ഇ. ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതിക്ക് സർക്കാർ നിയോഗിച്ച നാലംഗ ഉപസമിതിയുടെ അനുകൂല തീരുമാനം. പദ്ധതി നടപ്പാക്കാൻ സാധിക്കുന്നതാണെന്നും ഇതുമായി മുന്നോട്ട് പോകാമെന്നും വിലയിരുത്തിയ ഉപസമിതി, തങ്ങളുടെ അന്തിമ റിപ്പോർട്ട് രണ്ടാഴ്ചയ്ക്കകം മുഖ്യമന്ത്രി വി.ഡി. സതീശന് സമർപ്പിക്കും.
മുൻപ് വലിയ ജനകീയ പ്രതിഷേധങ്ങൾക്ക് വഴിവെച്ച സിൽവർ ലൈൻ പദ്ധതി പോലെയാകില്ല ഇതെന്നും, ഭൂരിഭാഗവും തൂണുകളിലും (എലിവേറ്റഡ്) തുരങ്കങ്ങളിലുമായി പാത കടന്നുപോകുന്നതിനാൽ വലിയ തോതിൽ ഭൂമി ഏറ്റെടുക്കൽ വേണ്ടിവരില്ലെന്നുമാണ് ഉപസമിതിയുടെ പ്രധാന വിലയിരുത്തൽ.
തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 430 കിലോമീറ്റർ ദൂരത്തിൽ നിർദ്ദേശിച്ചിരിക്കുന്ന ഈ റെയിൽ പദ്ധതിയിൽ ആകെ 22 സ്റ്റേഷനുകളാണ് വിഭാവനം ചെയ്തിരിക്കുന്നത്. ആവശ്യത്തിന് മാത്രം സ്ഥലം ഏറ്റെടുക്കുകയും, തൂണുകളുടെ നിർമ്മാണം കഴിഞ്ഞാൽ ആ ഭൂമി വ്യവസ്ഥകളോടെ ഉടമകൾക്ക് തന്നെ തിരികെ നൽകുകയും ചെയ്യുന്ന രീതിയാണ് ഇ. ശ്രീധരൻ മുന്നോട്ടുവെച്ചിട്ടുള്ളത്. പദ്ധതിയുടെ 70 ശതമാനവും എലിവേറ്റഡ് പാതയും 20 ശതമാനം ടണലുകളും ആയിരിക്കും. സുരക്ഷാ കാരണങ്ങളാൽ നെടുമ്പാശ്ശേരി വിമാനത്താവള ഭാഗത്തും എലിവേറ്റഡ് പാതയ്ക്ക് പകരം തുരങ്കപാത നിർദ്ദേശിക്കണമെന്ന് ഉപസമിതി ചൂണ്ടിക്കാട്ടുന്നുണ്ട്. നാല് ചീഫ് എൻജിനീയർമാരുടെ മേൽനോട്ടത്തിൽ ഒരേസമയം ഒൻപത് റീച്ചുകളായി ജോലി ചെയ്താൽ അഞ്ച് വർഷത്തിനകം പദ്ധതി പൂർത്തിയാക്കാനാകും.
കഴിഞ്ഞ മെയ് 29-ന് സെക്രട്ടേറിയറ്റിൽ വെച്ച് ഇ. ശ്രീധരൻ മുഖ്യമന്ത്രി വി.ഡി. സതീശന് നേരിട്ട് സമർപ്പിച്ച പ്രൊപ്പോസലിന്മേൽ ഗതാഗത സെക്രട്ടറി ടി.വി. അനുപമ ഉൾപ്പെടെയുള്ള സമിതിയാണ് പഠനം നടത്തിയത്. പദ്ധതി തുകയുടെ വിനിയോഗം സംബന്ധിച്ചും മറ്റും ഉപസമിതിക്കുണ്ടായിരുന്ന സംശയങ്ങൾക്ക് ശ്രീധരന്റെ നിർദ്ദേശപ്രകാരമെത്തിയ ഉദ്യോഗസ്ഥർ കൃത്യമായ വിശദീകരണം നൽകിയിട്ടുണ്ട്. ഇനി രണ്ട് തവണ കൂടി യോഗം ചേർന്ന ശേഷമായിരിക്കും ഉപസമിതി സർക്കാരിന് അന്തിമ റിപ്പോർട്ട് കൈമാറുക. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് അതിവേഗത്തിൽ എത്തിച്ചേരാൻ മലയാളിക്ക് സാധിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.