പാലാ: രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാധ്യക്ഷയ്ക്കെതിരേയുള്ള അവിശ്വാസ പ്രമേയത്തിന്റെ ഫലമെന്താണെന്ന കാത്തിരിപ്പിന് ഇന്ന് ഉത്തരമാകും.
യു.ഡി.എഫ്. ഭരണത്തിലുള്ള പാലാ നഗരസഭയുടെ അധ്യക്ഷ ദിയ ബിനുവിനെതിരേ പ്രതിപക്ഷമായ ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിന് മൂന്നണികൾപ്പുറത്തേക്ക് പിന്തുണ കിട്ടുമോയെന്ന കാത്തിരിപ്പിലാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ.അവിശ്വാസ പ്രമേയത്തിനെതിരേ വോട്ടുചെയ്യാൻ ആവശ്യപ്പെട്ട് കോൺഗ്രസ് ജില്ലാ നേതൃത്വം ആറ് കൗൺസിലർമാക്കും വിപ്പ് നൽകിയിട്ടുണ്ട്. യു.ഡി.എഫിലെ കേരള കോൺഗ്രസ് ജോസഫ് വിഭാഗവും തങ്ങളുടെ കൗൺസിലർമാർക്ക് വിപ്പ് നൽകിയിട്ടുണ്ട്.
ജില്ലാ യു.ഡി.എഫ്. നേതൃത്വം അവിശ്വാസത്തെ പരാജയപ്പെടുത്താൻ പാർട്ടികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. 14 അംഗ യു.ഡി.എഫിലെ രണ്ടുപേരുടെ പിന്തുണകൂടിയുണ്ടെങ്കിൽ മാത്രമേ ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസം വിജയിക്കുകയുള്ളൂ. മാണി സി. കാപ്പന്റെ പാർട്ടിയായ കെ.ഡി.പി.യുടെ ഏക അംഗവും അവിശ്വാസത്തിനെതിരാണ്. നഗരസഭാധ്യക്ഷ ദിയാ ബിനു ഉൾപ്പെടുന്ന സ്വതന്ത്ര കൂട്ടായ്മയോട് കോൺഗ്രസ് കൗൺസിലർമാരും സ്വതന്ത്ര അംഗമായ ഉപാധ്യക്ഷ മായാ രാഹുലും ഇടഞ്ഞതോടെയാണ് പാലാ നഗരസഭയിൽ ഭരണപക്ഷത്ത് വിള്ളലുണ്ടായത്. ഈ രാഷ്ട്രീയ സാഹചര്യം തങ്ങൾക്കനുകൂലമാക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് ഇടതുപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.
പാർട്ടി വിപ്പ് നൽകിയ സാഹചര്യത്തിൽ കോൺഗ്രസ് കൗൺസിലർമാർ എന്തു നിലപാടെടുക്കുമെന്ന് കാത്തിരുന്ന് കാണണം. നഗരസഭാധ്യക്ഷ ഉൾപ്പെടുന്ന സ്വതന്ത്ര കൂട്ടായ്മയ്ക്കെതിരേ പ്രതിപക്ഷത്തേക്കാൾ ശക്തമായി രംഗത്തുവന്നത് കോൺഗ്രസ് അംഗങ്ങളാണ്. കോൺഗ്രസ് മണ്ഡലം കമ്മിറ്റിയും നഗരസഭാധ്യക്ഷയ്ക്കെതിരേ നിലപാടെടുത്തിരുന്നു. സ്വതന്ത്ര കൂട്ടായ്മയിലെയും കോൺഗ്രസിലെയും അംഗങ്ങൾ തമ്മിൽ വാക്കേറ്റവും പരസ്പരം പോലീസ് കേസുംവരെയുണ്ടായി.
കേസുകൾ നിലനിൽക്കുകയാണ്. ഈ സാഹചര്യത്തിൽ പാർട്ടി വിപ്പനുസരിച്ച് അധ്യക്ഷയെ പിന്തുണയ്ക്കണമോയെന്ന കാര്യത്തിൽ പല കൗൺസിലർമാരും ആശയക്കുഴപ്പത്തിലാണ്. പാർട്ടിയെ പിണക്കാനും മനസ്സില്ല. ചില കോൺഗ്രസ് കൗൺസിലർമാർ പാർട്ടിക്കൊപ്പം നിൽക്കുമെന്ന സൂചന നൽകിയിട്ടുണ്ട്. ചിലർ മനസ്സുതുറക്കാൻ തയ്യാറായില്ല. കോൺഗ്രസ് വിമതയായി രംഗത്തെത്തി സ്വതന്ത്രയായി വിജയിച്ച ഉപാധ്യക്ഷ മായാ രാഹുലും പുളിക്കക്കണ്ടം കുടുംബത്തിന്റെ കടുത്ത വിമർശകയാണ്. ഇവർക്കെതിരേയുള്ള അച്ചടക്ക നടപടി കഴിഞ്ഞ ദിവസം കോൺഗ്രസ് ജില്ലാ നേതൃത്വം പിൻവലിച്ചിരുന്നു.
മായാ രാഹുലിന് വിപ്പ് ബാധകമെല്ലങ്കിലും യു.ഡി.എഫ്. പ്ലാറ്റ് ഫോം വിട്ട് വോട്ടുചെയ്യുമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം. 26 അംഗ കൗൺസിലിൽ 14 പേരുടെ പിന്തുണ വേണം അവിശ്വാസം വിജയിക്കാൻ. ഇടതുപക്ഷത്ത് 12 അംഗങ്ങളുണ്ട്. അവിശ്വാസം സംബന്ധിച്ച് പരസ്യ പ്രതികരണത്തിന് കോൺഗ്രസ് അംഗങ്ങൾ തയ്യാറായിട്ടില്ല. കോൺഗ്രസ് അംഗങ്ങളെടുക്കുന്ന നിലപാടിനൊപ്പം നിൽക്കുമെന്ന് ഉപാധ്യക്ഷ മായാ രാഹുൽ പറഞ്ഞു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.