യുഎഇ :ബഹ്റൈനിലെ ആരോഗ്യ-സാമൂഹിക-വിദ്യാഭ്യാസ രംഗങ്ങളിൽ നാല് പതിറ്റാണ്ടിലേറെ നിറസാന്നിധ്യമായിരുന്ന പ്രമുഖ ഡോക്ടർ ഡോ. പി. വി. ചെറിയാൻ ഇന്നു പുലർച്ചെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു.
ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ നിര്യാണം ബഹ്റൈനിലെ ഇന്ത്യൻ സമൂഹത്തിന് നികത്താനാകാത്ത ഒരു നഷ്ടമാണ്1979-ൽ ബഹ്റൈനിലെത്തിയ ഡോ. ചെറിയാൻ, രാജ്യത്തെ ആരോഗ്യരംഗത്ത് 45 വർഷത്തിലേറെ സേവനമനുഷ്ഠിച്ചു. ബഹ്റൈനിലെ ഏറ്റവും വലിയ സർക്കാർ ആശുപത്രിയായ സൽമാനിയ മെഡിക്കൽ കോംപ്ലെക്സിലെ ലെ അപകട-അടിയന്തര വിഭാഗത്തിൽ (Accident & Emergency) ദീർഘകാലം ചീഫ് റെസിഡന്റായി പ്രവർത്തിച്ച അദ്ദേഹം, ആയിരക്കണക്കിന് രോഗികൾക്ക് ചികിത്സയും അടിയന്തര വൈദ്യസഹായവും നൽകി. തൊഴിൽനൈപുണ്യവും രോഗികളോടുള്ള കരുതലും കൊണ്ട് സഹപ്രവർത്തകരുടെയും പൊതുസമൂഹത്തിന്റെയും ആദരവ് നേടിയ ഡോക്ടറായിരുന്നു അദ്ദേഹം.
വൈദ്യസേവനത്തിനപ്പുറം പ്രവാസി സമൂഹത്തിന്റെ പൊതുജീവിതത്തിലും അദ്ദേഹം ശ്രദ്ധേയമായ പങ്കുവഹിച്ചു. ബഹ്റൈനിലെ ഏറ്റവും വലിയ ഇന്ത്യൻ വിദ്യാഭ്യാസ സ്ഥാപനമായ ഇന്ത്യൻ സ്കൂൾ ബഹ്‌റൈൻറെ ചെയർമാനായി പ്രവർത്തിച്ചിട്ടുണ്ട്.
അദ്ദേഹത്തിന്റെ ഭരണകാലയളവിൽ വിദ്യാലയത്തിന്റെ അക്കാദമിക നിലവാരം ഉയർത്തുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനും ഭരണപരമായ നവീകരണങ്ങൾക്കും നേതൃത്വം നൽകി. സ്കൂൾ മാനേജ്മെന്റിലെ ദീർഘകാല പ്രവർത്തനത്തിലൂടെ ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും വിശ്വാസം നേടിയ വിദ്യാഭ്യാസ പ്രവർത്തകനായിരുന്നു.
ജീവകാരുണ്യ പ്രവർത്തനങ്ങളിലും അദ്ദേഹത്തിന്റെ ഇടപെടൽ ശ്രദ്ധേയമായിരുന്നു. കാൻസർ കെയർ ഗ്രൂപ്പിന്റെ പ്രസിഡന്റെന്ന നിലയിൽ കാൻസർ രോഗികൾക്കായുള്ള സഹായ പദ്ധതികൾ, ആരോഗ്യ ബോധവത്കരണ പ്രവർത്തനങ്ങൾ, മെഡിക്കൽ ക്യാമ്പുകൾ എന്നിവയ്ക്ക് നേതൃത്വം നൽകി. ബഹ്‌റൈൻ മെഡിക്കൽ സൊസൈറ്റി ഉൾപ്പെടെ വിവിധ ആരോഗ്യ സംഘടനകളുമായി സഹകരിച്ച് പൊതുജനാരോഗ്യ മേഖലയിൽ നിരവധി പ്രവർത്തനങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകി.
ബഹ്റൈൻ രാജ്യം ആതിഥേയത്വം വഹിച്ച നിരവധി ദേശീയ-അന്തർദേശീയ പരിപാടികളിൽ മെഡിക്കൽ കോ-ഓർഡിനേറ്ററായും സേവനമനുഷ്ഠിച്ച ഡോ. ചെറിയാൻ, ബഹ്റൈൻ രാജകുടുംബത്തിന്റെ മെഡിക്കൽ സംഘത്തിലും അന്തരിച്ച മുൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ മെഡിക്കൽ ടീമിലും അംഗമായിരുന്നു. ആരോഗ്യരംഗത്തെ മികവിനും സമൂഹത്തിനോടുള്ള പ്രതിബദ്ധതയ്ക്കും അദ്ദേഹം വിവിധ സംഘടനകളിൽ നിന്ന് നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.
ഡോക്ടർ എന്നതിലുപരി സമൂഹത്തിന് എപ്പോഴും ലഭ്യമായിരുന്ന വ്യക്തിത്വമായിരുന്നു ഡോ. ചെറിയാൻ. അടിയന്തര സാഹചര്യങ്ങളിൽ സഹായം ആവശ്യമായ പ്രവാസികൾക്ക് സമയവും സാഹചര്യവും നോക്കാതെ കൈത്താങ്ങായിരുന്ന അദ്ദേഹത്തെ ബഹ്റൈനിലെ വിവിധ തലമുറകളിലുള്ള മലയാളികൾ സ്നേഹത്തോടെയും ആദരവോടെയും ഓർക്കുന്നു.
2024-ൽ ബഹ്റൈനിലെ സേവനജീവിതത്തിന്റെ 45 വർഷം പൂർത്തിയാക്കിയ വേളയിൽ അദ്ദേഹത്തിന്റെ സമഗ്ര സംഭാവനകൾ വിവിധ സംഘടനകൾ ആദരിച്ചിരുന്നു. അതേ വർഷം ബഹ്റൈൻ സർക്കാർ അദ്ദേഹത്തിന് 10 വർഷത്തെ ഗോൾഡൻ വിസയും അനുവദിച്ചു.
അസുഖബാധിതനായി ചികിത്സയ്ക്കായി അടുത്തിടെ കേരളത്തിലെത്തിയിരുന്ന അദ്ദേഹം തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്. വൈദ്യസേവനത്തിലും വിദ്യാഭ്യാസരംഗത്തും പ്രവാസി സമൂഹത്തിന്റെ സാമൂഹിക മുന്നേറ്റത്തിലും അദ്ദേഹം നൽകിയ സംഭാവനകൾ ബഹ്റൈനിലെ ഇന്ത്യൻ സമൂഹത്തിന്റെ ചരിത്രത്തിൽ എന്നും സ്മരിക്കപ്പെടും.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.