കോവിഡ് മഹാമാരിയുടെ മറവിൽ സർക്കാർ ഫണ്ട് ഉപയോഗിച്ച് നടന്നത് വൻ സാമ്പത്തിക തട്ടിപ്പും ക്രമക്കേടുകളുമെന്ന് ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ കണ്ടെത്തൽ. ‘ബ്രേക്ക് ദ ചെയിൻ’ കാമ്പയിന്റെ ഭാഗമായി 30 ലക്ഷം രൂപ ചെലവിൽ കിയോസ്കുകൾ വാങ്ങിയതിൽ യാതൊരുവിധ ടെൻഡർ നടപടികളോ എസ്റ്റിമേറ്റോ തയ്യാറാക്കിയിട്ടില്ല.
ഔദ്യോഗിക കരാറുകളില്ലാതെയാണ് ലക്ഷങ്ങൾ ചെലവഴിച്ചത് എന്നത് സർക്കാർ സംവിധാനങ്ങളിലെ അനാസ്ഥയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
സെക്രട്ടേറിയറ്റിലും സർക്കാർ ഓഫീസുകളിലും മാത്രം സ്ഥാപിക്കേണ്ടിയിരുന്ന കിയോസ്കുകൾ, സാമൂഹികസുരക്ഷാ മിഷൻ സ്വന്തം നിലയ്ക്ക് വിതരണക്കാരുമായി ഒത്തുകളിച്ച് സംസ്ഥാനത്തുടനീളം വിതരണം ചെയ്യുകയായിരുന്നു.
പദ്ധതിക്കായി വാങ്ങിയ കിയോസ്കുകൾ, കാമറകൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയൊന്നും സ്റ്റോക്ക് രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടില്ല. വിദേശത്തുനിന്ന് ലഭിച്ച ഉപകരണങ്ങളുടെ കാര്യത്തിലും ഇതേ അനാസ്ഥ തുടർന്നു. ഫലത്തിൽ ഇവ എവിടെയെല്ലാം വിതരണം ചെയ്തു എന്നതിലോ, നിലവിൽ ഉപയോഗത്തിലുണ്ടോ എന്നതിലോ വ്യക്തതയില്ല. പദ്ധതിയുടെ ഓഡിറ്റിങ്ങിനായി സ്വകാര്യ ഏജൻസിയെ തിരഞ്ഞെടുത്തത് പോലും സുതാര്യമായ ടെൻഡറിലൂടെയല്ല, മറിച്ച് മറ്റൊരു സ്വകാര്യ സ്ഥാപനത്തിന്റെ ശുപാർശ പ്രകാരമായിരുന്നു.
പദ്ധതിയുമായി ബന്ധപ്പെട്ട് സമർപ്പിച്ച പല ബില്ലുകളും കൈപ്പടയിൽ എഴുതിയവയാണ്. ഭൂരിഭാഗം ബില്ലുകളിലും ജി.എസ്.ടി രേഖപ്പെടുത്തിയിട്ടില്ലാത്തത് ഇവയുടെ ആധികാരികതയെ ചോദ്യം ചെയ്യുന്നു. നികുതിരഹിത ബില്ലുകൾ മാറി നൽകിയതിലൂടെ സർക്കാരിന് വൻ സാമ്പത്തിക നഷ്ടമുണ്ടായി. കൂടാതെ, ജില്ലാ കോഓർഡിനേറ്റർമാർക്ക് 44.63 ലക്ഷം രൂപയും, സർക്കാർ അനുമതിയില്ലാതെ വിവിധ സ്ഥാപനങ്ങൾക്കായി 33.87 ലക്ഷം രൂപയും അഡ്വാൻസായി നൽകി. ഈ തുകകൾ ചട്ടപ്രകാരം നിശ്ചിത സമയത്തിനകം സെറ്റിൽ ചെയ്തിട്ടുമില്ല.
വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മയും ഈ പദ്ധതിയിൽ പ്രകടമാണ്. സാനിറ്റൈസർ വാങ്ങാൻ ശിശുവികസന വകുപ്പിനെ ചുമതലപ്പെടുത്തിയെങ്കിലും കെ.എസ്.എസ്.എം സ്വന്തം നിലയ്ക്ക് മറ്റ് ഏജൻസികൾക്ക് പണം നൽകി. ആശയവിനിമയ പ്രവർത്തനങ്ങൾക്കായി സി-ഡിറ്റിനെ ചുമതലപ്പെടുത്താൻ നിർദ്ദേശമുണ്ടായിരുന്നെങ്കിലും, അതു മറികടന്ന് സ്വകാര്യ ഏജൻസികൾക്ക് വൻതുക നൽകി. കാമറയും അനുബന്ധ ഉപകരണങ്ങളും വാങ്ങിയ വകയിൽ 1,16,700 രൂപ ചെലവാക്കിയെങ്കിലും ഇവ ഇപ്പോൾ ഉപയോഗശൂന്യമായി കിടക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.