കൽപറ്റ :മുത്തങ്ങ സമരത്തിനിടെ കണ്ണൂർ സ്വദേശിയായ പൊലീസുകാരൻ കെ.വി.വിനോദ് കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളെയും വെറുതെവിട്ടു.
പൊലീസുകാരൻ അബ്ദുൾ സലാമിനും വനപാലകർക്കും പരുക്കേറ്റ കേസിൽ 4 പ്രതികൾ കുറ്റക്കാരെന്നു കോടതി കണ്ടെത്തി. 1, 3, 5, 11 എന്നീ പ്രതികളാണ് കുറ്റക്കാർ. ഇവർക്ക് 5 വർഷം കഠിന തടവും 10000രൂപ പിഴയും വിധിച്ചു. 23 മുതൽ 57 വരെയുള്ള പ്രതികൾ നിരപരാധികളാണെന്നും കോടതി പറഞ്ഞു.പൊലീസുകാരനെ വധിക്കാൻ ശ്രമിച്ച കേസിൽ ഗീതാനന്ദൻ, ബിനു, രമേശൻ കോയാലിപ്പുര, അനിൽകുമാർ എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്. വിനോദിനെ കൊലപ്പെടുത്തിയത് രണ്ടാം പ്രതി അശോകനാണ്. ഇയാൾ നേരത്തെ മരിച്ചു. അശോകൻ ആണ് വിനോദിനെ അവസാനം വെട്ടിയത്.ഇതാണ് മരണ കാരണമെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രതി മരിച്ചതിനാൽ ശിക്ഷ വിധിക്കുന്നില്ലെന്നും കോടതി പറഞ്ഞു. ഈ കേസിൽ മറ്റു പ്രതികളുടെ കുറ്റം തെളിയിക്കാൻ ആയില്ല. വിനോദ് വധത്തിൽ ഗൂഡാലോചനയും തെളിഞ്ഞില്ല. അതേസമയം, കേസ് നടത്തിപ്പിൽ തൃപ്തിയില്ലെന്ന് മരിച്ച വിനോദിന്റെ കുടുംബം മാധ്യമങ്ങളോടു പറഞ്ഞു.
പ്രതികളെ ഹാജരാക്കുന്നതിലും കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്നതിലും മരിച്ചവരുടെ വിവരങ്ങൾ ഉറപ്പു വരുത്തുന്നതിലുമുണ്ടായ കാലതാമസം മൂലം കേസ് നീണ്ടുപോയി. എം. ഗീതാനന്ദൻ ഒന്നാം പ്രതിയായ കേസിൽ ആകെ 57 പ്രതികളാണുള്ളത്. ഇതിൽ 13 പേർ മരിച്ചു. ഒരാളെ കാണാനില്ല. ഫോറസ്റ്റർ ശശിധരനെ മാരകമായി പരുക്കേൽപ്പിച്ചു, വനത്തിൽ അതിക്രമിച്ചുകയറൽ, കുറ്റകരമായ ഗൂഢാലോചന, പൊലീസുകാരെ പരുക്കേൽപ്പിക്കൽ തുടങ്ങി 13 കുറ്റങ്ങൾ ഉൾപ്പെടുത്തി ഒറ്റ കേസാക്കിയതാണു കുറ്റപത്രം.
എറണാകുളം സിബിഐ കോടതിയിൽ ആരംഭിച്ച വിചാരണ ഹൈക്കോടതിയുടെ പ്രത്യേക ഉത്തരവിനെ തുടർന്നാണ് കൽപറ്റ ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റിയത്. സിബിഐക്കു വേണ്ടി പ്രോസിക്യൂട്ടർ ബോബി ജോസഫ്, പ്രതികൾക്കു വേണ്ടി അഭിഭാഷകരായ ടി.എം.റഷീദ്, വി.ജി.ലൈജു എന്നിവർ ഹാജരായി.
എന്താണ് മുത്തങ്ങ കേസ്?
അഞ്ചേക്കർ ഭൂമിയെന്ന സർക്കാർ വാഗ്ദാനം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് ജില്ലയിലെ വിവിധ ഗോത്ര ഊരുകളിൽ നിന്നുള്ള 825 കുടുംബങ്ങളിലെ നാലായിരത്തോളം സമരാർഥികൾ 2003 ജനുവരി 5ന് സി.കെ.ജാനുവിന്റെ നേതൃത്വത്തിൽ മുത്തങ്ങ വനം കയ്യേറി ഊര് സ്ഥാപിച്ചതോടെയായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. സമരത്തെ അടിച്ചമർത്താൻ 2003 ഫെബ്രുവരി 19ന് നടത്തിയ വെടിവയ്പ്പിൽ സമരത്തിന്റെ മുൻപന്തിയിലുണ്ടായിരുന്ന ജോഗി മരിച്ചു. ചോരവാർന്ന് ഒരു പൊലീസുകാരനും കൊല്ലപ്പെട്ടു. ഗോത്രമഹാസഭാ നേതാക്കളായ സി.കെ. ജാനുവിന്റെയും എം. ഗീതാനന്ദന്റെയും നേതൃത്വത്തിലായിരുന്നു മുത്തങ്ങ ഭൂസമരം.
ഇനി രണ്ടു കേസുകൾ മുത്തങ്ങ സംഭവവുമായി ബന്ധപ്പെട്ട് ഇനി അവശേഷിക്കുന്നതു മുത്തങ്ങയിൽ നടന്ന ഏറ്റുമുട്ടലുമായി ബന്ധപ്പെട്ടുള്ളതും 27 പേരെ തടഞ്ഞുവച്ചതുമടക്കം 2 കേസുകൾ. ഈ കേസുകളിൽ സി.കെ.ജാനുവാണ് ഒന്നാം പ്രതി. വനംവകുപ്പുമായി ബന്ധപ്പെട്ട് ബത്തേരി കോടതിയിലുണ്ടായിരുന്ന മറ്റു കേസുകളെല്ലാം തള്ളിപ്പോയിരുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.