ഡബ്ലിന്‍: അയര്‍ലണ്ടിലെ ഹെല്പ് ടു ബൈ പദ്ധതിയെച്ചൊല്ലിയുള്ള വാര്‍ത്തകളും സമൂഹമാധ്യമ പ്രചാരണങ്ങളും കുടിയേറ്റ കുടുംബങ്ങള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിക്കുന്നു.
ഇന്ത്യയിലോ മറ്റേതെങ്കിലും രാജ്യത്തോ വീടുള്ളവര്‍ക്ക് പദ്ധതിയിലൂടെ ലഭിച്ച തുക മുഴുവന്‍ തിരിച്ചടയ്ക്കേണ്ടിവരുമെന്നാണ് വ്യാപകമായ പ്രചാരണം. എന്നാല്‍ വിദേശത്ത് വീടുള്ള എല്ലാവരെയും റവന്യൂ അന്വേഷിക്കുകയാണെന്നോ കുടിയേറ്റക്കാരെ ലക്ഷ്യമിട്ട് പ്രത്യേക നടപടി ആരംഭിച്ചെന്നോ സ്ഥിരീകരിക്കുന്ന ഔദ്യോഗിക വിവരങ്ങളില്ല.വിഷയത്തെ ‘ഫോറിന് ബയേഴ്സ് സ്കാന്‍ഡല്‍ എന്ന പേരില്‍ ഏറ്റവും ശക്തമായി അവതരിപ്പിച്ചത് ഓണ്‍ലൈന്‍ മീഡിയായായ ഗ്രിപ്റ്റസ് ‘ആണ് . അതില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനവും അതിനെ പിന്തുണച്ച ചില വലത് പക്ഷ രാഷ്ട്രീയ-സമൂഹമാധ്യമ പ്രചാരണങ്ങളുമാണ് അനാവശ്യ ആശങ്കയ്ക്ക് തിരി കൊളുത്തിയത്.അയര്‍ലണ്ടിലെ യുവാക്കള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യം വിദേശികള്‍ തട്ടിയെടുക്കുന്നുവെന്നാണ് ഇവരുടെ ആരോപണം. എന്നാല്‍ ലഭ്യമായ റവന്യു കണക്കുകള്‍ അപേക്ഷകരെ ഇന്ത്യക്കാര്‍, നൈജീരിയക്കാര്‍, ബ്രിട്ടീഷുകാര്‍, മടങ്ങിയെത്തിയ ഐറിഷുകാര്‍ എന്നിങ്ങനെയൊന്നും വേര്‍തിരിക്കുന്നില്ല.
അതിനാല്‍ ഇത് ഇന്ത്യക്കാരോ കുടിയേറ്റക്കാരോ ചേര്‍ന്ന് നടത്തിയ വ്യാപക തട്ടിപ്പാണെന്ന അവകാശവാദത്തിന് ഔദ്യോഗിക തെളിവുമില്ല. ഹെല്പ് ടു ബൈ സാധാരണ അര്‍ഥത്തിലുള്ള സര്‍ക്കാര്‍ ഗ്രാന്റല്ല. അയര്‍ലണ്ടില്‍ മുന്‍ വര്‍ഷങ്ങളില്‍ അടച്ച ഇന്‍കം ടാക്സ്, ഡേര്‍ട്ട് എന്നിവയില്‍നിന്ന് പുതിയ വീട് വാങ്ങുന്നതിനോ സ്വന്തമായി വീട് നിര്‍മിക്കുന്നതിനോ തിരികെ ലഭിക്കുന്ന നികുതി റീഫണ്ടാണ്. പരമാവധി 30,000 യൂറോ, വീടിന്റെ വിലയുടെ പത്തു ശതമാനം, അല്ലെങ്കില്‍ അപേക്ഷകന് അടച്ച യോഗ്യമായ നികുതി, ഇവയില്‍ ഏറ്റവും കുറഞ്ഞ തുകയാണ് പദ്ധതിയിലൂടെ ലഭിക്കുക. പദ്ധതിയുടെ പ്രധാന നിബന്ധന അപേക്ഷകന് യഥാര്‍ഥ ഫസ്റ്റ് ടൈം ബയര്‍ ആയിരിക്കണമെന്നതാണ്.
