനായി പ്രചാരണം നടത്തുന്നുണ്ടെന്നും അവർ വ്യക്തമാക്കി. 'കഴിഞ്ഞ 40 വർഷമായി ഞാൻ ഏകീകൃത സിവിൽ കോഡിനായി പോരാടുകയാണ്. ഈ ഉപഭൂഖണ്ഡത്തിന് ഒരു ഏകീകൃത സിവിൽ കോഡ് ആവശ്യമാണ്. പ്രത്യേകിച്ച്, സ്ത്രീകൾ മതാധിഷ്ഠിത വ്യക്തിനിയമങ്ങളാൽ ഭരിക്കപ്പെടരുത് എന്നാണ് എന്റെ കാഴ്ചപ്പാട്.' അവർ പറഞ്ഞു. ബംഗ്ലാദേശിന്റെ കാര്യത്തിൽ, പിതാവിന്റെ സ്വത്തിൽ പെൺമക്കൾക്ക് തുല്യമായ അവകാശമില്ല എന്ന കാര്യമടക്കം അവർ ചൂണ്ടിക്കാട്ടി. പല ഹിന്ദു പുരുഷന്മാരും ഒന്നിലധികം വിവാഹങ്ങൾ കഴിക്കുന്നുണ്ടെന്നും എന്നാൽ മതപരമായ നിബന്ധനകൾ കാരണം സ്ത്രീകൾക്ക് വിവാഹമോചനം പോലും നേടാനാവുന്നില്ലെന്നും അവർ പറഞ്ഞു. മതാധിഷ്ഠിത വ്യക്തിനിയമങ്ങൾ സ്ത്രീകളോട് വിവേചനം കാണിക്കുന്നത് തുടരുന്നതിനാൽ തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ബംഗ്ലാദേശിലെ ഹിന്ദു സ്ത്രീകൾക്ക് ഏകീകൃത സിവിൽ കോഡ് ആവശ്യമാണെന്ന് അവർ പറഞ്ഞു. അതേസമയം, ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം ഇനിയും മെച്ചപ്പെടുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും തസ്ലീമ പ്രത്യാശ പ്രകടിപ്പിച്ചു. ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിന് ഇന്ത്യ വലിയ സംഭാവനയാണ് നൽകിയതെന്ന് അവർ പറഞ്ഞു. കൊൽക്കത്തയിലേക്ക് വന്ന സ്ഥിതിക്ക് എപ്പോഴാണ് ബംഗ്ലാദേശിലേക്ക് മടങ്ങുന്നത് എന്ന ചോദ്യത്തിന്, 'അവിടെനിന്ന് ആരും എന്നോട് തിരിച്ചുവരാൻ ആവശ്യപ്പെട്ടിട്ടില്ല. പിന്നെ ഞാൻ എങ്ങനെ എന്റെ രാജ്യത്തേക്ക് തിരിച്ചുപോകും.' എന്നായിരുന്നു അവരുടെ മറുചോദ്യം. അതേസമയം, ഷെയ്ഖ് ഹസീന തിരിച്ചുവരണമെന്നു താൻ ആഗ്രഹിക്കുന്നതായും അവർ വെളിപ്പെടുത്തി.









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.