കൊച്ചി/മലപ്പുറം:
പൊലീസിന്റെ കണ്ണുവെട്ടിച്ച് സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം വെല്ലുവിളികൾ ഉയർത്തുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കി പൊലീസ്. ഒളിവിൽ കഴിയുന്നതിനിടയിലും പൊലീസിനെ നോക്കുകുത്തിയാക്കി അർജുൻ ആയങ്കി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ സജീവമായിരിക്കുന്നതും, വിപിഎൻ ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് സ്വന്തം ലൊക്കേഷൻ മറയ്ക്കുന്നതും അന്വേഷണ സംഘത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
ഇതിനിടയിൽ, അർജുൻ ആയങ്കി മലപ്പുറം ജില്ലയിലെ എടപ്പാളിൽ എത്തിയതായി പൊലീസിന് നിർണായക വിവരം ലഭിച്ചു. എടപ്പാളിലെ റസ്റ്റോറന്റിൽ നിന്ന് ആയങ്കി ചായയും ഭക്ഷണവും കഴിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തുടർന്ന് നടത്തിയ പരിശോധനയിൽ ആയങ്കിക്ക് ഒളിവിൽ കഴിയാൻ സഹായം നൽകിയ അഞ്ച് പേരെ തിരൂർ ഡിവൈഎസ്പി എ.എം.സിദ്ദീഖിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.
പൊലീസിന്റെ കണ്ണ് വെട്ടിക്കുന്ന 'ആയങ്കി സ്ട്രാറ്റജി'
സിം കാർഡുകൾക്ക് പകരം വൈഫൈയും രഹസ്യ ആപ്പുകളും ഉപയോഗിച്ചാണ് ആയങ്കി കൂട്ടാളികളുമായി ആശയവിനിമയം നടത്തുന്നത്. സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ ഇടാനായി പ്രത്യേക 'പോസ്റ്റുമാൻമാരെയും' ഇയാൾ ഉപയോഗിക്കുന്നുണ്ട്. സ്വർണക്കടത്ത് കേസ് വഴി ഉണ്ടാക്കിയെടുത്ത വിപുലമായ ക്രിമിനൽ ബന്ധങ്ങളും സുഹൃത്തുക്കളുടെ സഹായവുമാണ് ആയങ്കിക്ക് തുണയാകുന്നത്. ഇടയ്ക്കിടെ വാഹനങ്ങൾ മാറിക്കയറിയും അപൂർവ്വ വഴികളിലൂടെ സഞ്ചരിച്ചും ഇയാൾ പൊലീസിനെ നിരന്തരം കബളിപ്പിക്കുകയാണ്. ലൊക്കേഷൻ കണ്ടെത്താൻ സൈബർ സെൽ ശ്രമിക്കുമ്പോഴും, വിപിഎൻ അല്ലെങ്കിൽ ടോർ നെറ്റ്‌വർക്കുകൾ വഴി സ്വന്തം ഐപി അഡ്രസ് മറയ്ക്കുന്നതിനാൽ ട്രാക്കിംഗ് ദുഷ്കരമായി മാറുന്നു.
സൈബർ മാർഗങ്ങളെ മാത്രം ആശ്രയിക്കാതെ മനുഷ്യവിഭവശേഷി പരമാവധി ഉപയോഗിച്ചാണ് പൊലീസിന്റെ ഇപ്പോഴത്തെ നീക്കം. ആയങ്കിയോട് അടുപ്പമുള്ളവരെയും സഹായികളെയും ലക്ഷ്യമിട്ടാണ് അന്വേഷണം. ഇതിന്റെ ഭാഗമായി തിരുവനന്തപുരം, കൊച്ചി, മലപ്പുറം എന്നിവിടങ്ങളിൽ നിന്നായി ഇരുപതിലേറെ കൂട്ടാളികളെ പൊലീസ് ഇതിനകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പ്രതിയെ പിടികൂടാനായി എറണാകുളം റൂറൽ എസ്പി കെ.എസ്.സുദർശന്റെ നിർദേശപ്രകാരം മൂവാറ്റുപുഴ ഡിവൈഎസ്പി കെ.ആർ.മനോജിന്റെ മേൽനോട്ടത്തിൽ ഊന്നുകൽ ഇൻസ്പെക്ടർ ബി.എസ്.ആദർശ് അടങ്ങുന്ന 11 അംഗ സ്പെഷൽ സ്ക്വാഡ് രൂപീകരിച്ച് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ആയങ്കി കീഴടങ്ങാൻ തയാറാണെന്ന് അറിയിച്ചെങ്കിലും, അതിനു മുൻപ് തന്നെ പിടികൂടാനാണ് പൊലീസിന്റെ നീക്കം.
ഒളിവിൽ പോകുന്നതിന് മുൻപ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ സമൂഹമാധ്യമങ്ങളിൽ അപകീർത്തികരമായ കുറിപ്പ് പങ്കുവെച്ച സംഭവത്തിൽ അർജുൻ ആയങ്കിക്കെതിരെ എറണാകുളം റൂറൽ സൈബർ പൊലീസ് വീണ്ടും കേസെടുത്തിട്ടുണ്ട്. പൊതുജനങ്ങൾക്കിടയിൽ സ്പർധ ഉണ്ടാക്കി ലഹള ഉണ്ടാക്കാൻ ലക്ഷ്യമിട്ടാണ് ഈ കുറിപ്പ് പോസ്റ്റ് ചെയ്തതെന്നാണ് എഫ്ഐആറിലുള്ളത്.
"മുട്ടിനു വെടിവച്ചാലും മുട്ടുകുത്തില്ല" എന്ന തരത്തിലുള്ള ആയങ്കിയുടെ വെല്ലുവിളികൾക്ക് പിന്നാലെ, പ്രതിയെ ഉടൻതന്നെ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.