കറുകച്ചാൽ ;കറുകച്ചാലിൽ 500 രൂപയുടെ കള്ളനോട്ടുകളുമായി കാപ്പാ കേസ് പ്രതി അലക്സ് തോമസ് പിടിയിലായതിനു പിന്നാലെ, അന്വേഷണം കൂടുതൽ ആളുകളിലേക്ക് നീളുന്നു. അലക്സിനെ ചോദ്യം ചെയ്തതോടെയാണ് കേസിലെ സൂത്രധാരനിലേക്കും മറ്റു കണ്ണികളിലേക്കും അന്വേഷണം നീണ്ടത്.
നാടുകടത്തിയിട്ടും നാട്ടിൽത്തന്നെ അലക്സിന് കള്ളനോട്ടുകൾ എത്തിച്ചത് കാപ്പ നിയമപ്രകാരം ജില്ലയിൽ നിന്ന് നാടുകടത്തിയ മെൽബെർട്ട് എന്നയാളാണെന്നു ചോദ്യം ചെയ്യലിൽ വ്യക്തമായി. ജില്ലാ അതിർത്തി ലംഘിച്ച് കീഴ്‌വായ്പൂര് സ്റ്റേഷൻ പരിധിയിലെ നീലമ്പാറയിലുള്ള ബന്ധുവീട്ടിലായിരുന്നു ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത്.
എന്നാൽ അലക്സ് പിടിയിലായ വാർത്തയറിഞ്ഞതോടെ മെൽബെർട്ട് മുങ്ങി. ഇയാൾ പൊൻകുന്നത്ത് ഉണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന്, ഞായർ പുലർച്ചെ അന്വേഷണ സംഘം പൊൻകുന്നത്തെത്തി. പൊൻകുന്നം ബസ് സ്റ്റാൻഡ് പരിസരത്ത് പൊലീസിനെ കണ്ടതോടെ മെൽബെർട്ട് ഓടാൻ ശ്രമിച്ചു. എന്നാൽ പൊലീസ് സംഘം ഇയാളെ പിന്തുടർന്ന് കീഴടക്കി. ഓട്ടത്തിനിടെ വീണ് മെൽബെർട്ടിന് പരുക്കേറ്റിട്ടുണ്ട്.
നോട്ടുകൾ സൂക്ഷിച്ച സുഹൃത്തും പിടിയിൽ മെൽബെർട്ടിനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൈവശമുണ്ടായിരുന്ന കള്ളനോട്ടുകൾ പൊൻകുന്നത്തെ സുഹൃത്ത് ബിബിനെ ഏൽപിച്ചിട്ടുണ്ടെന്നു ഇയാൾ പറഞ്ഞത്. തുടർന്ന് പൊലീസിന്റെ മറ്റൊരു സംഘം ബിബിനെ കസ്റ്റഡിയിലെടുത്തു. പരിശോധനയിൽ 500 രൂപയുടെ 70 കള്ളനോട്ടുകൾ കൂടി കണ്ടെടുത്തു.
ഇതോടെ കേസിൽ പൊലീസ് കണ്ടെടുത്ത വ്യാജ നോട്ടുകളുടെ എണ്ണം വർധിച്ചു. കേസിൽ മുൻപ് പിടിയിലായ അലക്സിന്റെ സഹോദരൻ ആൽബിൻ (പ്രിൻസ്) എന്നയാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പിടിയിലായ ആൽബിനും ബിബിനും വെൽഡിങ് തൊഴിലാളികളാണ്.കാപ്പ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചതിനു മെൽബെർട്ടിനെതിരെ മറ്റൊരു കേസ് കൂടി റജിസ്റ്റർ ചെയ്തിട്ടുണ്ട്.
അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു. ഡിവൈഎസ്‌പി എസ്.ആഷാദ്, എസ്എച്ച്ഒ എസ്.രാജേഷ്, എസ്ഐമാരായ ടി.എസ്.ജയകൃഷ്ണൻ, ബിജു തോമസ്, സിപിഒമാരായ ബ്രിജിത്ത് കൃഷ്ണ, ആന്റണി വിക്ടർ, ജിബിൻ ലോബോ, സ്വരാജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടിച്ചത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.