അതായത് അയര്‍ലണ്ടിലോ വിദേശത്തോ മുമ്പ് ഒരു വീടോ അപ്പാര്‍ട്ട്മെന്റോ വാങ്ങുകയോ പണിയുകയോ ചെയ്തിരിക്കരുത്. ഭര്‍ത്താവും ഭാര്യയും ചേര്‍ന്ന് അപേക്ഷിക്കുമ്പോള്‍ ഇരുവരും ഫസ്റ്റ് ടൈം ബയേഴ്സ് ആയിരിക്കണം. ഇന്ത്യയില്‍ മുമ്പ് വാങ്ങിയ വീട് പിന്നീട് വിറ്റുകളഞ്ഞാലും, ഒരിക്കല്‍ വീടുവാങ്ങിയ വ്യക്തിക്ക് സാധാരണയായി ഫസ്റ്റ് ടൈം ബയര്‍ പദവി തിരികെ ലഭിക്കില്ല. എന്നാല്‍ ഇന്ത്യയിലെ മാതാപിതാക്കളുടെ പേരിലുള്ള കുടുംബവീടോ അപേക്ഷകന് മുമ്പ് താമസിച്ചിരുന്ന വീടോ മാത്രം പ്രശ്നമാകില്ല.
അപേക്ഷകന്റെ പേരില്‍ നിയമപരമായ ഉടമസ്ഥതയുണ്ടായിരുന്നോ എന്നതാണ് നിര്‍ണായകം. പാരമ്പര്യമായോ സമ്മാനമായോ ലഭിച്ച സ്വത്തിന്റെ കാര്യത്തിലും, സ്വന്തമായി വാങ്ങിയ വീടിന്റെ കാര്യത്തിലും ഒരേ നിയമമല്ല ബാധകമാകുക. അതിനാല്‍ ഇന്ത്യയില്‍ ഏതെങ്കിലും വീടുമായി ബന്ധമുണ്ടെന്ന ഒറ്റ കാരണത്താല്‍ എല്ലാവരും പദ്ധതിയില്‍നിന്ന് അയോഗ്യരാകുമെന്ന് കരുതേണ്ടതില്ല. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഹെല്പ് ടു ബൈ പദ്ധതിയുമായി ബന്ധപ്പെട്ട് 587 തിരിച്ചടവുകളിലൂടെ ഏകദേശം രണ്ടു മില്യണ്‍ യൂറോ റവന്യൂ വീണ്ടെടുത്തിട്ടുണ്ട്.
എന്നാല്‍ ഈ കേസുകളെല്ലാം വിദേശത്തുള്ള വീടുകള്‍ മറച്ചുവച്ചതുമായി ബന്ധപ്പെട്ടതല്ല. പദ്ധതിയിലൂടെ വാങ്ങിയ വീട്ടില്‍ നിര്‍ബന്ധമായ അഞ്ചുവര്‍ഷം താമസിക്കാതിരിക്കുക, വീട് വില്‍ക്കുക, പ്രധാന താമസസ്ഥലമല്ലാതാക്കുക തുടങ്ങിയ കാരണങ്ങളും തിരിച്ചടവിന് ഇടയാക്കിയിരിക്കാം. കാരണങ്ങളോ അപേക്ഷകരുടെ ദേശീയതയോ അടിസ്ഥാനമാക്കിയുള്ള വിശദമായ കണക്കുകള്‍ പുറത്തുവന്നിട്ടില്ല. വിദേശത്ത് വീട് സ്വന്തമായിരിക്കുന്നത് ഒരു കുറ്റമല്ല.
