തിരുവനന്തപുരം:സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുകയും ചിലയിടങ്ങളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ റവന്യൂ മന്ത്രിയുമായും ചീഫ് സെക്രട്ടറിയുമായും ജില്ലാ കളക്ടർമാരുമായും ഫോണിൽ ബന്ധപ്പെട്ടതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് ആണ്. എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ടും. സംസ്ഥാനത്ത് നൂറോളം സ്ഥലങ്ങളിൽ മണ്ണിടിച്ചിലുണ്ടായതായാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുള്ളത്. വിവിധ പ്രദേശങ്ങളിൽ ഗതാഗതം സ്തംഭിക്കുകയും വീടുകളിൽ വെള്ളം കയറുകയും ചെയ്തു. കൊട്ടാരക്കര- ദിണ്ഡിഗൽ ദേശീയപാത, കുട്ടിക്കാനം- മുണ്ടക്കയം റോഡ്, ആലുവ- മൂന്നാർ റോഡ്, കെകെ റോഡ് തുടങ്ങി പ്രധാന പാതകളിലെല്ലാം മണ്ണിടിഞ്ഞ് ഗതാഗത തടസ്സം രൂപപ്പെട്ടിരിക്കുകയാണ്. റാന്നി വെള്ളത്തിൽ മുങ്ങിയതോടെ ഗതാഗതം പൂർണ്ണമായും നിലച്ച അവസ്ഥയിലാണ്. കോഴിക്കോട് ജില്ലയിലെ മലയോരമേഖലകളിൽ ഉൾപ്പെടെ അതിതീവ്ര മഴ തുടരുകയാണ്. കോടഞ്ചേരി പഞ്ചായത്തിലെ പ്രധാന പുഴകളായ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും ജലനിരപ്പ് ആശങ്കയുയർത്തി ഉയരുകയാണ്. ചാലിപ്പുഴ കവിഞ്ഞൊഴുകിയതോടെ ചെമ്പുകടവിലെ പഴയ പാലത്തിനു മുകളിൽ വെള്ളം കയറി. മേഖലയിൽ മഴ ശക്തമായി തുടരുന്നതിനാൽ പുഴയോരങ്ങളിൽ താമസിക്കുന്നവരും യാത്രക്കാരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. കൂരാച്ചുണ്ട്, ചക്കിട്ടപാറ, കട്ടിപ്പാറ മേഖലകളിലും മഴ ശക്തമാണ്. കക്കയം ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിലും ആശങ്ക ഉയർത്തി മഴ തുടരുകയാണ്. നഗരമേഖലകളിലെ റോഡുകളിൽ വലിയ വെളളക്കെട്ടാണുള്ളത്. ശക്തമായ മഴയെ തുടർന്ന് കോഴിക്കോട്-വയനാട് ദേശീയപാതയിൽ ഈങ്ങാപ്പുഴ ഭാഗത്തെ ഗതാഗതം പൂർണമായും നിലച്ചു. പ്രദേശത്ത് മഴ തുടരുന്നതിനാൽ ജലനിരപ്പ് ഉയരുകയും റോഡിലൂടെ സുരക്ഷിതമായി യാത്ര ചെയ്യാനാകാത്ത സാഹചര്യവുമാണ്. അതിനാൽ ഈ ഭാഗത്തേക്കുള്ള യാത്രകൾ അതീവ ജാഗ്രതയോടേയോ പരമാവധി ഒഴിവാക്കിയോ ക്രമീകരിക്കണമെന്ന് അധികൃതർ അറിയിച്ചു. വയനാട് ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കൈതപ്പൊയിൽ-നോളജ് സിറ്റി-കോടഞ്ചേരി വഴിയാണ് നിലവിൽ തിരിച്ചുവിടുന്നത്. അതേസമയം, കോഴിക്കോട് ഭാഗത്ത് നിന്ന് വയനാട്ടിലേക്ക് പോകുന്ന വാഹനങ്ങൾ താമരശ്ശേരി-കൂടത്തായി-മൈക്കാവ്-കോടഞ്ചേരി വഴിയുള്ള ബദൽ പാത ഉപയോഗിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.