എറണാകുളം: എറണാകുളത്ത് ഹോട്ടൽ മുറിയിൽ താമസിച്ച് വൻതോതിൽ രാസലഹരിമരുന്ന് വിൽപ്പന നടത്തിവന്ന യുവാവും യുവതിയും എക്സൈസിൻ്റെ പിടിയിൽ.
ആലപ്പുഴ കാർത്തികപ്പള്ളി തൃക്കുന്നപ്പുഴ പാണ്ടികശാലയിൽ വീട്ടിൽ മുഹമ്മദ് സാലിഹിൻ്റെ മകൻ മുഹമ്മദ് ഷാഫി (29), ആലപ്പുഴ സ്വദേശിനി സരിത എന്നിവരാണ് അറസ്റ്റിലായത്. പ്രതികളിൽ നിന്ന് വാണിജ്യ അളവിലുള്ള ആകെ 94.032 ഗ്രാം എംഡിഎംഎയും ലഹരി വിൽപ്പനയിലൂടെ ലഭിച്ച 17,770 രൂപയും ഒരു മൊബൈൽ ഫോണും എക്സൈസ് പിടിച്ചെടുത്തു'ഓപ്പറേഷൻ തണ്ടറിൻ്റെ' ഭാഗമായി എറണാകുളം എക്സൈസ് ഇൻസ്പെക്ടർ അഭിരാജിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ വലയിലാക്കിയത്. ബെംഗളൂരുവിൽ നിന്ന് വൻതോതിൽ ലഹരിമരുന്ന് എത്തിച്ച് എറണാകുളത്തെയും ആലപ്പുഴയിലെയും വിവിധ ഭാഗങ്ങളിൽ വിൽപ്പന നടത്തുന്നതാണ് ഇവരുടെ രീതി. കഴിഞ്ഞ കുറച്ച് ആഴ്ചകളായി എക്സൈസ് സംഘം ഇവരെ അതീവ രഹസ്യമായി നിരീക്ഷിച്ചു വരികയായിരുന്നു.
ജൂലൈ 29-ന് പ്രതികൾ ബെംഗളൂരുവിൽ നിന്ന് എംഡിഎംഎയുമായി എറണാകുളത്ത് എത്തിയെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം തിരച്ചിൽ ശക്തമാക്കി. എറണാകുളം സൗത്ത് ഭാഗത്തുള്ള 'ക്വീൻ ഹോട്ടൽ ഇൻ' എന്ന സ്ഥാപനത്തിലെ മുറിയിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് മുഹമ്മദ് ഷാഫി പിടിയിലാകുന്നത്. ഈ മുറിയിൽ നിന്ന് 65.27 ഗ്രാം എംഡിഎംഎ എക്സൈസ് കണ്ടെടുത്തു.
പരിശോധന സമയത്ത് സരിത വിൽപ്പനയ്ക്കായി ലഹരിമരുന്നുമായി ആലപ്പുഴയിലേക്ക് പോയിരിക്കുകയായിരുന്നു. തുടർന്ന് എക്സൈസ് സംഘം എറണാകുളത്ത് വലവിരിച്ച് കാത്തിരിക്കുകയും രാത്രി 10.30-ഓടെ സരിതയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
ചോദ്യം ചെയ്യലിൽ, ആലപ്പുഴയിലെ ഒരു വീട്ടിൽ ലഹരിമരുന്ന് ഒളിപ്പിച്ചിട്ടുണ്ടെന്ന് സരിത സമ്മതിച്ചു. ഉടൻ തന്നെ പ്രതിയുമായി ആലപ്പുഴയിലെത്തിയ എക്സൈസ് സംഘം അവിടെ നടത്തിയ പരിശോധനയിൽ 28.76 ഗ്രാം എംഡിഎംഎ കൂടി കണ്ടെടുത്തു.ഗ്രാമിന് 4000 രൂപ നിരക്കിലാണ് ഇവർ ഉപഭോക്താക്കൾക്ക് എംഡിഎംഎ നൽകിയിരുന്നത്. പ്രതികളിൽ നിന്ന് ലഹരിമരുന്ന് വാങ്ങിയവരെക്കുറിച്ചുള്ള വ്യക്തമായ സൂചനകൾ എക്സൈസിന് ലഭിച്ചിട്ടുണ്ടെന്നും ഇവർ നിലവിൽ നിരീക്ഷണത്തിലാണെന്നും അധികൃതർ അറിയിച്ചു.
പ്രൈവൻ്റീവ് ഓഫീസർ പി ജി അനൂപ്, സിവിൽ എക്സൈസ് ഓഫീസർമാരായ സിദ്ധാർത്ഥ് എസ്, അമൽ, അർജുൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ പ്രിൻസി, ഡ്രൈവർ വിഷ്ണു എന്നിവരും ലഹരിവേട്ട നടത്തിയ എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണന്ന് എക്സൈസ് അറിയിച്ചു.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.