എന്നാല്‍ നേരത്തെ വീട് വാങ്ങിയിട്ടുണ്ടെന്ന കാര്യം അറിഞ്ഞുകൊണ്ട് മറച്ചുവച്ച് ഫസ്റ്റ് ടൈം ബയര്‍ ആണെന്ന അപേക്ഷാ സമയത്തെ തെറ്റായ ഡിക്ളറേഷനിലൂടെ നികുതി റീഫണ്ട് നേടിയെന്ന് തെളിഞ്ഞാല്‍ തുക തിരിച്ചുപിടിക്കാം. സാഹചര്യത്തിനനുസരിച്ച് പലിശയോ പിഴയോ ആവശ്യപ്പെടാനും സാധ്യതയുണ്ട്. എല്ലാ തെറ്റായ അപേക്ഷകളും സ്വയമേവ ക്രിമിനല്‍ കേസാകില്ല; ബോധപൂര്‍വമായ വഞ്ചന തെളിയുന്ന ഗുരുതര സാഹചര്യങ്ങളിലാണ് കൂടുതല്‍ നിയമനടപടികള്‍ക്ക് സാധ്യതയുണ്ടാവുന്നത്.
ഇന്ത്യയിലെ എല്ലാ വീടുകളുടെയും ഉടമസ്ഥതാവിവരങ്ങള് ‘ഒറ്റ ക്ലിക്കില്‍ അയര്‍ലണ്ടിലെ റവന്യൂവിന് നേരിട്ട് ലഭ്യമാകുന്ന ഏകീകൃത സംവിധാനമൊന്നും ഇപ്പോഴില്ല.”ഇന്ത്യയിലെ എല്ലാ വീടുകളുടെയും വിവരങ്ങള്‍ ഇപ്പോള്‍ തന്നെ റവന്യുവിന്റെ കംപ്യൂട്ടറില്‍ ലഭ്യമാണ്” എന്ന സമൂഹമാധ്യമ വാദം അതിശയോക്തി മാത്രമാണ്. രാജ്യങ്ങള്‍ തമ്മില്‍ ബാങ്ക് അക്കൗണ്ടുകളും നിക്ഷേപവിവരങ്ങളും കൈമാറുന്ന സംവിധാനങ്ങള്‍ നിലവിലുണ്ടെങ്കിലും, എല്ലാ വിദേശ വീടുകളുടെയും ഭൂമിയുടെയും രജിസ്ട്രേഷന് വിവരങ്ങള്‍ സ്വയമേവ അയര്‍ലണ്ടിലേക്ക് എത്തുന്നില്ല.
എന്നാല്‍ പ്രത്യേക നികുതി പരിശോധനയില്‍ വിദേശ വാടകവരുമാനം, വീടുവില്‍പ്പന, ബാങ്ക് ഇടപാടുകള്‍, മോര്‍ട്ട്ഗേജ് രേഖകള്‍ തുടങ്ങിയവയെക്കുറിച്ച് വിശദീകരണം ആവശ്യപ്പെടാന്‍ റവന്യൂവിന് നിയമപരമായ അധികാരമുണ്ട്. അതിനാല്‍തന്നെ ഹെല്പ് ടു ബൈ പദ്ധതി ഉപയോഗിച്ച കുടിയേറ്റ കുടുംബങ്ങള്‍ അനാവശ്യമായി പരിഭ്രാന്തരാകേണ്ട സാഹചര്യമില്ല. ഇന്ത്യയിലെ സ്വത്ത് സ്വന്തം പേരിലായിരുന്നോ, മാതാപിതാക്കളുടെ പേരിലായിരുന്നോ, പാരമ്പര്യമായി ലഭിച്ചതാണോ, മുമ്പ് വാങ്ങി വിറ്റതാണോ തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കുന്ന രേഖകള്‍ സൂക്ഷിച്ചാല്‍ മതി.
റവന്യൂ എന്നെങ്കിലും വിശദീകരണമോ രേഖകളോ ആവശ്യപ്പെട്ടാല്‍ മാത്രം , സ്വന്തം സാഹചര്യത്തിന്റെ യഥാര്‍ഥ വിവരങ്ങള്‍ വ്യക്തമായി നല്‍കുകയാണ് വേണ്ടത്. കുടിയേറ്റക്കാരെ മാത്രം ലക്ഷ്യമിട്ടുകൊണ്ട് ” വലിയൊരു ‘സ്കാം, അന്വേഷണം നടക്കുന്നു” എന്ന സമൂഹമാധ്യമ പ്രചാരണത്തിന് വലിയ വിലയൊന്നും കൊടുക്കേണ്ട ആവശ്യമില്ലതന്നെ

.jpg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.