തിരുവനന്തപുരം: കാപ്പ കേസില്‍ ജയിലില്‍ കഴിയുന്ന വാഴോട്ടുകോണം ബിജെപി കൗണ്‍സിലര്‍ ആര്.സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ച് കോര്പറേഷന് കൗണ്‍സില്‍.
മേയര്‍ വി.വി.രാജേഷ് ആണ് കൗണ്‍സില്‍ അവധി അപേക്ഷ അംഗീകരിച്ച കാര്യം അറിയിച്ചത്. പൗണ്ട് കടവ് സ്വതന്ത്രന്റെ പിന്തുണയോടെ 51 വോട്ടിന് സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ചുവെന്നും മേയര്‍ പറഞ്ഞു. പ്രതിപക്ഷം ബോർഡുകളും മുദ്രാവാക്യങ്ങളുമായി ഹാളിന്റെ നടുത്തളത്തിൽ ഇറങ്ങി.മേയറുടെ കാസ്റ്റിങ് വോട്ടും പൗണ്ട് കടവ് വാര്‍ഡ് സ്വതന്ത്ര കൗണ്‍സിലര്‍ സുധീഷിന്റെ വോട്ടും ഉള്‍പ്പെടെയാണ് 51 വോട്ടിന് സുഗതന്റെ അവധി അപേക്ഷ കൗണ്‍സില്‍ പാസാക്കിയത്.1994 ലെ കേരള മുനിസിപ്പാലിറ്റി നിയമത്തിന്റെ 91ാം വകുപ്പു പ്രകാരം അനുമതിയില്ലാതെ തുടര്‍ച്ചയായി മൂന്നു കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാതിരുന്നാല്‍ അംഗം അയോഗ്യനാകും. സുഗതന് അയോഗ്യനായാല്‍ ഒരു സ്വതന്ത്രന്റെ പിന്തുണയോടെ ഭരിക്കുന്ന ബിജെപിയുടെ കേവലഭൂരിപക്ഷം നഷ്ടമാകുന്ന നിലയാണ് ഉണ്ടായിരുന്നത്. അവധി അപേക്ഷ വോട്ടെടുപ്പില്‍ അംഗീകരിച്ചതോടെ ബിജെപി ഈ വെല്ലുവിളി മറികടന്നു.
ജയിലില്‍ ആയതിനാല്‍ യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നും അവധി അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മേയര്‍ക്ക് സുഗതന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. കൗണ്‍സിലിന്റെ അനുമതിയോടെ 6 മാസം വരെ അവധി അനുവദിക്കാന്‍ മുനിസിപ്പാലിറ്റി നിയമത്തില്‍ വ്യവസ്ഥയുണ്ട്. കാപ്പ കേസില്‍ ജൂണ്‍ 9ന് ആണ് സുഗതന് അറസ്റ്റിലായത്. ഇതിനു മുന്‍പും ശേഷവും നടത്തിയ രണ്ടു കൗണ്‍സില്‍ യോഗങ്ങളില്‍ സുഗതന് പങ്കെടുത്തിട്ടില്ല.
സുഗതനെ ആറുമാസത്തേക്ക് കൗണ്‍സില്‍ യോഗത്തില്‍ ഹാജരാകുന്നതില്‍നിന്ന് ഒഴിവാക്കിയതായി മേയര്‍ അറിയിച്ചു. ആഭ്യന്തരവകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറും മേയര്‍ വി.വി.രാജേഷ് വായിച്ചു. സുഗതന്റെ അവധി അപേക്ഷ കൗണ്‍സില്‍ വോട്ടിനിട്ട് അംഗീകരിച്ചാല്‍ അയോഗ്യത ഒഴിവാക്കാമെന്ന് സര്‍ക്കുലറില്‍ പറഞ്ഞിട്ടുണ്ടെന്നും മേയര്‍ വ്യക്തമാക്കി. ഇതോടെ മുദ്രാവാക്യം വിളികളോടെ പ്രതിപക്ഷം ബഹളം ശക്തമാക്കി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.