ആലപ്പുഴ: അമ്പലപ്പുഴയിലെ സ്വതന്ത്ര എംഎൽഎ ജി. സുധാകരനും സിപിഎം നേതാക്കളും തമ്മിലുള്ള വാക്‌പോര് രൂക്ഷമായി തുടരുന്നു. സിപിഎം നേതാക്കൾക്കെതിരെ ജി. സുധാകരൻ വീണ്ടും ശക്തമായ വിമർശനമുന്നയിച്ചു.
'പ്രായമായ സിപിഎം നേതാക്കൾ വയോജന പാഠശാലയിൽ പോയി പഠിക്കണം. ജനങ്ങളോട് മര്യാദയ്ക്ക് പെരുമാറാൻ പഠിക്കണം. എതിരാളികളെ അസഭ്യം പറഞ്ഞതുകൊണ്ട് കാര്യമില്ല. അതുകൊണ്ടാണ് മുഴുവൻ തോറ്റത്', ജി.സുധാകരൻ പറഞ്ഞു.
തന്റെ ഓഫീസിലേക്ക് ഇവരെന്തിനാണ് മാർച്ച് നടത്തി ചീത്തവിളിച്ചതെന്നും സുധാകരൻ ചോദിച്ചു. പോലീസും അതിന് കൂട്ട് നിന്നു. ഭരണംമാറിയത് ആലപ്പുഴയിലെ പോലീസ് അറിഞ്ഞിട്ടില്ല. തനിക്ക് ആരുടെയും ആനുകൂല്യം അവകാശമില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു. ശനിയാഴ്ച എം.എൽ.എ.യുടെ ഓഫീസിലേക്കു സി.പി.എം. നടത്തിയ മാർച്ചിൽ, സുധാകരൻ വർഗവഞ്ചകനാണെന്നും ആ സമീപനം തുടർന്നാൽ കൈകാര്യം ചെയ്യുമെന്നും സിപിഎം ജില്ലാസെക്രട്ടറി നാസർ പറഞ്ഞിരുന്നു.
തന്നെ ആരെങ്കിലും ആക്രമിച്ചാൽ അതിനുത്തരവാദി സി.പി.എം. ആലപ്പുഴ ജില്ല സെക്രട്ടറി ആർ. നാസറായിരിക്കുമെന്ന് പിന്നാലെ സുധാകരൻ പറയുകയുണ്ടായി. 'എന്നെ കൈകാര്യം ചെയ്‌തോളൂ. എന്നാൽ, സി.പി.എമ്മിനെ ജനം കൈകാര്യം ചെയ്തുകഴിഞ്ഞു. ജില്ല സെക്രട്ടറി ജനങ്ങളിൽനിന്ന് ഒറ്റപ്പെട്ട നേതാവാണ്.
ജനപിന്തുണ തിരിച്ചുകൊണ്ടുവരാനുള്ള ബൗദ്ധികശേഷിയോ കായികശക്തിയോ ഇല്ലാത്തയാൾ' എന്നും ജി. സുധാകരൻ എം.എൽ.എ. ആലപ്പുഴയിൽ മാധ്യമങ്ങളോടു പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.