കണ്ണൂർ: മട്ടന്നൂരിനടുത്ത് കൂടാളി കുംഭത്ത് നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് നാലുപേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരുക്കേറ്റു. ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം.
കാസർകോട് മടിക്കൈ കണ്ടംകുട്ടിച്ചാലിലെ റിസ്‌വാൻ, കണ്ണൂർ അലവിൽ കോളനി ഗേറ്റ് മന്നത്തിൽ മൊയ്തീന്റെ മകൻ ഷാൻ സിറാജ്, ന്യൂഡൽഹി സ്വദേശി പരം ഛേത്രി, ഹൈദരാബാദ് സ്വദേശി ഹർഷ് എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ തൃശൂർ സ്വദേശി ആദിത്യ കൃഷ്ണയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ നാല് സുഹൃത്തുക്കൾക്കൊപ്പമാണ് ഷാൻ ബെംഗളൂരുവിൽ നിന്ന് നാട്ടിലേക്ക് പുറപ്പെട്ടത്. ശനിയും ഞായറുമായാണ് വിവാഹം നടക്കുന്നത്. വിവാഹ വീട്ടിൽ നിന്നും അര മണിക്കൂർ ദൂരം മാത്രം ശേഷിക്കെയാണ് കാർ മരത്തിലിടിച്ച് തകർന്നത്. കാർ വെട്ടിപ്പൊളിച്ചാണ് 5 പേരെയും പുറത്തെടുത്തത്.
വിവാഹത്തിന് ധരിക്കാനുള്ള പുത്തൻ വസ്ത്രങ്ങളുൾപ്പെടെ ചിതറിക്കിടക്കുന്നുണ്ടായിരുന്നു. അപകടത്തിൽപ്പെട്ടവരെ ആംബുലൻസുകളിൽ ഉടൻ തന്നെ ആശുപത്രികളിൽ എത്തിച്ചെങ്കിലും മൂന്നുപേർ മരിച്ചു. അപകടശബ്ദം കേട്ടെത്തിയ പരിസരവാസികളാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. മട്ടന്നൂർ പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു.
വഴിയരികിലെ തണൽമരത്തിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം കാരണം എന്നാണ് കരുതുന്നത്. വലിയ വളവുകളുള്ള കൂടാളി കുംഭം സ്ഥിരം അപകടമേഖലയാണെന്ന് നാട്ടുകാർ പറയുന്നു. പഠനം പൂർത്തിയാക്കി രണ്ട് മാസം മുമ്പാണ് ഷാനും സുഹൃത്തുക്കളും ബെംഗളൂരുവിലെ വിവിധ കമ്പനികളിൽ ജോലിയിൽ പ്രവേശിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.