പത്തനംതിട്ട: ജില്ലയിൽ രണ്ടു കുട്ടികൾ കൂടി ഷിഗെല്ലയ്ക്കു സമാനമായ രോഗലക്ഷണങ്ങളോടെ ചികിത്സയിൽ. ഇരുവരും കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ കിടത്തിച്ചികിത്സയിലാണ്. ഷിഗെല്ലയാണോ എന്ന് ഉറപ്പിക്കാൻ ഇരുവരുടെയും സാംപിളുകൾ ലാബിലേക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ആറന്മുള പഞ്ചായത്ത് 18ാം വാർഡിൽ എഴിക്കാട് ഉന്നതിയിൽ 10 വയസ്സുകാരിക്കു രോഗം സ്ഥിരീകരിച്ചിരുന്നു. ഈ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. എഴിക്കാട് ഉന്നതിയിൽ രോഗം സ്ഥിരീകരിച്ച കുട്ടിയുടെ വീട്ടിലും സമീപത്തും ശുചീകരണവും ക്ലോറിനേഷനും നടത്തിയിരുന്നു.
കുടുംബാംഗങ്ങൾക്കു രോഗബാധ ലക്ഷണങ്ങളും കണ്ടെത്താനായിരുന്നില്ല. എന്നാൽ മറ്റിടങ്ങളിൽ നിന്നുള്ള, പ്രായപൂർത്തിയാകാത്ത രണ്ടു പേർക്കു ഷിഗെല്ലയ്ക്കു സമാനമായ രോഗലക്ഷണം കണ്ടെത്തുകയായിരുന്നു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.
പഴകിയ പൊറോട്ട കഴിച്ചതിൽ നിന്നാണു രോഗബാധയുണ്ടായതെന്നു കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ഹോട്ടലുകളിൽ വിപുലമായ പരിശോധന നടത്തും.
പത്തനംതിട്ട ജില്ലയിൽ 4 ദിവസത്തിനിടെ മാത്രം 40 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മൂന്ന് പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. 25 പേർക്ക് ഇൻഫ്ലുവൻസയും സ്ഥിരീകരിച്ചു. ദിവസവും അഞ്ഞൂറോളം ആളുകളാണു ജില്ലയിലെ വിവിധ ആശുപത്രികളിലായി പനി ലക്ഷണങ്ങളോടെ ചികിത്സ തേടുന്നത്. ഇതിൽ പത്തോളം പേരെ ഡെങ്കിപ്പനിക്കു സമാനമായ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിലാക്കുന്നുമുണ്ട്. ഇടവിട്ടു മഴ പെയ്യുന്നതാണു കൊതുകു കൂടാനിടയാക്കുന്നത്. ഇതിലൂടെ കൊതുകുജന്യ രോഗമായ ഡെങ്കിപ്പനിയും കൂടുന്നു. മലിനജലം വഴിയാണ് എലിപ്പനി പടരുന്നത്.
ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ച എഴിക്കാട് ഉന്നതിയിൽ ആരോഗ്യവകുപ്പ് പ്രത്യേക ക്യാംപ് സംഘടിപ്പിക്കും. പകർച്ചവ്യാധി കൂടുതലായുള്ള കോന്നിയിലെ തേക്കുതോട്, തണ്ണിത്തോട് പ്രദേശങ്ങളിലും ക്യാംപ് സംഘടിപ്പിക്കും. വനാതിർത്തിയിലെ പ്രദേശങ്ങളിലും കൂടുതൽ ശ്രദ്ധ നൽകും. കിണറുകൾ ക്ലോറിനേഷൻ നടത്തും. എല്ലാ ആഴ്ചയിലും ജില്ലയിലെ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. എംഎൽഎമാരായ പഴകുളം മധു, അബിൻ വർക്കി, കെ.യു.ജനീഷ് കുമാർ, സി.വി.ശാന്തകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, കലക്ടർ എ.നിസാമുദ്ദീൻ, ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. എൽ.അനിതകുമാരി എന്നിവർ പ്രസംഗിച്ചു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.