മ്യൂണിക്ക്; ജർമനിയിലെ തടാകത്തിൽ നീന്താനിറങ്ങിയ ഇന്ത്യൻ വിദ്യാർഥി മുങ്ങിമരിച്ചു.
തമിഴ്‌നാട് സ്വദേശിയും ഇൻഗോൾസ്റ്റാഡ് യൂണിവേഴ്സിറ്റി ഓഫ് അപ്ലൈഡ് സയൻസസിലെ ഓട്ടോമോട്ടീവ് എൻജിനീയറിങ് മാസ്റ്റേഴ്സ് വിദ്യാർഥിയുമായ ജെഫ്രിൻ (29) ആണ് മരിച്ചത്. ബവേറിയയിലെ മ്യൂണിക്ക്-ലാംഗ്‌വീഡിലുള്ള പ്രശസ്തമായ ലുസ്സീ തടാകത്തിൽ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം.ഞായറാഴ്ച വൈകുന്നേരം 6.30ഓടെയാണ് ജെഫ്രിൻ തടാകത്തിൽ കുളിക്കാനിറങ്ങിയത്. നീന്തുന്നതിനിടെ പെട്ടെന്ന് അപകടത്തിൽപ്പെട്ട് വെള്ളത്തിനടിയിലേക്ക് താഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തും പ്രദേശവാസികളും രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ശക്തമായ നീരൊഴുക്ക് കാരണം കരയിലെത്തിക്കാൻ സാധിച്ചില്ല.
മ്യൂണിക്കിലുള്ള ഇന്ത്യൻ സുഹൃത്ത് ഉടൻ തന്നെ എമർജൻസി നമ്പറിലേക്ക് വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ജർമൻ ജീവൻരക്ഷാ സേനകളായ ഡിഎൽആർജി, വാസ്സർവാഹ്റ്റ് (Wasserwacht), ഫയർഫോഴ്‌സ്, പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തി. ഹെലികോപ്റ്ററുകളും അത്യാധുനിക സജ്ജീകരണങ്ങളുമുള്ള ഡൈവർമാരെയും ഉപയോഗിച്ച് രണ്ട് മണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇൻഗോൾസ്റ്റാറ്റിൽ താമസിച്ചുവരികയായിരുന്ന ജെഫ്രിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ മ്യൂണിക്കിലെ ഇന്ത്യൻ കോൺസുലേറ്റിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. സംഭവത്തിൽ പൊലീസിന്റെ ‘കമ്മിഷണറേറ്റ് 14’ സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.വേനൽച്ചൂടിൽ ജാഗ്രത വേണമെന്ന് പൊലീസ് അപകടത്തിന്റെ പശ്ചാത്തലത്തിൽ മ്യൂണിക്ക് പൊലീസ് പ്രവാസികൾക്കായി പ്രത്യേക ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. വേനൽക്കാലത്ത് ജർമനിയിലെ തടാകങ്ങളിലും നദികളിലും ഇറങ്ങുമ്പോൾ ജലത്തിന്റെ താപനില വ്യത്യാസവും ആഴവും പ്രത്യേകം ശ്രദ്ധിക്കണമെന്ന് നിർദേശത്തിൽ പറയുന്നു.
നിശ്ചിത സുരക്ഷിത മേഖലകളിൽ (Designated Bathing Areas) മാത്രം നീന്താനിറങ്ങാനും സുരക്ഷാ മുന്നറിയിപ്പുകൾ കർശനമായി പാലിക്കാനും നിർദേശമുണ്ട്. അശ്രദ്ധമായ പെരുമാറ്റം വലിയ അപകടങ്ങൾക്കിടയാക്കുമെന്നും നിർദേശങ്ങൾ പാലിക്കുന്നത് അപകട സാധ്യത ഗണ്യമായി കുറയ്ക്കുമെന്നും അധികൃതർ വ്യക്തമാക്കി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.